Monday, September 2, 2019

എനിക്കിപ്പോള്‍ ഗര്‍ഭപാത്രമില്ല, 13 ട്യൂമറുകളാണ് എന്നില്‍ നിന്നും നീക്കം ചെയ്തത്- അനൗഷ്‌ക

താൻ ഇപ്പോൾ ഗർഭപാത്രമില്ലാതെയാണ് ജീവിക്കുന്നതെന്ന് സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്ക രവിശങ്കർ. സോഷ്യൽ മീഡിയയിലൂടെയാണ് അനൗഷ്ക താൻ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും ഗർഭപാത്രം നീക്കം ചെയ്തെന്നും വെളിപ്പെടുത്തിയത്. സ്ത്രീത്വവും മാതൃത്വവും ഒരു സ്ത്രീക്ക് സമൂഹം അനുശാസിച്ചിരിക്കുന്ന അളവുകോലുകൾ തെറ്റിക്കാതിരിക്കാൻ പലരും ഇന്ന് തങ്ങളുടെ രോഗങ്ങളും ലക്ഷണങ്ങളും മറച്ചുവയ്ക്കാറുണ്ടെന്നും എന്നാൽ ഇതിൽ ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലാത്തതിനാലാണ് താനിപ്പോൾ ഇക്കാര്യം തുറന്നു പറയുന്നതെന്നും അനൗഷ്ക പറയുന്നു അനൗഷ്കയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ എനിക്കിപ്പോൾ ഗർഭപാത്രം ഇല്ല. കഴിഞ്ഞ മാസം നടത്തിയ രണ്ടു ശസ്ത്രക്രിയകളിലൂടെ ഗർഭപാത്രം എനിക്ക് നഷ്ടമായിരിക്കുന്നു. ഗർഭാശയത്തിലുണ്ടായിരുന്ന മുഴ വളർന്നു വലുതായി ആറു മാസം ഗർഭം ഉണ്ടെന്ന് തോന്നുന്ന ഘട്ടത്തിലെത്തി.അതോടെ അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്റെ ഉദരത്തിലുണ്ടായിരുന്ന നിരവധി ട്യൂമറുകൾ മറ്റൊരു ശസ്ത്രക്രിയയിലൂടെയും നീക്കം ചെയ്തു. ആകെ മൊത്തം പതിമൂന്ന് ട്യൂമറുകൾ ഉണ്ടായിരുന്നു. ഇതിലൊന്ന് എന്റെ പേശികൾക്കിടയിലൂടെ വളർന്ന് വയറിലൂടെ ഉന്തി നിൽക്കുകയായിരുന്നു. എന്റെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞപ്പോൾ മുതൽ ഡിപ്രഷനിലായിരുന്നു ഞാൻ. എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയിൽ കുട്ടികൾ വേണമെന്നആഗ്രഹം, ശസ്ത്രക്രിയ്ക്കിടയിൽ മരണപ്പെട്ടാൽ എന്റെ കുട്ടികൾ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുമെന്ന ഭയം, ലൈംഗിക ജീവിതത്തിൽ ഇതുണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയൊക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാൻ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇതിനെക്കുറിച്ച് സംസാരിച്ചു. നിരവധി സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്ന് അപ്പോഴാണ് ഞെട്ടലോടെ ഞാൻ തിരിച്ചറിയുന്നത്. എന്നാൽ ഇത് ഇത്ര സാധാരണമായിട്ടും എന്തുകൊണ്ട് ആരും തുറന്നു പറയുന്നില്ലെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. നമ്മുടെ സ്ത്രീത്വത്തെയല്ലേ നമ്മൾ എല്ലായിടത്തും പ്രതിനിധീകരിക്കുന്നതെന്നാണ് അതിന് ഒരു സ്ത്രീ എനിക്ക് നൽകിയ മറുപടി. ഞാൻ എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കിയപ്പോൾ മനസിലായി അത് ശരിയാണ്. ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള എന്റെ ധാരണകളും ആർത്തവത്തെക്കുറിച്ചുള്ള എന്റെ ചിന്തകളേയുമെല്ലാം ഇത്രയും നാൾ ഞാൻ ചോദ്യം ചെയ്യപ്പെടാൻ അനുവദിച്ചില്ല. പതിനൊന്നാം വയസിലാണ് എനിക്ക് ആദ്യ ആർത്തവം വരുന്നത്. എല്ലാ 20-25 ദിവസം കൂടുമ്പോൾ പത്ത് ദിവസത്തോളം ആർത്തവം ഉണ്ടാകും. ആ സമയത്തെ മൈഗ്രേന് ഡോക്ടർ മരുന്നുകൾ നൽകിയിരുന്നു. വയറുവേദന കൊണ്ട് നിലത്തുരുണ്ടിരുന്ന ദിവങ്ങളായിരുന്നു അത്. 26-ാമത്തെ വയസ്സിലാണ് എന്റെ ഗർഭപാത്രത്തിനുള്ളിൽ മത്തങ്ങാ വലുപ്പത്തിലുള്ള മുഴ ഉണ്ടെന്ന് ആദ്യം അറിയുന്നത്. ഇത് വിജയകരമായി നീക്കം ചെയ്തതിനു ശേഷം എന്റെ സുന്ദരൻമാരായ രണ്ട് ആൺമക്കൾക്ക് ജൻമം നൽകി. ഗർഭാശയത്തിൽ വിള്ളൽ വീഴുമോ എന്ന ആശങ്കയിൽ ആദ്യത്തേത് എമർജൻസി സിസേറിയൻ ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് മുറിവിൽ അണുബാധ പിടിപെടുകയും വിളർച്ച ബാധിക്കുകയും ചെയ്തു. എല്ലാ ദിവസവും തുന്നിക്കെട്ടിയ മുറിവുമായി ഞാൻ ആശുപത്രിയിൽ പോകുകയും നഴ്സ് മുറിവ് വൃത്തിയാക്കി വിടുകയും ചെയ്തു. ഞാനന്ന് ഏറെ ക്ഷീണിതയായിരുന്നു. മുലപ്പാൽ നൽകുന്നതിനായി മകനെ എന്റെ കുടുംബാംഗങ്ങൾ സത്യത്തിൽ എന്റെ ദേഹത്തേക്ക് ചേർത്തുവെച്ചുതരുമായിരുന്നു. അതിന് ശേഷം ഞാൻ വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് എന്നെ ആരോ ജീവനോടെ തിന്നുന്ന അനുഭവമായിരുന്നു. അത്രയ്ക്ക് ക്ഷീണിതയായിരുന്നു ഞാൻ. എന്റെ മൈഗ്രെയിനിന്റെ വേദനകളും അസഹ്യമായി. എന്റെ മക്കൾ ജനിച്ച സമയത്തെ ചിത്രങ്ങൾ ഞാൻ പോസ്റ്റ് ചെയ്തതെല്ലാം ഏറെ സന്തോഷം കാണിക്കുന്നവയായിരുന്നു. നമ്മൾ വളരെ സുഖമായി തന്നെ ഇവ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്ന ഒരു ലോകത്തിന് മുന്നിൽ ഈ വേദനകൾ എങ്ങനെ കാണിക്കാനാണ്. ഏറെ നാളത്തെ സ്ട്രെസ്സിനും ബ്ലീഡിങ്ങിനും നടുവേദനയ്ക്കും മൈഗ്രേനും ശേഷം ഞാൻ മനസിലാക്കി എന്റെ ഉള്ളിൽ വീണ്ടും ഫൈബ്രോയിഡുകൾ വളരുന്നു. അതോടെയാണ് ഈ സമയത്ത് ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇന്ന് ഞാൻ സുഖം പ്രാപിച്ച് വരുന്നു. കുടുംബത്തിന്റെ വളരെ മികച്ച പിന്തുണ എനിക്കുണ്ട്. എനിക്ക് ഉപദേശമോ സഹതാപമോ വേണ്ട. എനിക്കറിയാം എന്റെ കഥയേക്കാൾ ഭീകരാവസ്ഥ അനുഭവിക്കുന്ന സ്ത്രീകളുണ്ടെന്ന്, എന്നാൽ എന്റെ ശസ്ത്രക്രിയയെക്കുറിച്ച് ഇനിയും നിങ്ങളോട് പറയാതിരിക്കനാകില്ല. പ്രത്യുത്പാദനം അടിസ്ഥാനമായ ആരോഗ്യ ചിന്തയ്ക്ക് പ്രാധാന്യം നൽകിയതിനാൽ പലപ്പോഴും നമ്മുടെ രോഗങ്ങളും ലക്ഷണങ്ങളും ഒളിച്ചുവയ്ക്കാനാണ് നോക്കുക. എന്നാൽ എനിക്ക് ഇനിയും അത് ചെയ്യേണ്ട. എന്റെ ഗർഭപാത്രംനീക്കം ചെയ്തു, അതോടൊപ്പം വയറിലെ മറ്റ് ട്യൂമറുകളും. അതിൽ ഒളിച്ച് വയ്ക്കാനൊന്നുമില്ല...അനൗഷ്ക പറയുന്നു. Content Highlights :Anoushka Shankar Opens up about her hysterectomy

from movies and music rss https://ift.tt/2lT1zob
via IFTTT

No comments:

Post a Comment