Monday, August 26, 2019

'സിനിമാഭ്രാന്ത് തലയില്‍ പിടിച്ചപ്പോള്‍ കാമുകി വിട്ടുപോയി, വാരിക്കുഴി ഇറങ്ങിയപ്പോള്‍ എന്നെ വിളിച്ചു'

നടൻ അമിത് ചക്കാലയ്ക്കല്ലിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മണ്ണൂത്തി ഡോൺബോസ്കോ കോളജിലെ ഒരു ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അമിത്. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന പരിപാടിയിൽ അമിത് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ എബിസിഡിയിൽചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു അമിതിന്റെ സിനിമാപ്രവേശം. പിന്നീട് ഹണിബി, ഇയ്യോബിന്റെ പുസ്തകം, കായംകുളം കൊച്ചുണ്ണി, പ്രേതം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. അമിത് ആദ്യമായി പ്രധാനവേഷത്തിലെത്തിയ വാരിക്കുഴിയിലെ കൊലപാതകം പുറത്തിറങ്ങിയത് 2019 ലാണ്. ഒമ്പത് വർഷം നീണ്ട കാത്തിരിപ്പിനും കഠിനാധ്വാന്റെയും ഫലമായിരുന്നു വാരിക്കുഴിയിലെ കൊലപാതകം. അമിത്തിന്റെ പ്രസംഗത്തിൽ നിന്നുള്ള പ്രസ്ക്ത ഭാഗങ്ങൾ പന്ത്രണ്ടാം ക്ലാസുവരെ അഞ്ച് സ്കൂളുകളിൽ മാറി മാറി പഠിച്ചു. ബുദ്ധി കൂടിപോയതുകൊണ്ടല്ല, തോറ്റ് തോറ്റ് എത്തിയതാണ്. ഒരു സ്കൂളിൽ തോറ്റ് കഴിയുമ്പോൾ അടുത്ത സ്കൂളിലേയ്ക്കു പറഞ്ഞുവിടും. അങ്ങനെയാണ് അഞ്ച് സ്കൂളിൽ എത്തിയത്. കേരളത്തിൽ ഒരു കോളജിൽ പഠിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. എൻജിനീയറങിനു പോകാനാണ് പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എടുത്തത്. എന്നാൽ അൻപത് ശതമാനം പോലും മാർക്ക് ഇല്ലാത്തതിനാൽ കേരളത്തിലെ കോളജുകളിൽ അഡ്മിഷൻ കിട്ടിയില്ല. എൻട്രൻസ് എഴുതാനും കഴിഞ്ഞില്ല. കേരളത്തിൽ പഠിക്കാൻ പറ്റാത്തതുകൊണ്ട് ബെംഗളൂരുവിൽ പോയി എൻജിനീയറിങ് ചെയ്തു. എട്ടു വർഷം കൊണ്ടാണ് അത് പൂർത്തീകരിച്ചത്. ഇങ്ങനെയെല്ലാമായിരുന്നതിനാൽ പിടിഐ മീറ്റിങിലും പ്രിൻസിപ്പാളിന്റെ റൂമിലും എന്റെ അവസ്ഥ നിങ്ങൾക്കു മനസിലാക്കാൻ കഴിയും. ഈ ചടങ്ങിൽ ഞാൻ തിരി കത്തിച്ചപ്പോൾ അമ്മ എന്ന വാക്ക് ഓർത്തിരുന്നു. കാരണം മറ്റൊന്നുമല്ല എന്റെ അമ്മയും അപ്പനും ഞാൻ കാരണം ഏകദേശം അഞ്ച് സ്കൂളുകളിൽ നിന്നും കരഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അവിടെ നിന്നും കേരളത്തിലെ മികച്ച സ്ഥാപനങ്ങളിലൊന്നായ ഇവിടെ മുഖ്യാതിഥിയായാണ് ഞാൻ നിൽക്കുന്നത്. നമുക്ക് ഒന്നും സാധിക്കില്ലെന്ന് പറഞ്ഞ് പറഞ്ഞ് പലരും തട്ടിത്തെറിപ്പിക്കും. അവിടെ നിന്ന് വിജയിച്ച മുഖത്തോടെ നിവർന്നു നിൽക്കുന്നതാണ് ഏറ്റവും വലിയ വിജയം. അല്ലാതെ മറ്റൊന്നുമല്ല. പക്ഷേ അത് എളുപ്പമല്ല. അഞ്ച് തവണ സ്കൂളിൽ നിന്നും പറഞ്ഞുവിട്ട,കേരളത്തിൽ നിന്നും പോയൊരാൾ പെട്ടെന്നൊരു ദിവസം സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞാൽ ആര് പിന്തുണയ്ക്കാൻ. സ്വാഭാവികമായും വീട്ടിൽ നിന്ന് ആരും പിന്തുണയ്ക്കില്ല. കാരണം ഞാൻ പഠിക്കുന്ന കാലത്ത് വീട്ടിലേക്ക് പ്രോഗ്രസ് കാർഡുമായി ചെല്ലുമ്പോൾ ചുവന്ന മഷി മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും സിനിമയിൽ ഇല്ലെങ്കിൽ സിനിമയിൽ കയറിപ്പറ്റാൻ അത്ര എളുപ്പമല്ല. എന്നാലും എന്റെയുള്ളിൽ എന്നും സിനിമഉണ്ടായിരുന്നു ഈ ഫീൽഡിൽ വരാനും ജീവിച്ചുപോകാനും മാന്യമായ പല പണികളും ചെയ്തിട്ടുണ്ട്. പട്ടിണി കിടക്കാൻ പോലും 20000 രൂപ വേണം. ഓഡിഷന് പോലും ജോലി ചെയ്താണ് പൊയ്ക്കൊണ്ടിരുന്നത്. എബിസിഡിയാണ് എന്റെ ആദ്യ സിനിമ. ദുൽക്കർ സ്വപ്നം കാണുന്ന രംഗത്തിൽ വരുന്ന പൊലീസുകാരനായാണ് ഞാൻ അഭിനയിച്ചത്. ജൂനിയർ ആർടിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. ഹണീ ബിയിൽ ആദ്യമായി കാരക്ടർ റോൾ ലഭിച്ചു. പതിനാല് സിനിമകളിൽ കാരക്ടർ റോളിൽ അഭിനയിച്ചു. ഇതിൽ നിന്നൊന്നും കാര്യമായ പ്രതിഫലമൊന്നും ലഭിക്കില്ല. പ്രതിഫലം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കണം. പല പ്രാവശ്യം ഇട്ടിട്ടുപോകാൻ തോന്നും. ജീവിതത്തിൽ തോറ്റുതോറ്റു വന്നവനാണ്. ഒരു സിനിമാ നടന് വേണ്ട ഭംഗി എനിക്കില്ല. നിങ്ങളിൽ പലരും ചിന്തിച്ചു കാണും ഇയാൾ ശരിക്കും നടനാണോ എന്ന്. ഉള്ളിന്റെ ഉള്ളിൽ സ്വപ്നം ഉണ്ടെങ്കിൽ നമ്മൾ അവിടെ എത്തിയിരിക്കും. നിങ്ങൾ സ്വയം വിശ്വസിക്കുക. ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു കാര്യമായുണ്ട്. ആരെങ്കിലും നിങ്ങളുടെ ചെവിയിൽ വന്ന് സ്വപ്നത്തിനു തടസ്സം നിൽക്കുന്നുണ്ടെങ്കിൽ അവരെ ആദ്യം കട്ട് ചെയ്യണം. അത് നിങ്ങളുടെ ബോയ് ഫ്രണ്ട് ആകാം ഗേൾ ഫ്രണ്ട് ആകാം അടുത്ത കൂട്ടുകാരാകാം. നെഗറ്റീവ് കാര്യങ്ങൾ ഒഴിവാക്കുക. സിനിമാ ഭ്രാന്ത് മൂത്തതുകൊണ്ട് എന്റെ ഗേൾഫ്രണ്ട് എന്നെ ഉപേക്ഷിച്ചുപോയിട്ടുണ്ട്. എന്നാൽ വാരിക്കുഴിയിലെ കൊലപാതകം റിലീസ് ചെയ്ത ആഴ്ച, ആ കുട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചു. സ്വപ്നം സഫലമാകാൻ നമ്മൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കണം. അപ്പോൾ നമ്മളെ തള്ളിപ്പറഞ്ഞവർ തിരുത്തി പറയും. അതുപോലെ രണ്ടാമത് എന്റെ ജീവിതത്തിൽ നിന്ന് എടുത്ത് കളഞ്ഞ കാര്യം ലഹരിയാണ്. മദ്യം, കഞ്ചാവ്, പുകവലി തുടങ്ങിയ ശീലങ്ങളിൽ നിന്ന് ഞാൻ വിട്ടു നിന്നു. ഞാൻ മത്സരിക്കുന്നത് ഒരുപാട് താരപുത്രൻമാരോടാണ് അല്ലെങ്കിൽ എന്നേക്കാൾ കഴിവുള്ളവരുണ്ട്. ലഹരി ഉപയോഗിച്ച് എനിക്ക് ആ സ്വപ്നത്തിലേക്കുള്ള ഓട്ടത്തിൽ എന്നെ മന്ദഗതിയിലാക്കാൻ കഴിയില്ല. നിങ്ങൾ തോൽവിയെ സ്നേഹിക്കുക. ഒരിക്കലും സ്വപ്നം വിട്ടു കളയരുത്. ഒരാൾ പറയുന്നിടത്തല്ല നിങ്ങളുടെ തോൽവി. നായകനായി അഭിനയിക്കാനുള്ള ലുക്ക് നിനക്കില്ലെന്നു പറഞ്ഞവരുണ്ട്. നായകനായി അഭിനയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ ചെറിയ റോൾ പോലും ലഭിക്കില്ലെന്നു പറഞ്ഞു. വാരിക്കുഴിയിലെ കൊലപാതകം സിനിമയിൽ രജീഷ് മിഥില എന്നെ നായകനായി കാസ്റ്റ് ചെയ്തു. അത് സിനിമയാക്കാൻ പതിനാലോളം നിർമാതാക്കളെ പോയികണ്ടു. അവരെല്ലാം പറഞ്ഞത് ഒരേയൊരു കാര്യമാണ്, കഥ നല്ലതാണ്. പക്ഷേ ഇവനെ നായകനാക്കിയാൽ പടം ഒരാഴ്ച തികയ്ക്കില്ല. പക്ഷേ ഈ സിനിമയ്ക്ക് പുതിയ ഒരാളെയായിരുന്നു ആവശ്യം. അവസാനം കോഴിക്കോടു നിന്നുള്ള നിർമാതാവ് സിനിമയ്ക്കു ലഭിച്ചു. അങ്ങനെ സിനിമ റിലീസ് ആയി. എനിക്ക് വലിയ ആരാധകരൊന്നും ഇല്ല. പ്രമോഷനും ഇല്ല. എന്നിട്ടും സിനിമ ആഴ്ചകൾ പിന്നിട്ടു. വാരിക്കുഴിയിലെ കൊലപാതകം രണ്ടാം ഭാഗം അനൗൺസ് ചെയ്തിട്ടുണ്ട്- അമിത് പറഞ്ഞു. Content Highlights: ActorAmith Chakalakkal inspiring speech after Vaarikkuzhiyile Kolapathakam, struggle failures, Viral Video

from movies and music rss https://ift.tt/2MCkqQo
via IFTTT

No comments:

Post a Comment