റാണു മാ.. എവിടെയായിരുന്നു ഇത്രയും കാലം. ഇപ്പോഴെങ്കിലും ഞങ്ങൾക്ക് ഈ പാട്ടുകേൾക്കാനായല്ലോ ... ബംഗാളിലെ പല തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും വിശപ്പടക്കാൻ പാടിയ റാണു മണ്ടലിന്റെ പാട്ടുകേട്ട് ലോകം ചോദിക്കുന്നു ! റാണാഘട്ട്സ്റ്റേഷനിലെ പാട്ടുകാരിയെ ഇന്ന് ലോകത്തെല്ലാവർക്കുമറിയാം. പ്ലാറ്റ്ഫോമിൽ നിന്ന് റിക്കാഡ് ചെയ്ത ഏക് പ്യാർ കാ നഗ്മാ ഹേ ... എന്ന ലതാ മങ്കേഷ്ക്കറിന്റെ ഈ ഗാനം ഇന്ന് സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മാത്രമല്ല ബോളിവുഡ് സിനിമയിൽ പാടാൻ റാണാഘട്ട്ലത എന്ന പേരു വീണ റാണു മണ്ടലിന് ക്ഷണവും കിട്ടി. തീവണ്ടിയിലെ നാടോടിപാട്ടുകാർ നമുക്ക് സുപരിചിതരാണ്. ഉത്തരേന്ത്യക്കാരായ ഇവർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മറ്റും അന്തിയുറങ്ങി പ്രഭാത ഭക്ഷണത്തിനുള്ള കാശിനായി രാവിലെ തന്നെ വണ്ടികയറും. രാവിലെ വയറു നിറയെ കഴിച്ച് സീറ്റിലിരുന്ന് വിശ്രമിക്കുന്ന യാത്രക്കാർ ഇവരുടെ വിശപ്പ് അറിയാറില്ല. ഹിന്ദി സിനിമയിലെ പല പഴയ പാട്ടുകളും ആദ്യം മലയാളികൾക്ക് നൽകുന്നത് ഇവരാണ്. ഈ സമയത്ത് പാസഞ്ചർ തീവണ്ടിയിലെ ആ പഴയ പാട്ടുരംഗം ഞാൻ ഓർത്തു പോവുകയാണ്.വളരെ വർഷങ്ങൾക്ക് മുമ്പാണ്. ഞാൻ കുറ്റിപ്പുറം സ്റ്റേഷനിൽ നിന്ന് വൈകുന്നേരത്തെ ഷോർണൂർ പാസഞ്ചറിൽ കയറി കോഴിക്കോട്ടെ ഓഫീസിലേക്ക് വരികയായിരുന്നു. പാസഞ്ചർ ട്രെയിനായതിനാൽ ആളുകൾ കുറവ്. വാതിലിനടുത്തുള്ള സീറ്റിൽ സംവിധായകൻ ലോഹിതദാസ്. സീറ്റിൽ ചാരി കിടന്ന് എന്തോ ആലോചനയിലാണ് അദ്ദേഹം. എന്റെ മൂന്ന് സീറ്റ് അപ്പുറം. ഞാൻ പഴയ പരിചയം പുതുക്കാമെന്നു കരുതി.ഭരതം സിനിമ എഴുതുമ്പോൾ സുഹൃത്ത് സതീഷ്ബാബു പയ്യന്നൂരിനൊപ്പം തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബിൽ പോയി അദ്ദേഹത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിച്ചിരുന്നു. ജനലിലൂടെ നിളാനദിയെ നോക്കി എന്തോ ആലോചനയിലാണ് അദ്ദേഹം. വേണ്ട... ഉപദ്രവിക്കണ്ട- എന്റെ മനസ് പറഞ്ഞു. കമ്പാർട്ട്മെന്റിൽ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടുമില്ല. അപ്പോഴേക്കും രാമായണ കാറ്റേ എൻ നീലാംബരിക്കാറ്റേ ..... എന്ന പാട്ടുമായി മുഷിഞ്ഞ സാരിയുടുത്ത ഒരു സ്ത്രീ കമ്പാർട്ട് മെന്റിലേക്ക് കയറിവന്നു. പാട്ട് ഏറ്റുപാടാൻ കൂടെ ഒരു ചെറിയ പെൺകുട്ടിയുമുണ്ട്. നല്ല ഈണം, പാട്ട് ഗംഭീരം ! ഹിന്ദിക്കാരിയാണെങ്കിലും ഭാഷ അവർക്ക് പ്രശ്നമേയല്ല. നല്ല മലയാളത്തിലാണ് പാട്ട്. പാട്ട് മുഴുവൻ അവർ പാടി. ലോഹിതദാസ് ഇത് നന്നേ ആസ്വദിച്ചവെന്ന് അദ്ദേഹത്തിന്റെ ഇരുപ്പ് കണ്ടാലറിയാം. സീറ്റിൽ നിന്ന് അല്പം മുന്നോട്ടിരുന്ന് അദ്ദേഹം ഇടയ്ക്ക് താളം പിടിക്കുന്നുമുണ്ട്. യാതക്കാരെല്ലാം പാട്ട് നന്നായി ആസ്വദിച്ചു. പക്ഷെ കൈയടിയില്ല എന്നു മാത്രം. ഒരു വലിയ സംവിധായകന്റെ മുന്നിലാണ് താൻ പാടുന്നതെന്ന് ആ നാടോടി പാട്ടുകാരിയും അറിഞ്ഞില്ല. ഡോറിനടുത്ത ആദ്യ സീറ്റായതിനാൽ ലോഹിതദാസിന് മുന്നിലാണ് അവർ ആദ്യം കൈ നീട്ടിയത്. അദ്ദേഹം ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയ തുകയെടുത്ത് പാട്ടുകാരിയുടെ കൈയിൽ വെച്ചു കൊടുത്തു.യാത്രക്കാർ പലരും ചില്ലറ തുട്ടുകൾ നൽകി.വണ്ടി കോഴിക്കോട് എത്താറായിരിക്കുന്നു. ദൂരെ മറ്റൊരു കമ്പാർട്ട്മെന്റിൽ നിന്ന് ഇപ്പോഴും ആ പാട്ട് കേൾക്കാം.രാത്രി ഒരു നേരത്തെ വിശപ്പടക്കാനുള്ള പാട്ട്.... തീവണ്ടികളിൽ പാടുന്ന റാണു മണ്ടലും ഇവരെ പോലെ തന്നെയാണ്. വിശപ്പടക്കാനുള്ള അവരുടെ പാട്ട് റാണാഘട്ട്റെയിൽവേ ജംഗ്ഷൻ പ്ലാറ്റ്ഫോമിൽ നിന്ന് അതീന്ദ്ര ചക്രബർത്തി എന്ന യുവ എഞ്ചിനിയറുടെ കാതിൽപ്പെട്ടു. പ്ലാറ്റ്ഫോമിലിരുന്ന് ടീസ്റ്റാളിലെ റേഡിയോയിൽ കേട്ട മുഹമ്മദ് റഫിയുടെ പാട്ട് വീണ്ടും അവർ മൂളിയപ്പോഴാണ് അതീന്ദ്ര ഇത് ശ്രദ്ധിച്ചത്. ഉടൻ ഒരു പാട്ട് പാടാൻ പറഞ്ഞു. ഏക് പ്യാർ കാ നഗ്മാ ഹേ.... എന്ന ഗാനം 18 സെക്കന്റ് മാത്രമേ പാടിയുള്ളു. ഉടൻ അത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. സമയം അധികം വേണ്ടി വന്നില്ല. അത് ലോകം കണ്ടു. ഗായികയെക്കുറിച്ച് അന്വേഷണമായി. എഞ്ചിനിയർ പിന്നെ അവരെ കൂട്ടികൊണ്ടു പോയി.സംഗീതത്തിന്റെ അകമ്പടിയോടെ പഴയ ഹിന്ദി ഗാനങ്ങൾ പാടിച്ചു. നല്ല സ്വരമാധുരിയിൽ അനായാസം ഏതു പാട്ടും പാടുന്ന റാണു മണ്ടൽ അവർക്കു മുന്നിൽ അത്ഭുതമായി ! പിന്നെ വൈകിയില്ല. നല്ലവസ്ത്രങ്ങൾ നൽകി. ബ്യൂട്ടിപാർലറിൽ കൊണ്ടുപോയി സുന്ദരിയാക്കി. ജുലായ് 23നാണ് പാട്ട് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. വൈറലായ ഈ പാട്ട് രംഗം ഫേസ് ബുക്കിൽ ഇന്നും ഹിറ്റാണ്. പാട്ട് വൈറലായതോടെ റാണുവിന്റെ ജീവിതം മാറി മറിഞ്ഞു. വിശപ്പടക്കനാണ് ഞാൻ പ്ലാറ്റ്ഫോമിൽ പാടിയുന്നത്.ഇന്നിപ്പോൾ എനിക്ക് ഭക്ഷണം തരാൻ ഒരുപാട് ആളുണ്ട് - ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ അതിഥിയായി എത്തി അവർ പറഞ്ഞു. അവർ പ്ലാറ്റ്ഫോമിൽ പാടിയ 1972 ലെ ഷോർ എന്ന സിനിമയിലെ ലതാ മങ്കേ ഷ്കറിന്റെ ആ പാട്ട് ആരാധകർക്കു മുന്നിൽ പാടി.ഷോയിൽ അതിഥിയായി എത്തിയ നടനും ഗായകനും സംഗീത സംവിധായകനുമായ ഹിമേഷ് തന്റെ അടുത്ത സിനിമയിൽ റാണുവിനെ പാടിക്കുകയും ചെയ്തു.ഹാപ്പി ഹാർഡി ആന്റ് ഹീർ എന്ന ചിത്രത്തിലെ തേരി മേരി കഹാനി .... എന്ന റാണുവിന്റെ പാട്ടും ഇപ്പോൾ വൈറലായിരിക്കുകയാണ്. ബംഗാളിലെ നദിയ ജില്ലക്കാരിയാണ് ഈ പാട്ടുകാരി. കൃഷ്ണനഗറിലാണ് ജനിച്ചത്. ചെറുപ്പത്തിലേ അമ്മ മരിച്ചപ്പോൾ ബന്ധുവായ ഒരു സ്ത്രീയുടെ കുടെ താമസിച്ചു. പത്തൊൻപതാം വയസിൽ അയൽവാസിയായ ബബ്ളു മണ്ടൽ വിവാഹം കഴിച്ചു. പിന്നീട് ജീവിക്കാനായി ഇരുവരും മുംബൈയിലേക്ക് വണ്ടി കയറി. 12 വർഷം മുമ്പ് ബംഗാളിലേക്ക് തന്നെ വന്നു. ദാരിദ്ര്യം മൂലം മാനസികനില പോലും തകർന്ന അവസ്ഥയിലായിരുന്നു പിന്നീട്. വീടില്ല, റെയിൽവേ പ്ലാറ്റ്ഫോമുകളിലായിരുന്നു പാട്ടു പാടി അന്തിയുറങ്ങിയിരുന്നത്. ചെറുപ്പം മുതലേ കേൾക്കുന്ന പാട്ടുകൾ ഏറ്റു പാടുന്ന ശീലമുണ്ടായിരുന്നു. മുഹമ്മദ് റഫിയും മുകേഷുമാണ് ഇഷ്ടഗായകർ - ഒരു മാസം കൊണ്ട് ലോകമറിയുന്ന സംഗീതവിസ്മമായി മാറിയ റാണു പറയുന്നു. അമ്പത് വയസ് പിന്നിടുമ്പോഴാണ് സംഗീതലോകം ഇവരെ കണ്ടെത്തുന്നതെങ്കിലും റാണാഘട്ട്ലത ഇനി നമുക്കായി പാടിക്കൊണ്ടേയിരിക്കും. Content Highlights :viral singer ranu mandol music director himesh reshammiya director lohithadas
from movies and music rss https://ift.tt/2U6r02z
via
IFTTT
No comments:
Post a Comment