സിദ്ധിഖ്-ലാൽ, റാഫി-മെക്കാർട്ടിൻ, അനിൽ-ബാബു മലയാള സിനിമയിലെ പ്രഗത്ഭരായ ഈ ഇരട്ടസംവിധായകർ ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർക്ക് ലഭിച്ചത് സൂപ്പർഹിറ്റ് ചിത്രങ്ങളാണ്.. അക്കൂട്ടത്തിലേക്ക് മറ്റ് രണ്ട് പേരുകൾ കൂടി എഴുതി ചേർക്കപ്പെടുകയാണ്..ജിബി-ജോജു. ചൈനയിൽ ജനിച്ച് കുന്ദംകുളത്ത് ജീവിക്കുന്ന ഇട്ടിമാണിയുടെ കഥ പറയുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ അമരക്കാർ. ഇരുപത് വർഷത്തിലേറെയായി മലയാള സിനിമയിൽ അസോസിയേറ്റ്-അസിസ്റ്റന്റ് ഡയറക്ടേഴ്സായി പ്രവർത്തിച്ച പരിചയം കൈമുതലാക്കിയാണ് ഇരുവരും തങ്ങളുടെ കന്നി സംവിധാന സംരംഭം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ ഇട്ടിമാണിയായി വേഷമിടുന്ന ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമ്പോൾ എല്ലാം സ്വപ്ന തുല്യമായ നേട്ടമാണ് ജിബിക്കും ജോജുവിനും...ഇട്ടിമാണിയെക്കുറിച്ച്, പ്രിയങ്കരനായ ലാൽ സാറിനെക്കുറിച്ച്, സൗഹൃദത്തെക്കുറിച്ച് ജിബിയും ജോജുവും മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു. ഇട്ടിമാണിയെക്കുറിച്ച്? ജിബി : ഞങ്ങളുടെ പത്തിരുപത്തിനാല് വർഷത്തെ അധ്വാനമാണ് ഈ സിനിമ. ആദ്യ സിനിമയിൽ തന്നെ ലാൽ സാറിനെ നായകനാക്കാൻ പറ്റുന്നു, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി ചേട്ടൻ ചിത്രം നിർമിക്കുന്നു എന്നൊക്കെ പറയുന്നത് സ്വപ്നം കാണാൻ പോലും സാധിക്കാത്ത കാര്യമാണ്. അതാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ഇതൊരു ക്ലീൻ ഫാമിലി എന്റർടെയ്നറാണ്. അപ്പനും അമ്മയ്ക്കും മക്കൾക്കും കൂടി അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു കാണാവുന്ന ഒരു ചിത്രം. ഹ്യൂമർ ഉണ്ടെങ്കിലും നമ്മൾ കൂടുതൽ ഫോക്കസ് ചെയ്തിരിക്കുന്നത് കുടുംബപ്രേക്ഷകരെയാണ്. ജോജു: ചൈനയിൽ ജനിച്ചു കുന്ദംകുളത്ത് സെറ്റിൽ ആകേണ്ടി വന്ന കുടുംബമാണ് ഇട്ടിമാണിയുടേത്. ഒരു പച്ചയായ മനുഷ്യനാണ് ഇട്ടിമാണി ..മണ്ണിന്റെ മണമുള്ള എന്നൊക്കെ പറയില്ലേ ...അല്പം കുസൃതിയും കൗശലങ്ങളുമൊക്കെ ഉള്ള സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാൾ. മോഹൻലാൽ ഇട്ടിമാണിയിലേക്കെത്തുന്നത്? ജിബി: ഞങ്ങൾ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ആയിരുന്നു. അതിന്റെ സെറ്റൽ വച്ചാണ് ലാൽ സാറിനെ പരിചയപ്പെടുന്നത്. അവിടെ വച്ച് ഈ സബ്ജക്റ്റ് ലാൽ സാറിനോട് പറയാൻ അവസരം കിട്ടി. അതിന്റെ ത്രെഡ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ തിരക്കഥ കേട്ടു. ഒടുവിൽ ഇതാ ഇട്ടിമാണി പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു... സത്യത്തിൽ ഇത് ലാൽ സാറിന് വേണ്ടി എഴുതിയ കഥാപാത്രമല്ലായിരുന്നു. ഇട്ടിമാണി എന്നൊരു വ്യക്തിയാണ് പ്രധാനകഥാപാത്രം എന്നേ ഉണ്ടായിരുന്നുളളൂ. ലാൽ സാറിന് കഥ ഇഷ്ടമായപ്പോൾ അത് അദ്ദേഹത്തിന് ചേരുന്ന രീതിയിലേക്ക് മാറ്റി. ആദ്യ സിനിയിൽ സൂപ്പർസ്റ്റാർ നായകൻ, ഇത്ര വലിയ ബാനർ, ഇതെല്ലാം പ്രതീക്ഷിച്ചിരുന്നോ? ജിബി : ഒരിക്കലുമില്ല.സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. 2016 ജനുവരിയിലാണ് ഞങ്ങൾ ഈ സബ്ജക്ടുമായി ഇരിക്കുന്നത്. 2016 മെയിലായിരുന്നു മുന്തിരിവള്ളികളുടെ വർക്ക്..ബാക്കി ഒക്കെ ദൈവാനുഗ്രഹം കൊണ്ട് സംഭവിച്ചതാണ്. ഇത്ര വലിയ ബഡ്ജറ്റോ ബാനറോ ലാലേട്ടനോ മനസ്സിൽ ഉണ്ടായിരുന്നില്ല. കുറച്ചധികം കഥാപാത്രങ്ങൾ ഉള്ള ഒരു സിനിമയാണ് എന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ലാലേട്ടൻ വരുമ്പോൾ കാൻവാസ് തന്നെ വലുതാകും.. ലാലേട്ടൻ ഇട്ടിമാണി ആവാൻ തയ്യാറായിരുന്നില്ലെങ്കിൽ? ജിബി: ഒരിടയ്ക്ക് ലൂസിഫർ, ഒടിയൻ, രണ്ടാമൂഴം എന്നീ വലിയ സിനിമകളുടെ തിരക്കുകൾ ലാലേട്ടൻ ഞങ്ങളോട് പറഞ്ഞിരുന്നു- മക്കളെ ഇത് നല്ല സബ്ജക്ടാണ് വിട്ടു കളയരുതെ മറ്റാരെയെങ്കിലും വച്ച് ചെയ്യൂ എന്ന്..പക്ഷെ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു ലാലേട്ടൻ ഈ ചിത്രത്തിലേക്ക് വരുമെന്ന്. കാരണം ലാലേട്ടൻ പറഞ്ഞാൽ ക്ലിക്ക് ആകുന്ന ഒരു കണ്ടന്റ് ഈ ചിത്രത്തിലുണ്ട്. അത് ലാലേട്ടൻ തന്നെ പറയണമെന്ന് ആയിത്തീർന്നത് ദൈവാനുഗ്രഹമാണ്. ജോജു: ജിബിച്ചേട്ടൻ പറഞ്ഞത് പോലെ ലാലേട്ടനെ കണ്ട് എഴുതിയ ഒന്നല്ല ഇത്. വന്ന് ചേർന്നതാണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്റെ സെറ്റിൽ വച്ച് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അതിഷ്ടപ്പെടുകയും അങ്ങനെ ആന്റണി ചേട്ടൻ വരികയും സിനിമയുമായി മുന്നോട്ട് പോവുകയുമായിരുന്നു.. ഒരുപക്ഷെ ഇങ്ങനെ ഒരു ലാലേട്ടനെ ജനങ്ങൾ കാണണം എന്ന് അവർക്ക് തോന്നിയിരിക്കാം. അടുത്ത് വന്നിട്ടുള്ള ലാലേട്ടൻ ചിത്രങ്ങൾ എല്ലാം തന്നെ പൊളിറ്റിക്കൽ, ഹിസ്റ്റോറിക്കൽ ബാക്ഗ്രൗണ്ട് ഉള്ള അതിമാനുഷികത്വം ഉള്ള കഥാപാത്രങ്ങളാണ്. എന്നാൽ പണ്ടത്തെ പോലെ കുസൃതികളൊക്കെ ഉള്ള ലാലേട്ടനെ എന്നും ജനങ്ങൾ കാണാൻ ആഗ്രഹുയ്ക്കുന്നുണ്ട്... പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർ. അങ്ങനെ ഒരു ലാലേട്ടനെയാണ് ഒരു കുടുംബകഥയുടെ പശ്ചാത്തലത്തിൽ കൊണ്ട് വരാൻ ശ്രമിച്ചിരിക്കുന്നത് തൃശ്ശൂർ ഭാഷയും കുന്ദംകുളവും ചൈനയും ജിബി: തൃശൂർ ഭാഷ ഈ ചിത്രത്തിനകത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ സിനിമയിലുടനീളം തൃശൂർ ഭാഷ ഉപയോഗിച്ചിട്ടുമില്ല. അത് തൂവാനത്തുമ്പികളിലും അങ്ങനെ തന്നെ ആയിരുന്നു. കുന്ദംകുളംകാരനാണ് ഇട്ടിമാണി. ചൈനയിൽ ജനിച്ചു കുന്ദംകുളത്ത് ജീവിക്കുന്ന കഥാപാത്രം. ഇട്ടിമാണിയെ ഈ സ്ഥലങ്ങളിൽ പ്ലേസ് ചെയ്യാൻ അതിനു തക്ക കാരണങ്ങൾ ഉണ്ട്. അയാളുടെ അച്ഛനും മറ്റു കുടുംബക്കാരും എല്ലാം കുന്ദംകുളത്തുകാരാണ്. അതങ്ങനെ ആയി വന്നതാണ്, കുന്ദംകുളത്തുകാരൻ മാണിക്കുന്നേൽ ഇട്ടിമാതാ മകൻ ഇട്ടിമാണി എന്ന രീതിയിൽ.. അയാൾ ചൈനയിൽ ജനിച്ചാൽ നല്ലതായിരിക്കുമെന്ന് നമുക്ക് തോന്നിയിരുന്നു. അത് ഈ കഥ ആവശ്യപെടുന്നുമുണ്ട്. ജോജു: സ്ഥലങ്ങൾ ഇന്നത് വേണമെന്ന് മനഃപൂർവം ചെയ്ത ഒന്നല്ല.. പക്ഷെ ചില സന്ദർഭങ്ങളിൽ ആ സ്ഥലകങ്ങൾ പ്രസക്തമാകുന്നുണ്ട്. ചൈനയിൽ ജനിച്ചതുകൊണ്ടാണ് ടൈറ്റിലിൽ മെയ്ഡ് ഇൻ ചൈന എന്നുൾപ്പെടുത്തിയിരിക്കുന്നത്. പിന്നെ ചൈനയും കുന്ദംകുളവും തമ്മിലുള്ള ഒരു ഡ്യൂപ്ലികേറ്റ് ബന്ധമുണ്ടല്ലോ അതും കഥയിൽ കയറിപോകുന്നുണ്ട്. സൗഹൃദം മുതൽക്കൂട്ടാകുമ്പോൾ ജിബി: ഞങ്ങൾ തമ്മിൽ ഇരുപത് വർഷത്തോളമായുള്ള സൗഹൃദമാണ്. പത്തു പതിനാല് പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. വെള്ളിമൂങ്ങ ചെയ്യുന്ന സമയത്താണ് ഒരുമിച്ചു പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതും അത് ഇട്ടിമാണിയിലേക്ക് എത്തുന്നതും.. ഇരട്ട സംവിധായകർ ആകുമ്പോഴത്തെ ഏറ്റവും വലിയ ഗുണം എന്നുള്ളത് രണ്ടു പേരുടെ ഐഡിയ ഒരു സിനിമയ്ക്കകത്ത് ഉപയോഗിക്കാനാകും എന്നതാണ്. ഈഗോ ഇല്ലാതെ മുന്നോട്ട് പോയാൽ മാേ്രത അത് നടക്കൂ. ഞങ്ങൾ തമ്മിലുള്ള സൗഹൃദയം അതിനു സഹായകമായിട്ടുണ്ട്. ഒരുമിച്ചു ഇനിയും സിനിമകൾ ചെയ്യണെമെന്നു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. ജോജു: ഞാൻ ക്ലാപ്പ് അസിസ്റ്റന്റ് ആയി വർക് ചെയ്യാൻ വരുന്ന സമയത്ത് ജിബി ചേട്ടൻ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. അദ്ദേഹത്തിന് 25 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. ഞാൻ വന്നിട്ട് 20 വർഷത്തോളമായി. നല്ലൊരു ടെക്നിഷ്യൻ എന്ന പോലെ തന്നെ നല്ലൊരു സുഹൃത്തുമായിരുന്നു ചേട്ടൻ. പിന്നെ ഞങ്ങളുടേത് സീരിയസ് ആയ കാരക്ടേഴ്സ് അല്ല.. നല്ല പോലെ തമാശ പറയുന്ന കൗണ്ടറുകൾ പറയുന്ന ആളുകളാണ് ..ഞങ്ങളുടെ സൗഹൃദവും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ഇത്ര വർഷമായിട്ടും ഒരു കോട്ടവും പറ്റാതെ അത് മുന്നോട്ട് പോകുന്നതും.. ഞങ്ങൾ ഒരുമിച്ച് അസിസ്റ്റന്റ്-അസോസിയേറ്റ് ഡയറക്ടേഴ്സ് ആയി വർക് ചെയ്തു. ഒന്നിച്ച് പതിനഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്. പിന്നെ സിനിമയുടെ കാര്യമാണെങ്കിൽ നല്ലൊരു സബ്ജക്ട് വന്നാൽ ഒരു സ്പാർക്ക് വന്നാൽ ജിബി ചേട്ടൻ അതെന്നെ വിളിച്ചു പറയും. ഞാൻ ആണെങ്കിലും അങ്ങനെ തന്നെ...പത്തു വർഷം മുൻപ് തന്നെ ഞങ്ങൾ ഒന്നിക്കാനുള്ള പ്ലാൻ ഉണ്ടായിരുന്നങ്കിലും നടന്നില്ല. പിന്നെ വെള്ളിമൂങ്ങ കഴിഞ്ഞ ശേഷമാണ് ഒരുമിച്ചു ചിത്രം ചെയ്യണമെന്ന് തീരുമാനിക്കുന്നത് .പിന്നെ ഇതിന്റെ കഥയും ഞങ്ങൾ തന്നെ എഴുതിയത് സാഹചര്യങ്ങൾ മൂലമാണ്. പല പ്രതിസന്ധികളും വന്നപ്പോൾ ഞങ്ങൾ തന്നെ എടുത്ത തീരുമാനമാണ് ഇതിന്റെ കഥയും ഞങ്ങൾ തന്നെ എഴുതാമെന്ന് ... ഇരുപത് വർഷത്തിലേറെയുള്ള പ്രവർത്തി പരിചയം സഹായകരമായിരുന്നോ? ജിബി: ഇത്രയും വർഷത്തെ എക്സ്പീരിയൻസ് ഗുണകരം തന്നെയായിരുന്നു. പേടിയില്ലായിരുന്നു, ചിത്രീകരിക്കുമ്പോൾ ആശയക്കുഴപ്പം ഇല്ലായിരുന്നു.. അത് ഈ എക്സ്പീരിയൻസിന്റെ ഗുണമാണ്. പക്ഷെ നല്ല സബ്ജക്ട് ഉണ്ടാകണമെങ്കിൽ എക്സ്പീരിയൻസ് വേണമെന്നില്ല. നല്ല സബ്ജക്ടും തിരക്കഥയും ഉണ്ടാകുക എന്നതാണ് ഒരു സിനിമ ചെയ്യാൻ ഏറ്റവും അത്യാവശ്യം. അത് നല്ല രീതിയിൽ പകർത്താൻ എക്സ്പീരിയൻസ് ആവശ്യമാണ്. അത് സാധിച്ചു എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം ഈ ഓണംസ്പെഷ്യലാണ് ജിബി: ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓണം ആണിത്...ഇത്രയ്ക്ക് സന്തോഷം നിറയുന്ന ഓണം ഇനി വരാനില്ല. കാരണം എന്തെന്നാൽ ആദ്യത്തെ പടം തന്നെ ലാലേട്ടനെ വച്ച് ചെയ്യുന്നു അത് ആശിർവാദ് നിർമ്മിക്കുന്നു. ഓണത്തിനിറങ്ങുന്നു. അങ്ങനെയൊരു സാഹചര്യം ഇനി വരില്ലല്ലോ.. അതുകൊണ്ട് ഈ ഓണം ഞങ്ങൾക്കേറെ സ്പെഷ്യൽ ആണ്.. ജോജു: ഏതൊരു മനുഷ്യനും ജീവിക്കുമ്പോൾ ഒരു ലക്ഷ്യം ഉണ്ടാകും..പഠിച്ച് ഒരു നിലയിലെത്തണം എന്ന പോലെ...ഇരുപത് വർഷത്തെ കരിയറിൽ ഒരുപാട് പ്രതിസന്ധികൾ നമ്മുടെ മുന്നിലും ഉണ്ടായിട്ടുണ്ട്. പല കുത്തുവാക്കുകളും കളിയാക്കലുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്.. അതിലൊന്നും പതറാതെ മുന്നോട്ട് പോയതാണ്. എപ്പോഴെങ്കിലും ഒരു നല്ല കാലം വരും എന്ന വിശ്വാസം ഉണ്ടായിരുന്നു. അതിനായി ഞങ്ങൾ ഒരുപാട് പരിശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് ഈ ഓണത്തിന് പുറത്തു വന്നത്. അതുകൊണ്ട് തന്നെ ഈ ഓണം ഞങ്ങളെ സംബന്ധിച്ച് വളരെ സ്പെഷ്യൽ തന്നെയാണ്. എല്ലാം ദൈവാനുഗ്രഹമാണ്... Content Highlights :Ittymaani Made In China Directors Jibi Joju Interview Mohanlal Movie
from movies and music rss https://ift.tt/30Xfid6
via
IFTTT
No comments:
Post a Comment