Sunday, December 3, 2017

സ്വപ്‌നങ്ങളൊക്കെയും പങ്കുവയ്ക്കാം എന്ന ഹിറ്റ്ഗാനം കാണാന്‍ പറ്റാതിരുന്നത് എന്തുകൊണ്ട്?

സ്വന്തം പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരി ഓട്ടോഗ്രാഫായി കുറിച്ചുതരണമെന്ന് ആരാധകന്റെ വിനീതമായ അപേക്ഷ. നിശ്ശബ്ദനായി എന്തോ ചിന്തിച്ചിരുന്ന ശേഷം കീശയിൽനിന്ന് പേനയെടുത്ത് തെല്ലു വിറയാർന്ന അക്ഷരങ്ങളിൽ പുസ്തകത്തിന്റെ ആദ്യതാളിൽ ഭാസ്കരൻ മാഷ് എഴുതി: സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം. കോഴിക്കോട് അളകാപുരിയിലെ ചെമ്പക കോട്ടേജിൽവച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ നിന്ന് ഓർമയിൽ ഇന്നവശേഷിക്കുന്നത് പ്രതീക്ഷാഭരിതമായ ആ വരികളാണ്. നാഴൂരിപ്പാല് എന്ന ഗാനസമാഹാര പുസ്തകത്തിൽ മാഷിന്റെ ഒരു കൈയൊപ്പ് പതിച്ചുകിട്ടാൻ വേണ്ടി കൂടെ വന്നതായിരുന്നു അധ്യാപകൻകൂടിയായ സുഹൃത്ത്. പ്രിയഗാനത്തിന്റെ വരികളെഴുതി ചുവട്ടിൽ ഒപ്പിട്ട് പുസ്തകം ആരാധകന് തിരിച്ചുകൊടുത്ത മാഷോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല: എന്താണീ വരികളോട് ഇത്ര സ്നേഹം? കട്ടിയുള്ള കണ്ണടച്ചില്ലിലൂടെ ഞങ്ങളെ നോക്കി ഹൃദ്യമായി ചിരിച്ചു മാഷ്. എന്നിട്ടുപറഞ്ഞു: രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളല്ലേ? സ്വപ്നവും ദുഃഖവും? സ്വാനുഭവത്തിൽ നിന്നെഴുതുമ്പോൾ കവിതകളോടും ഗാനങ്ങളോടും അൽപ്പം സ്നേഹം കൂടും. ഈയിടെ ഈ പാട്ടിന്റെ ഇംഗ്ലീഷ് തർജമ ഒരാൾ അയച്ചുതന്നു. വായിച്ചുനോക്കിയപ്പോൾ കൊള്ളാം, ഈ ആശയത്തിന് ഒരു സാർവജനീനത ഉണ്ടല്ലോ എന്നുതോന്നി... ഷൂട്ടിങ് തുടങ്ങുംമുൻപേ മൃതിയടഞ്ഞ കാണാൻ കൊതിച്ച് എന്ന സിനിമയ്ക്കുവേണ്ടി 1985ൽ റെക്കോഡ് ചെയ്യപ്പെട്ട ആ ഗാനവുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരെ ഇന്നും പതിവായി കണ്ടുമുട്ടാറുണ്ട് സംഗീതസംവിധായകൻ വിദ്യാധരൻ. അത് ചിട്ടപ്പെടുത്തിയത് താനാണെന്നുപോലും അറിയാത്ത സാധാരണ മനുഷ്യർ. പലരുടെയും ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച പാട്ടാണതെന്ന് പറഞ്ഞുകേൾക്കുമ്പോൾ അദ്ഭുതം തോന്നും. പുറത്തിറങ്ങാതെപോയ ഒരു സിനിമയിലെ പാട്ട് മൂന്ന് പതിറ്റാണ്ടിന് ശേഷവും എത്രയോ പേരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു എന്നതുതന്നെ വലിയൊരു അംഗീകാരമല്ലേ. പുതിയ തലമുറ പോലും ആ വരികൾ ഏറ്റുപാടുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ഭാസ്കരൻ മാഷെ മനസ്സുകൊണ്ട് അറിയാതെ നമിച്ചുപോകും വിദ്യാധരൻ. വർഷങ്ങളോളം മാഷ് ഈ വരികൾ ഓട്ടോഗ്രാഫായി എഴുതിക്കൊടുത്തിരുന്നു. എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിയതുകൊണ്ടാവുമല്ലോ അത്. മാത്രമല്ല, അക്കാലത്തെ എല്ലാ വിവാഹ വീഡിയോകളുടെയും പശ്ചാത്തലത്തിൽ ഈ പാട്ട് നിർബന്ധമായിരുന്നു. കുടുംബജീവിതത്തെക്കുറിച്ചുള്ള ഉദാത്തമായ ഒരു സങ്കൽപം അതിലുള്ളതുകൊണ്ടാവാം. കർമ പ്രപഞ്ചത്തിൽ ജീവിതയാത്രയിൽ നമ്മളെ നമ്മൾക്കായ് പങ്കുവയ്ക്കാം എന്ന വരിയോടെയാണ് ആ പാട്ട് മാഷ് അവസാനിപ്പിക്കുന്നത്. അതിലും വലിയൊരു വിവാഹവാഗ്ദാനമുണ്ടോ? റേഡിയോയിൽ ഇന്നും ഏറ്റവും ആവശ്യക്കാരുള്ള പാട്ടുകളിൽ ഒന്നാണ് സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം. കേൾക്കാനേ കഴിയൂ അത്; കാണാൻ പറ്റില്ല എന്ന് മാത്രം. ദൃശ്യാവിഷ്കാരം ഇല്ലാത്തതാണ് കാരണം. സിനിമ വെളിച്ചം കാണാതെ പോയിട്ടും സൂപ്പർ ഹിറ്റായിത്തീർന്ന ഗാനങ്ങൾ നിരവധിയുണ്ടല്ലോ മലയാള സിനിമാ ചരിത്രത്തിൽ. ഹൃദയം ദേവാലയം (തെരുവുഗീതം), പാദരേണു തേടി അലഞ്ഞു, ഒരുനാൾ വിശന്നേറെ (ദേവദാസി), കുടജാദ്രിയിൽ കുടികൊള്ളും (നീലക്കടമ്പ്), പൂവല്ലാ പൂന്തളിരല്ലാ (കാട്ടുപോത്ത്), യവനകഥയിൽ (അന്ന), തുമ്പപ്പൂവിൽ ഉണർന്നൂ വാസരം (അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്), ഇന്ദുസുന്ദര സുസ്മിതം (മയിൽപ്പീലി).... അങ്ങനെയങ്ങനെ. അക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു സ്വപ്നങ്ങളൊക്കെയും. പാട്ടിന്റെ ആശയം ഒരളവോളം കാലഹരണപ്പെട്ടു എന്നത് സത്യംതന്നെ. ദാമ്പത്യത്തെക്കുറിച്ചുള്ള മലയാളിയുടെ സങ്കൽപങ്ങൾ തന്നെ മാറിയില്ലേ? എങ്കിലും പുതിയ തലമുറയെ സംബന്ധിച്ച് ഒരു തിരിച്ചറിവാണ് സ്വപ്നങ്ങളൊക്കെയും. ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമുക്ക് എന്ന് ഓർമപ്പെടുത്തുന്ന ഗാനം. ദൃശ്യവത്കരിക്കപ്പെടാത്ത പാട്ടുകൾക്ക് മറ്റൊരു അപാരസാധ്യത കൂടിയുണ്ട്. ആർക്കും സ്വന്തം ഇഷ്ടപ്രകാരം അത് മനസ്സിൽ വിഷ്വലൈസ് ചെയ്യാം. ഒരു നടന്റെയും നടിയുടെയും മുഖം ആ പാട്ടിനൊപ്പം ഓർമയിൽ തെളിയില്ല. ഇന്ന് കാണുമ്പോൾ പലപ്പോഴും അരോചകമായി തോന്നുന്ന 1980കളിലെ ഗാനചിത്രീകരണ ശൈലിയിൽനിന്ന് ഈ ഗാനം രക്ഷപ്പെട്ടു എന്നതും ആശ്വാസകരം. കെ. സുകു (പിൽക്കാലത്ത് കളഭമഴ എന്ന ചിത്രം ഒരുക്കിയ സുകു മേനോൻ തന്നെ) സംവിധാനം ചെയ്യേണ്ടിയിരുന്ന പടമായിരുന്നു കാണാൻ കൊതിച്ച്. ലോഹിതദാസിന്റെ ആദ്യ തിരക്കഥയിൽ നിന്ന് പിറക്കേണ്ടിയിരുന്ന സിനിമ. തൃശ്ശൂർ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ ലാബ് ടെക്നീഷ്യനായിരുന്ന ലോഹിയെ സംവിധായകൻ സുന്ദർദാസ് വഴി പരിചയപ്പെട്ടതാണ് സുകു മേനോൻ. ഭാരതീയ സാഹിത്യത്തിലെയും വിശ്വസാഹിത്യത്തിലെയും ക്ളാസിക്കുകളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഇഷ്ടപ്പെട്ടു സുകു മേനോന്. എന്റെ മനസ്സിൽ അന്നൊരു സിനിമാക്കഥയുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥ. ആ ആശയം തിരക്കഥാരൂപമാക്കാൻ ലോഹിയെ ഏൽപിക്കുകയിരുന്നു ഞാൻ. തൃശ്ശൂർ എലൈറ്റ് ഹോട്ടലിലിരുന്നാണ് എഴുത്ത്. ഒരാഴ്ച കഴിഞ്ഞപ്പോൾ ലോഹി എന്നെ കാണാൻ വന്നു. നിരാശനായാണ് വരവ്. സ്ക്രിപ്റ്റ് എഴുതിത്തീരാറായിരുന്നെങ്കിലും തൃപ്തി പോരാ അദ്ദേഹത്തിന്. താൻ ഉദ്ദേശിച്ച പൂർണത കൊണ്ടുവരാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത്. ഇനിയും സമയം വേണമെന്നും. സിനിമയിൽ ഒരൊറ്റ പാട്ടാണ് സുകു മേനോൻ ഉദ്ദേശിച്ചിരുന്നത്. പടത്തിന്റെ ആത്മാവായി മാറണം ആ പാട്ട്. തീവ്രമായ പ്രണയം പലവിധ തടസ്സങ്ങൾക്കൊടുവിൽ വിവാഹത്തിൽ കലാശിക്കുമ്പോൾ പശ്ചാത്തലത്തിൽ ഉയരേണ്ട ആശംസാഗാനമാണ്. സാഹിത്യ അക്കാദമിയുടെ എന്തോ മീറ്റിങ്ങിനായി അന്ന് തൃശ്ശൂരിലുണ്ട് പി. ഭാസ്കരൻ. എങ്കിൽപ്പിന്നെ മാഷെക്കൊണ്ടുതന്നെ പാട്ടെഴുതിക്കാം എന്ന് തീരുമാനിക്കുന്നു സംവിധായകൻ. സംഗീത സംവിധായകനായി താരതമ്യേന പുതിയൊരു ആൾ വേണമെന്നാണ് ആഗ്രഹം. എന്റെ ഗ്രാമത്തിൽ വിദ്യാധരൻ ചിട്ടപ്പെടുത്തിയ കൽപ്പാന്തകാലത്തോളം എന്ന പാട്ട് ഹിറ്റായി നിൽക്കുന്ന സമയം. നേരത്തെ അഷ്ടപദിയിൽ ഭാസ്കരൻ മാഷിന്റെ വരികൾക്ക് ഈണം പകർന്നിട്ടുണ്ട് വിദ്യാധരൻ. വിണ്ണിന്റെ വിരിമാറിൽ എന്ന പാട്ട് ഭേദപ്പെട്ട ഹിറ്റുമായിരുന്നു. പുതിയപടത്തിൽ ആ കൂട്ടുകെട്ടിനെ ഒരിക്കൽക്കൂടി പരീക്ഷിക്കാൻ തീരുമാനിക്കുന്നു സുകു മേനോൻ. തൃശ്ശൂർ ബിനി ടൂറിസ്റ്റ് ഹോമിന്റെ ഒന്നാം നിലയിലെ മുറിയിലാണ് കമ്പോസിങ്. ഭാസ്കരൻ മാഷിന്റെ കൂടെയുള്ള പാട്ടുണ്ടാക്കൽ ഒരു സംഭവമാണ്. വിദ്യാധരൻ ഓർക്കുന്നു. വലിയൊരു സൗഹൃദക്കൂട്ടായ്മയിലാണ് പാട്ടു പിറക്കുക. ശോഭനാ പരമേശ്വരൻ നായർ, സുകു, ലോഹി... എല്ലാവരുമുണ്ട് മുറിയിൽ. കട്ടിലിൽ ഹാർമോണിയവുമായി ഞാനും. സംവിധായകൻ പറഞ്ഞുകൊടുത്ത സിേറ്റ്വഷൻ മനസ്സിലിട്ട് പാകപ്പെടുത്തിയെടുക്കുന്നു മാഷ്. മൂളിപ്പാട്ടൊക്കെ പാടി അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് അദ്ദേഹം. ഒന്നുരണ്ട് പല്ലവി പാടിക്കേൾപ്പിച്ചെങ്കിലും പരമേശ്വരൻ നായർക്ക് ദഹിക്കുന്നില്ല. ഇതിലും ഉഗ്രൻ വരാനിരിക്കുന്നു എന്നറിയാം അദ്ദേഹത്തിന്. ഇടയ്ക്കെപ്പോഴോ കുളിമുറിയിൽ കയറി വാതിലടക്കുന്നു ഭാസ്കരൻ മാഷ്. പാട്ട് മൂളുന്നതൊക്കെ വെളിയിൽ കേൾക്കാം നമുക്ക്. അഞ്ചു മിനിറ്റ് കഴിഞ്ഞ് അദ്ദേഹം പുറത്തുവന്നത് ചുണ്ടിൽ നാല് വരികളുമായാണ്: സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം; ആശ തൻ തേനും നിരാശ തൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്ക്കാം. പല്ലവി ഇതുതന്നെ മതി. ഗംഭീരം. ശോഭന പരമേശ്വരൻ നായർ പ്രഖ്യാപിക്കുന്നു. ലോഹിക്കും സുകുവിനുമില്ല മറിച്ചൊരു അഭിപ്രായം. ഇനി പൊടിപ്പും തൊങ്ങലും വിദ്യാധരന്റെ വക. അപ്പോഴേക്കും മാഷ് ബാക്കിയെഴുതും. പതിനഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളു പല്ലവി ചിട്ടപ്പെടുത്താൻ എന്ന് വിദ്യാധരൻ. മാഷിന്റെ വരികളിൽത്തന്നെ ഉണ്ടായിരുന്നു അവയുടെ സംഗീതം. ഒരൊറ്റത്തവണ പാടിനോക്കുകയേ വേണ്ടിവന്നുള്ളു ഈണം കണ്ടെത്താൻ. അടുത്തദിവസം തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോയിൽ പടത്തിന്റെ പൂജയും റെക്കോഡിങ്ങും. അന്നാണ് രാജാമണി ആദ്യമായി തന്റെ ഓർക്കസ്ട്ര സഹായിയുടെ റോൾ ഏറ്റെടുത്തതെന്ന് ഓർക്കുന്നു വിദ്യാധരൻ. കൽപ്പാന്തകാലം ഉൾപ്പെടെ അതുവരെയുള്ള പാട്ടുകളിലെല്ലാം അസിസ്റ്റ് ചെയ്തത് ജോൺസണാണ്. സ്വപ്നങ്ങളൊക്കെയും ആദ്യം റെക്കോഡ് ചെയ്തത് ചിത്രയുടെ ശബ്ദത്തിൽ. അതുകഴിഞ്ഞ് യേശുദാസിന്റെയും. അകമ്പടിക്ക് ഗിറ്റാർ, തബല, ഫ്ലൂട്ട്, കീബോർഡ്, റിഥം പാഡ്... അങ്ങനെ വിരലിലെണ്ണാവുന്ന ഉപകരണങ്ങൾ മാത്രം. ബാലകൃഷ്ണൻ ആയിരുന്നു ശബ്ദലേഖകൻ. ആലാപനത്തിൽ ദാസേട്ടനെക്കാൾ ഒരു ചുവട് മുന്നിൽനിന്നത് ചിത്രയായിരുന്നു എന്നാണു എനിക്ക് തോന്നിയത്. സുകു മേനോൻ. ഇന്നും ചിത്രയുടെ വേർഷനാണ് കൂടുതൽ പ്രശസ്തം. സിനിമയിൽ സാന്നിധ്യമറിയിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ ഈ പാട്ട് പാടുമ്പോൾ ചിത്ര. ശീർഷകംപോലെതന്നെയായി സിനിമയുടെ വിധിയും. പടം കാണാൻ കൊതിച്ച് കാത്തിരുന്നവർ നിരാശരായത് മിച്ചം. വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങിയില്ലെന്ന് പറയും സുകു മേനോൻ. ജോലി കിട്ടി നിർമാതാവ് ഗൾഫിലേക്കു പോയി. ലോഹിയുടെ തിരക്കഥ പൂർത്തിയായതുമില്ല. ഒടുവിൽ ആ സിനിമ ഉപേക്ഷിക്കേണ്ടിവന്നു. പുറത്തിറങ്ങിയില്ലെങ്കിലും കാണാൻ കൊതിച്ച് ഇന്നും ഓർക്കപ്പെടുന്നു; ഒരൊറ്റ പാട്ടിലൂടെ. പലരും ചോദിച്ചിട്ടുണ്ട് സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം എന്ന പാട്ട് ഭംഗിയായി ചിത്രീകരിച്ച് ഏതെങ്കിലും പുതിയ സിനിമയിൽ ഉൾപ്പെടുത്തിക്കൂടേ എന്ന്. ചിത്രയെ ക്കൊണ്ടുതന്നെ വീണ്ടും പാടിക്കുകയും ചെയ്യാം. അങ്ങനെയൊരു ആലോചന മനസ്സിലുണ്ട്. നടക്കുമോ എന്നറിയില്ല. ഭാസ്കരൻ മാഷിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം പാട്ടുകളിൽ ഒന്നായിരുന്നു സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം. അൽഷിമേഴ്സ് ബാധിച്ച് മറവിയുടെ തീരത്തുകൂടി സഞ്ചരിക്കുമ്പോഴും വല്ലപ്പോഴുമൊക്കെ നേരിൽ കാണുമ്പോൾ ആ പാട്ടിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു മാഷ് എന്നോർക്കുന്നു സുകു മേനോൻ. നിങ്ങൾ ഒരു പടം ചെയ്യണം. അതിന് സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം എന്ന പേരിടണം. സിനിമയ്ക്ക് ഇണങ്ങുന്ന പേരാണ്. അതിനും പാട്ടെഴുതുന്നത് ഞാനായിരിക്കും... അവസാന കൂടിക്കാഴ്ച കഴിഞ്ഞ് യാത്രയാക്കവേ മാഷ് പറഞ്ഞു. പക്ഷേ മറവിയുടെ ലോകത്തുനിന്ന് ഒരു തിരിച്ചുവരവുണ്ടായില്ല മാഷിന്. Content Highlights:Swapnangalokkeyum Pankuvekkaam Kaanan Kothichu P Bhaskaran Vidyadharan KJ Yesudas KS Chithra K Suku Malayalam Hit Song EverGreen Malayalam Song Ravi Menon

from movies and music rss http://ift.tt/2ifr1Ps
via IFTTT

No comments:

Post a Comment