കരിയറിൽ പ്രതീക്ഷിക്കാത്ത ഉയരത്തിലാണ് ജോജു ജോർജ് ഇപ്പോൾ. ജോസഫിന്റെ വിജയത്തിനു ശേഷം ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിൽ കാട്ടാളൻ പൊറിഞ്ചുവായി എത്തുകയാണ് ജോജു. രണ്ടു വർഷം മുമ്പായിരുന്നെങ്കിൽ ഇങ്ങനെയൊന്ന് സംഭവിക്കാൻ തന്നെ സാധ്യതയില്ല. ജോസഫിനു ശേഷം വന്ന മാറ്റങ്ങളാണിതെല്ലാം -ജോഷി ചിത്രത്തിലെ ടൈറ്റിൽ റോളിനെ കുറിച്ച് ജോജു പറയുന്നു. മലയാളത്തിലും തമിഴിലുമായി എട്ടു ചിത്രങ്ങളാണ്, ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി രണ്ടു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയിൽ തുടരുന്ന ജോജുവിനെ കാത്തിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസിനെ കുറിച്ചും സിനിമയിൽ പെട്ടെന്നുണ്ടായി മാറ്റങ്ങളെ കുറിച്ചുമെല്ലാം താരം സംസാരിക്കുന്നു.. പൊറിഞ്ചു മറ്റു പലരും ചെയ്യാനിരുന്ന വേഷം ഈ പ്രൊജക്ട് കുറേ നാളായി ഓൺ ആണ്. പല നടൻമാരും ചെയ്യാനിരുന്നതാണ് പൊറിഞ്ചു മറിയം ജോസിലെ പൊറിഞ്ചു എന്ന കഥാപാത്രം. ജോസ് ആയിട്ട് ആദ്യം തന്നെ ചെമ്പനായിരുന്നു. പക്ഷേ, മറിയവും പൊറിഞ്ചുവും പലരും വരികയും ഇട്ടിട്ടുപോവുകയുമൊക്കെയുണ്ടായി. (പൊറിഞ്ചു) ഞാനായതിന്റെ പേരിൽ അഭിനയിക്കാതിരുന്നവരുമുണ്ട്. അത് സ്വാഭാവികം, നമ്മൾ അത്ര സക്സസ്ഫുൾ ആയിട്ടില്ലല്ലോ. എന്നാൽ, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോൺഫിഡൻസിലാണ് കഥ മാറുന്നത്. ഇത് മാസ്റ്റർ ഡയറക്ടറുടെ ഗിഫ്റ്റ് ഒരു സെലിബ്രേഷനാണ് ഈ ചിത്രം. മലയാളികൾക്ക് മാസ്റ്റർ ഡയറക്ടർ ജോഷി സാർ തരുന്ന ഗിഫ്റ്റ്. സിനിമയെ ഉപാസിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് സിനിമകളുടെ ഗണത്തിൽ പെടുന്നൊരു പടമാണിത്. ഞങ്ങൾ അഭിനയിച്ചതിന്റെ പേരിലൊന്നും പറയുന്നതല്ല. ജോഷി സാറെന്ന ബ്രാൻഡിനോടുള്ള വിശ്വാസമാണത്. വിശ്വാസം മാത്രമല്ല, സിനിമ പൂർത്തിയായ ശേഷം കണ്ടപ്പോഴും എനിക്ക് തോന്നിയത് അതുതന്നെയാണ്. ചെമ്പനും നൈലയുമായുള്ള ബന്ധം ഗുണകരമായി ചെമ്പനും നൈലയും വർഷങ്ങളായി എന്റെ സുഹൃത്തുക്കളാണ്. പൊറിഞ്ചുവും മറിയവും ജോസും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ കഥാപാത്രത്തെ കുറിച്ചും സന്ദർഭങ്ങളെ കുറിച്ചും ഏറ്റവും ബേസിക് ലെവലിൽ നിന്ന് പരസ്പരം ചർച്ച ചെയ്യാനും കൂടുതൽ മികച്ചതാക്കാൻ സാറിന്റെ കൂടെ നിൽക്കാനും സാധിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് സിനിമയ്ക്ക് നന്നായി ഗുണം ചെയ്തിട്ടുണ്ട്. അതിന്റെ റിസൽട്ട് സ്ക്രീനിൽ കാണുമെന്നാണ് പ്രതീക്ഷ. ജോസഫിന് മുമ്പും ശേഷവും കരിയറിലും ലൈഫിലും ഏറ്റവും വലിയ മാറ്റമാണ് ജോസഫ് ഉണ്ടാക്കിയത്. ജോസഫിന് മുമ്പും നല്ലതേ സംഭവിച്ചിട്ടുള്ളൂ. പക്ഷേ, ജോസഫിനു ശേഷം നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ട എല്ലാ സംവിധായകരോടൊപ്പവും വർക്ക് ചെയ്യാൻ പറ്റുന്നു എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ് -മലയാളത്തിലും തമിഴിലും. അത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഇനി ഞാൻ അടങ്ങി ഒതുങ്ങി നല്ല രീതിയിൽ അഭിനയിക്കുകയാണ് വേണ്ടത്! പ്രളയ ദുരിതാശ്വാസം കടമ കഴിഞ്ഞ വർഷം പ്രളയം ബാധിച്ചയാളാണ് ഞാൻ. അതിൽത്തന്നെ നമ്മൾ പകച്ചുപോയി. എന്നാൽ, അതിലും ഭീകരമായിട്ടാണ് പലർക്കും ഇത്തവണപറ്റിയിട്ടുള്ളത്. നമ്മളെക്കൊണ്ടാവുന്നത് ചെയ്യാൻ ശ്രമിക്കുന്നു എന്നല്ലാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മറ്റൊന്നുമില്ല. സിനിമയിൽ തന്നെ എന്നേക്കാളൊക്കെ അധികമായി പലരും പല കാര്യങ്ങളും ചെയ്യുന്നുണ്ട്. നവമാധ്യമങ്ങളിലൂടെയും മറ്റും കാണുന്നവർ മാത്രമല്ല ദുരിതാശ്വാസത്തിൽ പങ്കാളികളായിട്ടുള്ളത്. അത് നമ്മുടെ ഉത്തരവാദിത്തമാണെന്ന ബോധ്യത്തോടെ തന്നെ സിനിമാ മേഖല മുന്നോട്ടുവന്നിട്ടുണ്ട്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനാകുന്നു എന്നത് പ്രത്യേകതയല്ലേ..? ജനം എന്നു പറയുന്നതിൽ പെട്ട ഒരാളാണ് ഞാനും. സിനിമാ നടനായതുകൊണ്ട് എന്റെ വീട്ടിൽ വെള്ളം കയറാതിരുന്നിട്ടില്ല. പ്രകൃതിയുടെ മുന്നിൽ നമ്മളെല്ലാവരും ഒന്നാണ്. ഞാനെന്നും എല്ലാവരോടും ഇടപെടുന്ന ആളാണ്. ജൂനിയർ ആർട്ടിസ്റ്റായിരുന്ന കാലത്ത് പുറത്തുനിന്ന് നോക്കിക്കാണുന്ന അതേ ബഹുമാനത്തിൽ തന്നെയാണ് സിനിമയെ ഇപ്പോഴും കാണുന്നത്. അതിന്റെ ഉള്ളിൽക്കയറി മലമറിക്കുന്നു എന്ന തോന്നൽ ഒരിക്കലും ഉണ്ടായിട്ടില്ല. Content Highlights:Porinju Mariam Jose, Joju George Interview, talks about, Joshy, Nylas Usha, Chemban Vinod, Kerala Flood 2019, Winning National Award for Joseph Movie
from movies and music rss https://ift.tt/2HsRTIK
via
IFTTT
No comments:
Post a Comment