മിഥുൻ ചക്രവർത്തിയും ഞാനും കഞ്ഞി കുടിക്കുന്നത് ഡാൻസു കൊണ്ടല്ലേ- പൊറിഞ്ചു മറിയം ജോസ് കണ്ടവർ അത്ര പെട്ടെന്നൊന്നും ഈ ഡയലോഗ് മറക്കാനിടയില്ല.സുധി കോപ്പ അവതരിപ്പിച്ച കട്ട മിഥുൻ ചക്രവർത്തി ഫാനായ ഡിസ്കോ ബാബു തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തിയത് അങ്ങനെയായിരുന്നു. പുതിയ സൈക്കിൾ ആർക്കും തൊടാൻ പോലും കൊടുക്കാത്ത, സ്വർണനിറമുള്ള ഷർട്ടിന് വേണ്ടി ചേട്ടനുമായി വഴക്കടിക്കുന്ന ഡിസ്കോ ബാബു നല്ല സ്വാർഥനാണെന്ന് ചിലപ്പോൾ നമുക്ക് തോന്നിയേക്കാം. എന്നാൽ വികാരഭതിരമായ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണ് നനയിച്ച് ഡിസ്കോ ബാബുവും സുധി കോപ്പയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് ഒടുവിൽ. സിനിമയിൽ 10 വർഷം പിന്നിട്ട അവസരത്തിൽ ഏറെ സംതൃപ്തിനൽകിയ ചിത്രാമാണ് പൊറിഞ്ചു മറിയം ജോസെന്ന് പറയുകയാണ് സുധി കോപ്പ. കൂടാതെ ജോഷി എന്ന ഹിറ്റ്മേക്കർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ജോഷി സാറിനെപ്പോലെ പരിചയസമ്പന്നനായ ഒരു സംവിധായകനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ജീവിതത്തിൽ വല്ലപ്പോഴും തേടിയെത്തുന്ന അവസരങ്ങളാണ് ഇതെല്ലാം. ഡിസ്കോ ബാബു എന്ന കഥാപാത്രം ഞാൻ ഇതുവരെ ചെയ്തതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ക്യാരക്ടർ റോളിനാണ് വിളിക്കുന്നത് എന്ന് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. സിനിമ പുറത്തിറങ്ങിയതിന് ശേഷം ഒരുപാടാളുകൾ എന്നെ അഭിനന്ദിച്ചു. അതൊക്കെ വളരെ സന്തോഷം തോന്നുന്ന കാര്യമാണ്. അയാം എ ഡിസ്കോ ഡാൻസർ തുടക്കത്തിൽ ഡിസ്കോ ബാബു കോമഡി കഥാപാത്രമാണ്. പിന്നീട് ഒരു പാട് ഇമോഷണലായ രംഗങ്ങൾ ചെയ്യാനുണ്ട്. പെപ്പിൻ ചോട്ടിലെ പ്രണയം എന്ന സിനിമയിൽ ഇമോഷണലായ രംഗങ്ങൾ ഞാൻ ചെയ്തിരുന്നു. എന്നാൽ ആ ചിത്രം അധികമാളുകളിലേക്കെത്തിയില്ല. ഞാൻ കൂടുതൽ ഹ്യൂമർ ബേസ്ഡ് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ എന്നെപ്പോലെയുള്ള ആളിൽനിന്ന് ആരും ഇതൊന്നും പ്രതീക്ഷിട്ടുണ്ടായിരിക്കുകയില്ല. സൂരാജേട്ടൻ ആക്ഷൻ ഹീറോ ബിജുവിൽ ചെയ്ത ക്യാരക്ടറില്ലേ ( ഞാൻ താരതമ്യം ചെയ്തതല്ല കേട്ടോ, ഒരു ഉദാഹരണം പറഞ്ഞതാണ്) അതുപോലെ. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് മുഴുവൻ പുത്തൻപ്പള്ളി ജോസിന്റെ (ചെമ്പൻ വിനോദ്) തകർപ്പൻ പ്രകടനമാണ്. ജോസിനോടുള്ള ഇഷ്ടമായിരിക്കും സഹോദരന്റെ വേഷം ചെയ്ത എന്നോട് പ്രേക്ഷകർക്ക് തോന്നിയത്. ചേട്ടനോട് സദാസമയവും വഴക്കിടുന്ന അനിയൻ ഡിസ്കോ ബാബുവും ജോസും തമ്മിലുള്ള രസതന്ത്രം ഭയങ്കര രസമാണ്. നമ്മുടെ വീട്ടിലെല്ലാം സഹോദരങ്ങൾ അങ്ങനെയല്ലേ? എപ്പോഴും അതും ഇതും പറഞ്ഞു അടി കൂടില്ലേ.. വളരെ ബാലിശമായ കാര്യങ്ങൾ പറഞ്ഞ്. അതു തന്നെയാണ് തുടക്കത്തിലെ ഹൈലൈറ്റ്. രണ്ടാം പകുതിയിലാണ് ട്രാക്ക് മാറുന്നത്. പുതിയ സൈക്കിൾ വാങ്ങി ചേട്ടന് ഓടിക്കാൻ കൊടുക്കാത്ത സിൽക്ക് ഷർട്ടിന് വേണ്ടി അടി കൂടുന്ന ബാബു കുറച്ച് സ്വാർഥനാണെന്ന് ആദ്യം തോന്നിയേക്കാം. എന്നാൽ അങ്ങനെയല്ല, ചേട്ടനോട് ഒരുപാട് സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ഒരു അനിയനാണ്. ഡാൻസ് കളിക്കാനോ? ഞാനോ? ഡിസ്കോ ഡാൻസ് കളിക്കേണ്ടി വരും എന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം പേടിച്ചു പോയി. എനിക്ക് ഡാൻസൊന്നും അറിയില്ല. ഡാൻസിന്റെ കാര്യം പറഞ്ഞപ്പോൾ ഷൂട്ടിങ്ങിന്റെ തലേ ദിവസം ഞാൻ പേടിച്ച് ഉറങ്ങിയില്ല. കൊച്ചിക്കാരനാണ് ഞാൻ. നല്ല മികച്ച ഡാൻസേഴ്സിനെ ഞാൻ ഇവിടെ കണ്ടിട്ടുണ്ട്. അതുകൊണ്ട് എനിക്ക് വല്ലാത്ത ടെൻഷനായിരുന്നു. എന്റെ സുഹൃത്ത് ശ്രീജിത്താണ് എന്നെ സഹായിച്ചത്. ശ്രീജിത്ത് കുറച്ച് ടിപ്പ്സ് എനിക്ക് പറഞ്ഞു തന്നു. അത്യവശ്യം വർക്കൗട്ടും ചെയ്തതോടെ ആത്മവിശ്വാസം കൂടി. ആദ്യം ഞാൻ വിചാരിച്ചത് ഒരു പാട്ട് മുഴുവനായും കളിക്കേണ്ടി വരുമെന്നാണ്. എന്നാൽ അതിന്റെ ഒരു ബിറ്റ് മാത്രമേ ഭാഗ്യത്തിന് കളിക്കേണ്ടി വന്നുള്ളൂ. ആദ്യമായി എന്നെ തിരിച്ചറിഞ്ഞത് കാന്റീനിൽ ജോലി ചെയ്യുന്ന ഒരു പയ്യൻ ആമേനിൽ സുധി കോപ്പ ഞാൻ സിനിമയിലേക്ക് വളരെ പതിയെ നടന്നു കയറിയ ഒരാളാണ്. സാഗർ ഏലിയാസ് ജാക്കിയായിരുന്നു ആദ്യ ചിത്രം. ഞാൻ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നറിഞ്ഞ് രണ്ട് മൂന്ന് കൂട്ടുകാർ എന്നെ അന്ന് തിയേറ്ററിൽ തിരിച്ചറിഞ്ഞു. സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലേ എന്ന് എന്നോട് ആദ്യമായി ചോദിച്ചത് ഒരു തിയേറ്റർ കാന്റീനിലെ പയ്യനാണ്. വല്ലാത്ത സന്തോഷമായിരുന്നു അത്. ആമേൻ ഇറങ്ങിയപ്പോൾ എന്റെ ക്യാരക്ടർ പലർക്കും ഇഷ്ടമായതോടെ കുറച്ച് പേർ പറഞ്ഞാൽ അറിയാവുന്ന അവസ്ഥയിലെത്തി. പിന്നെ സപ്തമശ്രീ തസ്കര അഭിനയിച്ചപ്പോൾ ഞാൻ ബംഗാളിയോണോ എന്ന് കരുതിയ ആളുകളുമുണ്ട്. ആട് ആദ്യഭാഗം തിയേറ്ററിൽ വലിയ ഹിറ്റായില്ലെങ്കിലും ഡിവിഡി ഇറങ്ങിയപ്പോൾ കുറച്ച് കൂടിയാളുകൾ എന്നെ ശ്രദ്ധിച്ചു തുടങ്ങി. 2017-ൽ ഉദാഹരണം സുജാത, പൈപ്പിൻ ചുവട്ടിലെ പ്രണയം, 2018-ൽ ജോസഫ് എന്നീ ചിത്രങ്ങളും കഴിഞ്ഞതോടെ എന്റെ പേര് കുറച്ച് കൂടി പേരിലെത്തി. സിനിമയിൽ വന്നിട്ട് 10 വർഷങ്ങൾ കഴിഞ്ഞുവെങ്കിലും സത്യം പറഞ്ഞാൽ എന്നെ ആളുകൾ തിരിച്ചറിയാൻ, പേര് പറഞ്ഞാൽ കുറച്ചെങ്കിലും അറിയാൻ തുടങ്ങിയത് കഴിഞ്ഞ ഒന്നര വർഷത്തിനിടയിലാണ്. സിനിമയിൽ എനിക്ക് അവസരം ലഭിക്കാൻ കുറേക്കാലം എടുത്തു. എന്റെ അധ്വാനക്കുറവുകൊണ്ടായിരിക്കാം. അന്ന് ഇത്രമാത്രം അവസരങ്ങൾ ഉണ്ടായിരുന്നില്ല. ചെമ്പനും ജോജുവും ഫോട്ടോ: ബി.മുരളീകൃഷ്ണൻ ചെമ്പൻ വിനോദും ജോജുവും എന്നെപ്പോലെ തന്നെ സിനിമയിൽ എത്തിയവരാണ്. രണ്ടു പേർക്കൊപ്പവും ഞാൻ നേരത്തേ അഭിനയിച്ചിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ ചെമ്പൻ പൊറിഞ്ചു മറിയം ജോസിൽ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. ജോജുവുമായും അടുത്ത സൗഹൃദമുണ്ട്. ഇരുവരും മികച്ച നടൻമാരെന്ന നിലയിൽ ഒരു പാട് മുന്നോട്ട് പോയി. ഇനി പുത്തൻ റിലീസുകൾ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പമുള്ള ഉറിയടി, ജാലിയൻ വാലാബാഗ്, ചെമ്പൻ നായകനാകുന്ന പൂഴിക്കടകൻ എന്നിവയാണ് പുതിയ ചിത്രങ്ങൾ. എല്ലാം പ്രേക്ഷകർ സ്വീകരിക്കുമെന്നപ്രതീക്ഷയിലാണ് ഞാൻ. Content Highlights:Sudhi Koppa interview, porinju mariam jose, Joshy, Chemban Vinod, Joju George, Nyla Usha, Malayalam Movie latest Release
from movies and music rss https://ift.tt/322f3h1
via
IFTTT
No comments:
Post a Comment