Thursday, August 22, 2019

ഒറീസ്സയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും സാധിക്കില്ല? പ്രളയത്തെക്കുറിച്ച് മോഹൻലാൽ

പണം പിരിക്കൽ മാത്രമല്ല ദുരിതാശ്വാസ പ്രവർത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് മോഹൻലാൽ. പ്രളയശേഷമുള്ള കേരളത്തെക്കുറിച്ചുള്ള ആകുലതകൾ തന്റെ ബ്ലോഗിലൂടെയാണ് നടൻ പങ്കുവെച്ചത്. 2018ലും ഈ വർഷവും പ്രളയം ദുരന്തം വിതച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് എല്ലാ തരത്തിലും മാറേണ്ടതുണ്ട്. മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാൻ ഓടുന്നതിനേക്കാൾ അതിനുമുമ്പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥലങ്ങളിൽ നിന്ന് മനുഷ്യരെ മാറ്റാൻ നമുക്ക് സാധിക്കില്ലേയെന്നും മോഹൻലാൽ ചോദിക്കുന്നു. ലാലിന്റെ വാക്കുകൾ കൂപ്പുകൈയോടെ... ഒരു വർഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകൾ അപഹരിക്കുകയും ജീവിതം തകർക്കുകയും ചെയ്തപ്പോൾ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. കാലാവസ്ഥ അനുഗ്രഹിച്ച കേരളം എന്ന അഭിമാനബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാൻ സാധിക്കില്ല. വെയിൽ വന്ന് പരന്നുകഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങൾ അഴിഞ്ഞു. വീട് തകർന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയിൽ തുടർന്നു. തൽക്കാലം നിർത്തിവെച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂർവ്വാധികം ഉഷാറായി തുടർന്നു. ഉയരങ്ങളിൽ കൂടുതൽ കൂടുതൽ കൃത്രിമ തണ്ണീർത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാർ പതിവ് പഴിചാരലുകൾ പുനരാരംഭിച്ചു. കേരളം പഴയതുപോലെയായി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല. പ്രകൃതിയുടെ ചുമരിലെ കലണ്ടറും ഓർമ്മയും ഏറെ കൃത്യമായിരുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞ് കൃത്യം ഒരു വർഷമായപ്പോൾ കൊടും മഴ പെയ്തു. തുരന്നു തുരന്നു പകുതിയായ മലകൾ ഒലിച്ചുപോയി. അതിനൊപ്പം ഒരുപാട് പാവപ്പെട്ട മനുഷ്യരും അവരുടെ വിലപ്പെട്ട ജീവിതവും. ഇത് എഴുതുമ്പോഴും അവരിൽ പലരും മണ്ണിനടിയിലാണ്. ഒരു പ്രളയം കൊണ്ട് പഠിക്കാനോ, കൃത്യമായി മുന്നൊരുക്കങ്ങൾ നടത്താനോ നമുക്കായില്ല. മഴ നമ്മെ വിറപ്പിച്ചുകൊണ്ട് മുന്നിൽ കലിതുള്ളിനിന്നു. പാവപ്പെട്ട മനുഷ്യർ ഏതൊക്കെയോ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി വെള്ളക്കെട്ടിൽ വീണു മരണമടഞ്ഞു. ലോകം മുഴുവൻ കേരളത്തിലേക്ക് വരുന്നത് ഇവിടുത്തെ കാലാവസ്ഥയുടെ കേമത്തം കൊണ്ടായിരുന്നു. അധിനിവേശക്കാർ എന്തൊക്കെ കൊണ്ടുപോയാലും നമ്മുടെ തിരുവാതിര ഞാറ്റുവേല അവർക്ക് കൊണ്ടുപോകാൻ സാധിക്കില്ലല്ലോ എന്ന് നാം മേനി പറഞ്ഞിരുന്നു. അത്രയ്ക്ക് കൃത്യവും സുന്ദരവുമായിരുന്നു നമ്മുടെ ഋതുഭേദങ്ങൾ. മിതവും സുന്ദരവുമായ മഴക്കാലവും പ്രസന്നമായ വെയിലും മിതമായ തണുപ്പുകാലവും നമ്മളെ സുഖിമാന്മാരാക്കി. നാം അതിൽ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. മഴയെപ്പറ്റി കവിതയും പാട്ടും എഴുതിയിരുന്ന നമുക്ക് ഇപ്പോൾ മഴയെന്നാൽ ഒരു പേടിയാണ്. എല്ലായിടത്തും വെള്ളം കയറുന്ന സ്ഥലമായി. സഞ്ചാരികൾ കേരളത്തിലേക്ക് വരുവാനായി കലണ്ടറുകൾ കരുതലോടെ തയ്യാറാക്കിതുടങ്ങി. നിക്ഷേപകരും ഭാവിയിൽ കരുതൽ എടുത്തേക്കാം. കേരളം കാലാവസ്ഥാ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ? ആണെങ്കിൽ അത് നമ്മെ ഏറെ ഭയപ്പെടുത്തേണ്ടതും ചിന്തിപ്പിക്കേണ്ടതുമാണ്. പ്രകൃതി ദുരന്തങ്ങളെ ആർക്കും പൂർണ്ണമായി ചെറുക്കാൻ സാധിക്കില്ല. എന്നാൽ, ആധുനിക ശാസ്ത്രസംവിധാനങ്ങളുപയോഗിച്ച് നമുക്ക് അവയെ മുൻകൂട്ടിയറിയാനും ഒരുപാട് ഒരുക്കങ്ങൾ നടത്താനും സാധിക്കും. നമ്മുടെ രാജ്യത്തു തന്നെ സമീപകാലത്ത് അതിന് ഉദാഹരണമുണ്ട്. 1999 ൽ ഒറീസ്സയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ പതിനായിരം മനുഷ്യരാണ് മരിച്ചത്. എന്നാൽ അതേ സ്ഥാനത്ത് 2003 ൽ ഫാലിൻ എന്ന ചുഴലിക്കാറ്റ് വന്നപ്പോൾ 25 പേരെ മരിച്ചുള്ളൂ. സാറ്റലൈറ്റ് ഇമേജുകളുപയോഗിച്ചും കടൽത്തിരമാലകളുടെയും കാറ്റിന്റെയും വേഗമളന്നും മഴയുടെ പതനശേഷി അളന്നും സംസ്ഥാന സർക്കാരും ദുരന്തനിവാരണ സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചിട്ടയോടെ പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഒറീസ്സയുടെ ഈ മുന്നൊരുക്കത്തെ ഐക്യരാഷ്ട്രസംഘടന വരെ അഭിനന്ദിക്കുകയുണ്ടായി. ഒറീസ്സയ്ക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്കും സാധിക്കില്ല? രണ്ട് വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് എല്ലാ തരത്തിലും മാറേണ്ടതുണ്ട്. പണം പിരിക്കൽ മാത്രമല്ല ദുരിതാശ്വാസ പ്രവർത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ട്. മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാൻ ഓടുന്നതിനേക്കാൾ അതിനുമുമ്പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥലങ്ങളിൽ നിന്ന് മനുഷ്യരെ മാറ്റാൻ നമുക്ക് സാധിക്കില്ലേ? ഇതിനെല്ലാം വേണ്ട ഒരു പ്രധാന കാര്യം എല്ലാവരും അവരവരുടെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്യുക എന്നതാണ്. നന്ദി, വിനയം, സമർപ്പണം, കടമ, അനുതാപം ഇവയെല്ലാം നമുക്ക് തീരെ കുറഞ്ഞുവരികയാണ് എന്നെനിക്ക് തോന്നാറുണ്ട്. പ്രകൃതിയോട് നമുക്ക് വിനയം വേണം, സഹജീവികളുടെ ജീവിതത്തോട് അനുതാപം വേണം, ചെയ്യാനുള്ള ജോലിയോട് പ്രതിബദ്ധത വേണം, ലഭിക്കുന്ന നന്മകളോട് നന്ദി വേണം. ഇവയെല്ലാം എവിടെയൊക്കെയോ ചോർന്നു പോകുന്നു. എല്ലാവരും അവരവരുടെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്താൽ ജീവിതത്തിലെ എല്ലാ ദുരിതങ്ങളെയും വലിയ ഒരളവിൽ മറികടക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ല ഈ കാണുന്നതെല്ലാം എന്ന തിരിച്ചറിവ്, ജ്ഞാനികളായ മനുഷ്യർ പറയുന്നത് കേൾക്കാനുള്ള മനോഭാവം, എല്ലാറ്റിലും രാഷ്ട്രീയവും മതവും ജാതിയും കലർത്താതിരിക്കാനുള്ള വകതിരിവ്, അടുത്ത തലമുറയ്ക്കും ഭാവിയ്ക്കുമായുള്ള വലിയ വിഷൻ... ഇപ്പോഴുമില്ലെങ്കിൽ ഇനിയെന്നാണ് അതുണ്ടാവുക? എനിക്ക് ശേഷം പ്രളയം എന്ന വിചാരവുമായി ജീവിക്കാൻ നമുക്ക് സാധിക്കില്ല. എന്നോടൊപ്പം തന്നെ പ്രളയമുണ്ട് എന്ന് തിരിച്ചറിയുക. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മളാൽ കഴിയുന്ന വിധത്തിൽ നമുക്ക് പരസ്പരം സഹായിക്കാം. ഉള്ളതിൽ ഒരു പങ്ക് പകുത്ത് നൽകാം. കുറെക്കൂടി വിനയമുള്ളവരാവാം, സത്യസന്ധരാവാം. പ്രകൃതിയാണ് ഏറ്റവും വലിയ ദൈവം എന്ന് തിരിച്ചറിഞ്ഞ് കൈക്കൂപ്പാം. സ്നേഹത്തോടെ.... മോഹൻലാൽ Content Highlights : Mohanlal The Complete Actor blog, Kerala Floods 2019

from movies and music rss https://ift.tt/2ZdLbAL
via IFTTT

No comments:

Post a Comment