Tuesday, September 3, 2019

മടങ്ങിയെത്തുന്നു മെറിലാൻഡ്

ഒരുകാലത്ത് ടാക്കീസിലെ ലൈറ്റുകളെല്ലാം കെട്ടുകഴിയുമ്പോൾ സ്ക്രീനിൽ തെളിഞ്ഞിരുന്നൊരു ചിത്രമുണ്ട്-തിരിയുന്ന ഭൂഗോളത്തിനു മുകളിലായി മയിലിനൊപ്പം വേലേന്തി നിൽക്കുന്ന മുരുകൻ. ഒപ്പം മെറിലാൻഡ് ട്രിവാൻഡ്രം എന്ന പേരും. പുതുതലമുറയ്ക്ക് അറിയാൻവഴിയില്ലാത്ത, മലയാള സിനിമാചരിത്രത്തിലെ ഹിറ്റുകളുടെ ഭാഗ്യചിഹ്നമായിരുന്ന ആ ലോഗോ മറഞ്ഞിട്ട് നാലുപതിറ്റാണ്ടോളമായി. ഒരുകാലത്ത് സിനിമാരംഗം കീഴടക്കിയിരുന്ന മെറിലാൻഡ് പ്രൊഡക്ഷൻസ് വലിയൊരിടവേളയ്ക്കുശേഷം തിയേറ്ററുകളിലേക്കു തിരിച്ചെത്തുന്നു; മൂന്നാം തലമുറയിലൂടെ. മെറിലാൻഡിന്റെ സ്ഥാപകൻ പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകൻ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമാനിർമാണവുമായി പാരമ്പര്യത്തിന്റെ സിനിമാ പ്രൗഢി വീണ്ടെടുക്കാനെത്തുന്നത്. അതും 'ന്യൂ ജെൻ' തരംഗത്തിനൊപ്പം. നടൻ അജു വർഗീസുമായി ചേർന്ന് വിശാഖ് നിർമിക്കുന്ന നിവിൻപോളി ചിത്രം 'ലൗ, ആക്ഷൻ, ഡ്രാമ' ഈ ആഴ്ച തിയേറ്ററുകളിലെത്തും. സുനിൽ ഗുരുവായൂർ ഉദയാ സ്റ്റുഡിയോയ്ക്കൊപ്പം മത്സരിച്ച് ഹിറ്റുകൾ തീർത്തിരുന്ന മെറിലാൻഡിന്റെ അവസാന ചിത്രം 1978-ൽ പുറത്തിറങ്ങിയ, മധു നായകനായുള്ള 'ഹൃദയത്തിന്റെ നിറങ്ങൾ' ആയിരുന്നു. തിയേറ്ററുകളിൽ നിറഞ്ഞോടിയ മെറിലാൻഡിന്റെ 69 ചിത്രങ്ങളിൽ 59 എണ്ണവും സംവിധാനം ചെയ്തത് പി.സുബ്രഹ്മണ്യം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ 'കുമാരസംഭവ'മായിരുന്നു മലായാളത്തിലെ ആദ്യ സംസ്ഥാന അവാർഡ് നേടുന്ന ചിത്രം. പാടാത്ത പൈങ്കിളി, ഭക്തകുചേല, സ്നേഹദീപം, കാട്ടുമല്ലിക, സ്വാമി അയ്യപ്പൻ, ശ്രീഗുരുവായൂരപ്പൻ, ഉറങ്ങാത്ത സുന്ദരി തുടങ്ങി ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലെ ഹിറ്റുകൾക്കൊക്കെ മുന്നിൽ 'അനുഗ്രഹം ചൊരിയുന്ന മുരുകൻ' ഉണ്ടായിരുന്നു. സ്വാമി അയ്യപ്പൻ സിനിമയിൽനിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് ശബരിമലയിൽ ശ്രീ അയ്യപ്പൻ റോഡ് നിർമിച്ചത്. മലയാള സിനിമയുടെ സാങ്കേതിക വളർച്ചാവഴികളിലേക്ക് വെളിച്ചം തെളിച്ചത് സുബ്രഹ്മണ്യവും മെറിലാൻഡുമായിരുന്നു. തിയേറ്ററുകൾക്കും വിതരണ, നിർമാണ കമ്പനിക്കും പുറമേയാണ് സിനിമാനിർമാണത്തിന് അക്കാലത്തെ എല്ലാ സാങ്കേതിക തികവോടുംകൂടി നേമത്ത് സ്റ്റുഡിയോ പിറന്നത്. ഭക്തിയും സാമൂഹികവിഷയങ്ങളും പറഞ്ഞ നിരവധി ചിത്രങ്ങൾ ഇവിടെനിന്നു പിറന്നു. ഉദയാ സ്റ്റുഡിയോയുടെ അപ്രമാദിത്വം നിറഞ്ഞ കാലത്ത് 1951-ലാണ് കേരളത്തിലെ രണ്ടാമത്തെ പ്രൊഡക്ഷൻ സ്റ്റുഡിയോ ആയി മെറിലാൻഡ് പിറന്നത്. അമ്മ നീലാമ്മാളുടെ ഓർമകളുമായി നീലാ പ്രൊഡക്ഷൻസ് എന്ന പേരിലായിരുന്നു ആദ്യകാല ചിത്രങ്ങൾ നിർമിച്ചിരുന്നത്. പി.സുബ്രഹ്മണ്യത്തിന്റെ മരണത്തെത്തുടർന്ന് നേമത്തെ പ്രശസ്തമായ ആ സ്റ്റുഡിയോ സീരിയൽ നിർമാണത്തിലേക്കു മാത്രമായി ചുരുങ്ങി. സുബ്രഹ്മണ്യം ജീവിച്ചിരിക്കുമ്പോൾതന്നെ മൂത്തമകൻ എസ്.കുമാർ 'ശാസ്താ' പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിർമാണ രംഗത്തുണ്ടായിരുന്നു. 'പുതിയ വെളിച്ചം' ഉൾപ്പെടെയുള്ള നിരവധി ഹിറ്റുകളാണ് എസ്.കുമാറിന്റെ ശാസ്താ പ്രൊഡക്ഷനും മലയാളത്തിനു നൽകിയത്. ഈ കമ്പനിക്കുകീഴിലുള്ള ന്യൂ, ശ്രീകുമാർ, ശ്രീവിശാഖ്, ശ്രീപദ്മനാഭ, ദേവീപ്രിയ തിയേറ്ററുകളിൽ ഇന്നും ഹിറ്റുകൾ ഓടിക്കൊണ്ടിരുന്നു. സുബ്രഹ്മണ്യത്തിന്റെ മകൻ എസ്.മുരുകന്റെ മകനാണ് വിശാഖ്. മെക്കാനിക്കൽ എൻജിനീയറായ വിശാഖ് അച്ഛനൊപ്പം ശ്രീവിശാഖിന്റെ ചുമതലയിലായിരുന്നു. ശ്രീവിശാഖിൽ നിറഞ്ഞോടിയ 'തട്ടത്തിൻ മറയത്തി'ലൂടെ വിനീത് ശ്രീനിവാസും ധ്യാനും അജു വർഗീസുമൊക്കെ വിശാഖിന്റെ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദയാത്രയാണ് അജുവുമായി ചേർന്നുള്ള ഈ നിർമാണസംരംഭത്തിലെത്തിച്ചത്. മുത്തച്ഛനെ കണ്ടിട്ടില്ലെങ്കിലും ആ പ്രൗഢ പാരമ്പര്യം വിശാഖിന് ആത്മവിശ്വാസമേകി. ശീതീകരിച്ച ആധുനിക തിയേറ്ററുകളിലെ സ്ക്രീനിൽ ഈ ആഴ്ച 'ശ്രീവിശാഖ് മെറിലാൻഡ് സിനിമാ റിലീസ്' എന്ന പേര് തെളിയുമ്പോൾ ചരിത്രം രണ്ടാംഘട്ടത്തിലേക്കു കടക്കും. Content Highlights:Merryland Studio returns to Malayalam Cinema, movies, production company

from movies and music rss https://ift.tt/2LhBPfs
via IFTTT

No comments:

Post a Comment