Thursday, February 10, 2022

ലതാ മങ്കേഷ്‌കറിന്റെ പേരില്‍ സംഗീത കോളേജ്

മുംബൈ: അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിന്റെ പേരിൽ മുംബൈയിൽ ഒരു അന്താരാഷ്ട്ര സംഗീത കോളേജ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. ഭാരത് രത്നാ ലതാ ദീനാനാഥ് മങ്കേഷ്കർ ഇന്റർനാഷണൽ മ്യൂസിക് കോളേജ് എന്നായിരിക്കും സ്ഥാപനത്തിന്റെ പേരെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഉദയ് സാവന്ത് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ലതാ മങ്കേഷ്കർ ബ്രീച്ച് കാൻഡി ആശുപത്രിയിൽ കോവിഡാനന്തര പ്രശ്നങ്ങളെത്തുടർന്ന് അന്തരിച്ചത്. മുംബൈ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന കലീനയിൽ ആയിരിക്കും കോളേജ് സ്ഥാപിക്കുക. ഒന്നരവർഷം മുമ്പ് മാസ്റ്റർ ദീനാനാഥ് മങ്കേഷ്കർ ഇന്റർനാഷണൽ മ്യൂസിക് കോളേജ് കലീനയിൽ സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ലതാ മങ്കേഷ്കറുടെ സഹോദരൻ ഹൃദയനാഥ് മങ്കേഷ്കറുടെ നേതൃത്വത്തിൽ ഇതിനായി ഒരു കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. ലതയുടെ സഹോദരി ഉഷാ മങ്കേഷ്കർ, ആദിനാഥ് മങ്കേഷ്കർ, സക്കീർ ഹുസൈൻ, എ.ആർ. റഹ്മാൻ, സുരേഷ് വാഡ്കർ തുടങ്ങി നിരവധി പ്രമുഖർ കമ്മിറ്റി അംഗങ്ങളായിരുന്നു. ലതാ മങ്കേഷ്കറുടെ നേതൃത്വത്തിൽ ഇതിനായി ഒരു സർവേയും നടത്തിയിരുന്നു. അതിനിടയിലാണ് ലതാ മങ്കേഷ്കറുടെ മരണം. തുടർന്ന് ഇവരുടെ കുടുംബവുമായി സംസാരിച്ചതിനെത്തുടർന്നാണ് കോളേജ് ലതാ മങ്കേഷ്കറുടെ പേരിൽ തുടങ്ങാൻ തീരുമാനിച്ചതെന്നും മന്ത്രി ഉദയ് സാവന്ത് പറഞ്ഞു. കോളേജിനോടനുബന്ധിച്ച് അന്താരാഷ്ട്രനിലയിലുള്ള മ്യൂസിയവും നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Lata Mangeshkar, International Music College to be named after the singer

from movies and music rss https://ift.tt/XD8UCur
via IFTTT

No comments:

Post a Comment