ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ വനങ്ങളിൽ അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ. ആമസോൺ മഴക്കാടുകളെ രക്ഷിക്കാൻ 35 കോടിയോളം രൂപ ധനസഹായം നൽകുന്നതായി ഡികാപ്രിയോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എർത്ത് അലയൻസ് എന്ന സംഘടനയുമായി സഹകരിച്ചാണ് നടൻ തുക സമാഹരിച്ചിരിക്കുന്നത്. ആമസോൺ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് എമർജൻസി ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ആമസോണിൽ തീയണയ്ക്കാൻ തീവ്രശ്രമങ്ങൾ നടത്തുന്ന പ്രാദേശിക സംഘടനകൾക്കും തദ്ദേശീയർക്കും തുക കൈമാറും. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ കാട് കത്തിയമരുന്ന ചിത്രങ്ങളും ഡികാപ്രിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഭൂമിയിലെ ജീവജാലങ്ങൾക്കു വേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല കഴിഞ്ഞ 16 ദിവസമായി കത്തിയമരുകയാണെന്നും അടിയന്തരസഹായം ആവശ്യമായ സമയമാണെന്നും നടൻ കുറിച്ചിരുന്നു. എർത്ത് അലയൻസ് സംഘടനയിലേക്ക് സംഭാവനകളും ക്ഷണിച്ചിരുന്നു. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച മുതൽ ബ്രസീൽ സൈന്യം തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. മഴക്കാടുകളുടെ സംരക്ഷണമാണ് ബ്രസീലിന്റെ സാമ്പത്തിക മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നതന്ന് നേരത്തെ ബോൽസൊനാരോ അഭിപ്രായപ്പെട്ടിരുന്നു. ഇത് പരിസ്ഥിതി പ്രവർത്തകരുടെ വലിയ എതിർപ്പിന് കാരണമായിരുന്നു. ഇതിനെ തുടർന്ന് സാവോപോളോയിലും റിയോ ഡി ജനീറോയിലും ആയിരക്കണക്കിന് ആളുകൾ അണിനിരന്ന പ്രതിഷേധങ്ങൾ നടന്നു. ഇതിന് പുറമെ ആമസോൺ കാട്ടുതീയെ നേരിടാൻ ബ്രസീൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് പാരീസിലെയും ലണ്ടനിലെയും ജനീവയിലെയും ബോഗോട്ടയിലെയും നയതന്ത്ര കേന്ദ്രങ്ങളിൽ വലിയ റാലികൾ നടന്നു. ചിലിയിലും ഇക്വഡോറിലും പെറുവിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു. ആമസോൺ വനാന്തരങ്ങളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. മറ്റ് ആമസോൺ രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നേരിടാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ട്. ബൊളീവിയയിൽ മാത്രം 7500 ൽ കൂടുതൽ സ്ക്വയർ കിലോമീറ്റർ പ്രദേശത്താണ് ആമസോൺ കാട്ടുതീ പടർന്നിരിക്കുന്നത്. 76000 ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന എ.ബ് 747-400 സൂപ്പർ ടാങ്കർ വിമാനമുപയോഗിച്ചും ബൊളീവിയയിൽ തീയണക്കുന്നുണ്ട്. കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിലുയർന്ന രൂക്ഷമായ പുകപടലങ്ങൾ പല പ്രദേശങ്ങളെയും വലയംചെയ്തിരിക്കുകയാണ്. സാവോ പോളോ അടക്കമുള്ള നഗരങ്ങളിൽ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിൽ കറുത്ത പുക മൂടിയിരിക്കുന്നതിനാൽ സൂര്യപ്രകാശം എത്തിച്ചേരാത്തതാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. അന്തരീക്ഷത്തിൽ പുകപടലങ്ങൾ രൂക്ഷമായതിനാൽ മഴ പെയ്യുമ്പോൾ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്. മേഖലയിൽ കാർബൺ മോണോക്സൈഡ് വലിയ തോതിൽ വർധിച്ചതായി യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള കോപർനിക്ക്സ് ക്ലൈമറ്റ് ചേഞ്ച് സെർവീസ് എന്ന സംഘടന വ്യക്തമാക്കുന്നു. കൂടാതെ കാർബൺ ഡൈയോക്സൈഡും വലിയ തോതിൽ പുറന്തള്ളുന്നുണ്ട്. ഇതെല്ലാം ചേർന്ന് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്നു. കൂടാതെ ആഗോള താപനം രൂക്ഷമാക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുമെന്നും ഗവേഷകർ ഭയപ്പെടുന്നു. Content Highlights : Hollywood actor Leornado Decaprio offers 35 crores help for amazon
from movies and music rss https://ift.tt/2HsXIGp
via
IFTTT
No comments:
Post a Comment