സ്നേഹത്തിലെ അമ്മു മുതൽ കടാരം കൊണ്ടാനിലെ കൽപ്പന വരെയായി ഇരുപത് വർഷംകൊണ്ട് നൂറുചിത്രങ്ങൾ. വലുതും ചെറുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ലെന സെഞ്ചുറിയിലെത്തി നിൽക്കുമ്പോഴും പുതിയ വിസ്മയങ്ങൾക്കായി കാത്തിരിക്കുകയാണ്. ലെനയുടെ ഭാഷയിൽ പറഞ്ഞാൽ ഒന്നിൽ തുടങ്ങി ഇപ്പോൾ നൂറിലെത്തി. ഇനി വീണ്ടും ഒന്നിൽനിന്ന് തുടങ്ങുന്നതിന്റെ ത്രിൽ... മനോഹരിയായ നായികയായി തിളങ്ങിയപ്പോൾ തന്നെ കരുത്തുറ്റ സഹനടി കഥാപാത്രങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്ന ലെന സെഞ്ചുറിയുടെ തിളക്കത്തിൽ തന്റെ വിശേഷങ്ങളും പ്രതീക്ഷകളും ചിത്രഭൂമിയുമായി പങ്കുവെക്കുന്നു. സിനിമയിൽ വന്ന് 20 വർഷങ്ങൾ പിന്നിടുമ്പോൾ നൂറു കഥാപാത്രങ്ങൾ ലെനയെ തേടിയെത്തിയിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ എന്തുതോന്നുന്നു. ഒന്നുമുതൽ നൂറുവരെ എണ്ണിക്കഴിയുമ്പോൾ പിന്നെയും ഒന്നുമുതൽ എണ്ണാൻ തോന്നില്ലേ. ഞാൻ ഇപ്പോൾ അത്തരമൊരു മാനസികാവസ്ഥയിലാണ്. നൂറ് ചിത്രങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ അതിനെക്കാൾ ഇനി വരാനിരിക്കുന്ന വ്യത്യസ്തമായ പുതിയ കഥാപാത്രങ്ങളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. വർഷങ്ങൾ എത്ര പിന്നിട്ടാലും ലെന ചെറുപ്പക്കാരി തന്നെയായിരിക്കുന്നതിന്റെ രഹസ്യമെന്താണ്.? ഇപ്പോഴാണ് ഞാൻ ശരിക്കും ചെറുപ്പമായതെന്നാണ് തോന്നുന്നത്. 20 വർഷങ്ങൾക്കുമുൻപ് സ്നേഹം എന്ന സിനിമയിൽ അഭിനയിക്കാനെത്തുമ്പോൾ എനിക്ക് 16 വയസ്സ് മാത്രമായിരുന്നു. പക്ഷേ, അന്ന് എന്നെ കണ്ടാൽ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു. അത്തരം പക്വതയും പ്രായവും തോന്നുന്ന കഥാപാത്രങ്ങളാണ് അഞ്ചുവർഷം മുൻപുവരെ ഞാൻ ചെയ്തിരുന്നത്. ഇപ്പോൾ ഞാൻ വീണ്ടും കൂടുതൽ ചെറുപ്പത്തിലേക്ക് വന്നിരിക്കുകയാണെന്ന് തോന്നുന്നു. ചെറുപ്പം വിടാതെ തുടരുന്നതുകൊണ്ടാണ് ചിലർ ലെനയെ ലേഡി മമ്മൂട്ടി എന്നുവിളിക്കുന്നത്. ആ വിളി എത്രമാത്രം ശരിയാണ്. ? അതൊരു ഇന്റർനെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏതോ ഒരു സൈറ്റിൽ എനിക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസ്സായിട്ടും എന്നെ കണ്ടാൽ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെപ്പോലെയാണെന്നുമാണ് ചിലരൊക്കെ പറയുന്നത്. സത്യത്തിൽ എനിക്ക് ഇപ്പോൾ 38 വയസ്സായിട്ടേയുള്ളൂ. 1981-ലാണ് ഞാൻ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാൽ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നത്. പോലീസ് വേഷങ്ങൾ ഏറെ തേടിയെത്തുകയും അതെല്ലാം മനോഹരമാക്കുകയും ചെയ്ത ഒരാളാണ് ലെന. പോലീസ് കഥാപാത്രമായ ലെനയെ എങ്ങനെ വിലയിരുത്തുന്നു. ? പോലീസ് വേഷങ്ങൾ ചെയ്യാൻ എനിക്ക് വളരെ എളുപ്പമാണ്. ഞാൻ ഒറ്റയ്ക്കു ജീവിക്കുന്ന ഒരാളായതുകൊണ്ടാകാം വളരെ പരുഷമായ രീതികൾ എനിക്ക് പരിചിതമാണ്. എന്റെ ജീവിതരീതികളാകാം പോലീസ് വേഷങ്ങൾ എന്നിൽ മനോഹരമാക്കിയത്. ഞാൻ പോലീസ് വേഷമിട്ടാൽ വളരെ എളുപ്പത്തിൽ ആ ശരീരഭാഷയിലേക്ക് മാറാൻ കഴിയാറുണ്ട്. പോലീസ് വേഷങ്ങൾ പോലെ അമ്മവേഷങ്ങളും വളരെ മനോഹരമായി ലെന ചെയ്യുന്നത് എങ്ങനെയാണ്.? ഞാൻ ജീവിതത്തെ കുറെ കാലഘട്ടങ്ങളായാണ് കാണുന്നത്. എന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിലായിരുന്നു അത്തരം അമ്മകഥാപാത്രങ്ങളെല്ലാം വന്നത്. ഇപ്പോൾ ഞാൻ അത്തരം വേഷങ്ങൾ ചെയ്താൽ ശരിയാകുമെന്ന് തോന്നുന്നില്ല. ഇപ്പോൾ എന്റെ രൂപവും ഭാവവും അമ്മവേഷങ്ങൾക്ക് ചേരുമെന്ന് തോന്നുന്നില്ല. ഒരുപാട് യാത്രകൾ ചെയ്യുന്ന ആളാണ് ലെന. ഹിമാലയൻ യാത്രയൊക്കെ എങ്ങനെ സംഭവിച്ചതാണ്.? സിനിമയിൽ 20 വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു ഇടവേള വേണമെന്ന് തോന്നി. അങ്ങനെയാണ് ഹിമാലയൻ യാത്ര നടത്താൻ തീരുമാനിച്ചത്. ഹിമാലയത്തിൽ രണ്ടുമാസത്തോളം ചെലവഴിച്ചപ്പോൾ ശരിക്കും ജീവിതം മാറിയെന്ന് പറയാം. അതൊരു അനുഭവവും പുതുമയുമായിരുന്നു. ആ യാത്രയിൽനിന്നാണ് ഞാൻ ഇപ്പോഴത്തെ പുതിയ ജീവിതം തുടങ്ങുന്നത്. തല മൊട്ടയടിക്കാനുള്ള തീരുമാനം യാത്ര പോലെ വന്ന ഒന്നാണോ.? തല മൊട്ടയടിക്കണമെന്ന് കുട്ടിക്കാലം മുതലേ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടികൾ തല മൊട്ടയടിക്കാൻ പാടില്ലെന്ന് പറഞ്ഞ് വീട്ടുകാർ എന്നെ വിലക്കുകയായിരുന്നു. സാധിക്കാതെ കിടന്ന അന്നത്തെ ആഗ്രഹമാണ് ഇപ്പോൾ സാധിച്ചത്. നേരത്തേ വിചാരിച്ചിട്ടും നടക്കാതെ പോയ വഴിപാട് നടത്താനായത് പോലെയാണ് മൊട്ടയടിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം. പഴനിയിൽ ചെന്നാണ് ഞാൻ തല മൊട്ടയടിച്ചത്. ലെനയുടെ പുതിയ സിനിമകളും കഥാപാത്രങ്ങളും.? ഈ വർഷം ഇറങ്ങിയ അതിരനും കടാരം കൊണ്ടാനും മികച്ച കഥാപാത്രങ്ങൾ തന്ന ചിത്രങ്ങളായിരുന്നു. സാൾട്ട് ആന്റ് പെപ്പറിന്റെ രണ്ടാം ഭാഗമായ ബ്ലാക്ക് കോഫി, ജയസൂര്യ ചിത്രമായ അന്വേഷണം തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. ഒരു രാത്രി ഒരു പകൽ എന്ന ചിത്രവും അവസാനഘട്ടത്തിലാണ്. കഥാപാത്രത്തിന്റെ 78 വയസ്സുള്ള കാലഘട്ടമാണ് ആ ചിത്രത്തിൽ ഇനി ചെയ്യാനുള്ളത്. Content Highlights :Actress Lena Interview
from movies and music rss https://ift.tt/30tYfPz
via
IFTTT
No comments:
Post a Comment