ഫൈനൽസ് എന്ന ചിത്രത്തിലെ ആലീസ് എന്ന സൈക്ലിങ്കഥാപാത്രം ഏറ്റെടുക്കുമ്പോൾ രജിഷയ്ക്ക് സൈക്കിൾ ബാലൻസുപോലും ഉണ്ടായിരുന്നില്ല. എന്നാൽ, ഒന്നരമാസം കഠിനമായ പരിശീലനംനടത്തി രജിഷ ഒന്നാന്തരം സ്പോർട്സ് സൈക്ളിസ്റ്റായി. ഏറ്റെടുക്കുന്ന കഥാപാത്രത്തിനായി എന്തുസാഹസവും ചെയ്യാമെന്ന കോൺഫിഡൻസുതന്നെയാണ് ഈ നടിയുടെ വിജയഫോർമുല. ആദ്യചിത്രമായ അനുരാഗ കരിക്കിൽവെള്ളത്തിലെ എലിസബത്ത് എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരം, പിന്നീട് ജൂണിലെ ജൂൺ സാറാ ജോയ്ക്കുവേണ്ടി ഗംഭീര മേക്ക് ഓവർ. ഇനി ആലീസിന്റെ ഊഴമാണ്. ജൂണിന്റെ വിജയത്തിനുപിന്നാലെ രജിഷ കേന്ദ്രകഥാപാത്രമാകുന്ന ഫൈനൽസ് ഓണത്തിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. നവാഗതനായ പി.ആർ. അരുൺ സംവിധാനംചെയ്യുന്ന ചിത്രം നിർമിക്കുന്നത് മണിയൻപിള്ള രാജുവും പ്രജീവും ചേർന്നാണ്. ചിത്രത്തിലെ സൈക്ളിങ് താരമായ ആലീസാകാൻവേണ്ടി നടത്തിയ പരിശ്രമങ്ങളെപ്പറ്റിയും ചിത്രത്തിന്റെ വിശേഷങ്ങളെപ്പറ്റിയും രജിഷ സംസാരിക്കുന്നു. സൈക്ലിങ് അറിയാത്ത രജിഷ സൈക്ളിങ് ഒട്ടുമറിയാത്ത ഒരാളായിരുന്നു ഞാൻ. സൈക്കിളോടിക്കാൻ പോയാൽ വീണ് അപകടം പറ്റുമൊന്നൊക്കെ പറഞ്ഞ് ചെറുപ്പത്തിൽ വീട്ടിൽനിന്ന് എന്നെക്കൊണ്ട് സൈക്കിൾ തൊടീച്ചില്ല. സ്കൂൾപഠനകാലത്ത് അത്ലറ്റായിരുന്നു. ഓട്ടത്തിലാണ് അന്ന് പങ്കെടുത്തിരുന്നത്. എന്നാൽ ആസ്ത്മ വന്നപ്പോൾ അത് അവസാനിപ്പിക്കേണ്ടിവന്നു. എന്നാലും എന്നും സ്പോർട്സിനോട് താത്പര്യമുണ്ട്. സംവിധായകനായ അരുണേട്ടനും ഞാനും ഒന്നിച്ച് ഹാൻഡ് ഓഫ് ഗോഡ് എന്ന നാടകംചെയ്യുന്ന സമയത്താണ് ഫൈനൽസിന്റെ കഥ ആദ്യമായി പറയുന്നത്. അന്ന് അദ്ദേഹം ആ സിനിമചെയ്യാനൊന്നും തീരുമാനിച്ചിട്ടില്ല. കഥകേട്ടപ്പോൾത്തന്നെ ചെയ്താൽ ഇത് നല്ലൊരു സിനിമയാകുമെന്ന് ഞാൻ പറഞ്ഞു. കുറച്ച് നാളുകൾക്കുശേഷം അതൊരു പ്രോജക്ടായി മാറിയപ്പോൾ ആലീസ് എന്ന കേന്ദ്രകഥാപാത്രം രജിഷ ചെയ്യണമെന്ന് അരുണേട്ടൻ വിളിച്ചുപറഞ്ഞു. വളരെ സന്തോഷത്തോടെ ഞാൻ സമ്മതമറിയിച്ചു. വീട്ടിലെത്തിയശേഷമാണ് എനിക്ക് സൈക്കിൾ ബാലൻസില്ലല്ലോ എന്ന ചിന്ത വന്നത്. അതോടെ ടെൻഷനായി. സംഭവം അരുണേട്ടനോട് വിളിച്ചുപറഞ്ഞപ്പോൾ അതൊക്കെ വേഗം പഠിച്ചെടുക്കാം എന്നുപറഞ്ഞ് കോൺഫിഡൻസ് നൽകി. ആദ്യഘട്ടമായി സൈക്കിൾ ബാലൻസ് നേടി. പിന്നെ വിവിധതരം റൈഡിങ് സൈക്കിളുകൾ പഠിച്ചെടുത്തു. സിനിമയിൽ ആലീസ് ഓടിക്കുന്നത് ഗിയറുകളുള്ള മെലിഞ്ഞ ടയറുകളുള്ള സൈക്കിളാണ്. ഹൈറേഞ്ചിൽ അത്തരമൊരു സൈക്കിൾ വളരെവേഗത്തിൽ ഓടിക്കുകയെന്നത് എളുപ്പമല്ല. കൂടെ അഭിനയിക്കുന്ന 22 കുട്ടികളും ദേശീയ-അന്തർദേശീയ സൈക്ളിങ് താരങ്ങളായിരുന്നു. അവരുടെകൂടെ ഒന്നരമാസംമാത്രം സൈക്കിളിങ് പരിശീലിച്ച ഞാൻ നിൽക്കുമ്പോൾ അവരിലൊരാളായി പ്രേക്ഷകർക്ക് തോന്നണമെങ്കിൽ നമ്മുടെ ലുക്കിലും പെർഫോമൻസിലും അവർക്ക് സമാനമായ മികവുവേണം. അതിനുവേണ്ടി കർശനമായ ഡയറ്റിങ്ങും ഫിസിക്കൽ ട്രെയിനിങ്ങും സൈക്ളിങ് പരിശീലനവും ചെയ്യേണ്ടിവന്നു. കീറ്റോ ഡയറ്റാണ് ചെയ്തത്. കൈയിലും കാലിലും മസിൽ വരുത്തണമായിരുന്നു. അതിനാൽ ഷൂട്ട് തീരുംവരെ കഠിനമായിത്തന്നെ ഡയറ്റ് ചെയ്തു. കുറെ സൈക്ളിസ്റ്റുകളെ പരിചയപ്പെട്ടു. അവരുടെ ഉപദേശങ്ങൾ തേടി. ആലീസിനോട് പൂർണമായി നീതിപുലർത്താൻ എനിക്ക് കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നത്. അധ്വാനിച്ചു, ആലീസിലേക്കെത്താൻ സൈക്ളിങ്ങിനെ പശ്ചാത്തലമാക്കി കഥ പറയുന്ന ഫാമിലി ഡ്രാമയാണ് ഫൈനൽസ്. ഞാൻ അവതരിപ്പിക്കുന്ന ആലീസ് എന്ന പെൺകുട്ടിയുടെയും അച്ഛനായ വർഗീസ് മാഷിന്റെയും കഥയാണ് സിനിമയുടെ പ്രധാന പ്രമേയം. സുരാജേട്ടൻ (സുരാജ് വെഞ്ഞാറമൂട്) ആണ് വർഗീസ് മാഷ് എന്ന കഥാപാത്രം ചെയ്തിരിക്കുന്നത്. ഇതുവരെ ഞാൻചെയ്ത സിനിമകളിൽ ഫിസിക്കലി ഏറ്റവും കൂടുതൽ അധ്വാനിക്കേണ്ടിവന്ന സിനിമയാണിത്. ജൂണിലെ കഥാപാത്രത്തിനായി പല്ലിന് ക്ലിപ്പ് ഇടുകയും മുടി മുറിക്കുകയും തുടങ്ങി ഏറെ രൂപമാറ്റം വരുത്തിയിരുന്നു. എന്നാൽ, അതിനെക്കാൾ ഇരട്ടി അധ്വാനംവേണ്ടിവന്നു ആലീസിലേക്കെത്താൻ. ഷൂട്ടിങ്ങിനിടയിൽ രണ്ടുവട്ടമാണ് അപകടംപറ്റിയത്. പക്ഷേ, അപകടമുണ്ടായിട്ടും അത് കാര്യമാക്കാതെ ചിത്രം പൂർത്തിയാക്കാനായി. വിനയായ വീഴ്ച ഷൂട്ടിങ്ങിന്റെ ആദ്യ ഘട്ടത്തിൽതന്നെ സൈക്കിളിൽനിന്ന് വീണു. പക്ഷേ, അന്ന് ദൈവം സഹായിച്ച് ഒന്നും പറ്റിയില്ല. രണ്ടാമത്തെ വീഴ്ച ഒരിറക്കത്തിൽവെച്ചായിരുന്നു. ടയറിന്റെ ഇടയിൽ കമ്പ് കുടുങ്ങുകയായിരുന്നു. അത് മനസ്സിലായതോടെ ബ്രേക്ക് പിടിച്ച് അത്യാവശ്യം സുരക്ഷിതമെന്ന് തോന്നിയ ഭാഗത്തേക്ക് ഞാൻ വീണു. അല്ലെങ്കിൽ നട്ടെല്ലിനും തലയ്ക്കും പരിക്കേൽക്കുമായിരുന്നു. കാലിന്റെ മുട്ടിനാണ് പരിക്കുപറ്റിയത്. നല്ല വേദനയുണ്ടായിരുന്നു. റിമോട്ട് ഏരിയയായതുകൊണ്ടുതന്നെ ചെറിയ ആശുപത്രിമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ പോയി എക്സ്റേ എടുത്തപ്പോൾ പൊട്ടലില്ല ചതവുമാത്രമേയുള്ളൂ എന്ന് പറഞ്ഞു. ചതവിന്റെ വേദനയായിരിക്കുമെന്ന് വിചാരിച്ച് ആശ്വസിച്ചു. ദിവസവും അഞ്ച് വേദനസംഹാരി കഴിച്ചാണ് ഷൂട്ടിങ്ങിനായി സൈക്കിൾ ചവിട്ടിയത്. പിന്നീട് ഷൂട്ടിങ് കൊച്ചിയിലേക്ക് ഷിഫ്റ്റായപ്പോൾ വീണ്ടും ആശുപത്രിയിൽ പോയി എം. ആർ.ഐ. സ്കാൻ ചെയ്തു. മുട്ടിന്റെ രണ്ട് ലെഗ്മെന്റില്ലെന്നും ഗുരുതരമാണെന്നും അപ്പോഴാണ് മനസ്സിലായത്. ഉടൻ സർജറി വേണമെന്ന് പറഞ്ഞു. എന്നാൽ, ഒരാഴ്ച ഷൂട്ട് ബാക്കിയുണ്ടായതിനാൽ സർജറിചെയ്യാതെ ഷൂട്ട് പൂർത്തിയാക്കി. സർജറി ചെയ്താൽ അഞ്ചുമാസത്തോളം കിടന്ന് പൂർണവിശ്രമം വേണം. അതിനാൽ തത്കാലം ഫിസിയോ ചെയ്ത് ശരിയാക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്. 101 ശതമാനവും നൽകും ഒരു സിനിമ ചെയ്യാമെന്ന് ഉറപ്പുനൽകിയാൽ ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ തയ്യാറാവുക എന്നതാണ് അഭിനേതാവിന്റെ കർത്തവ്യം. നമ്മുടെ കഴിവിന്റെ 101 ശതമാനവും കഥാപാത്രത്തിനായി നൽകുക. അങ്ങനെ ചെയ്താൽ സിനിമ പൂർത്തിയാകുമ്പോൾ നമ്മൾ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നൊരു തൃപ്തി മനസ്സിലുണ്ടാകും. അതിന് സാധിക്കില്ലെങ്കിൽ കഥാപാത്രത്തെ ഏറ്റെടുക്കരുത്. നമ്മൾക്ക് ചെയ്യാനാകാത്ത കഥാപാത്രം ഏറ്റെടുക്കുന്നത് ആ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയാണ്. ഷൂട്ടിങ്ങിനിടെ പരിക്കുപറ്റിയിട്ടും ഡ്യൂപ്പ് വേണ്ടെന്ന് തീരുമാനിച്ചത്, ഇത് എനിക്ക് ചെയ്യാൻ സാധിക്കുമെന്ന വിശ്വാസംകൊണ്ടാണ്. നമ്മളെക്കൊണ്ട് പറ്റുന്നത്ര സ്വയം ചെയ്യുക എന്നതാണ് എന്റെ പോളിസി. ആവർത്തിച്ച് വെറുപ്പിക്കില്ല മനപ്പൂർവമായുള്ള തിരഞ്ഞെടുക്കൽ തന്നെയാണ് ഓരോ കഥാപാത്രവും. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ സിനിമയിൽ അഭിനയിക്കുക എന്നതല്ല, ചെയ്ത കഥാപാത്രത്തിൽനിന്ന് വ്യത്യസ്തമായത് ചെയ്യണം എന്നതാണ് സിനിമയുടെ തിരഞ്ഞെടുപ്പിൽ എന്റെ മാനദണ്ഡം. കഥാപാത്രങ്ങൾ തമ്മിൽ സാദൃശ്യം തോന്നാൻപാടില്ല. അതിന് ഞാൻ ശ്രമിക്കുന്നുണ്ട്. ശ്രമങ്ങൾ എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. അത് പറയേണ്ടത് പ്രേക്ഷകരാണ്.വിധു വിൻസെന്റ് സംവിധാനംചെയ്യുന്ന സ്റ്റാൻഡ് അപ് ആണ് ഇപ്പോൾ ചെയ്യുന്നത്. നിമിഷാ സജയനും ഞാനും അർജുൻ അശോകനുമൊക്കെയാണ് കേന്ദ്രകഥാപാത്രങ്ങൾ. കോമഡിയുടെ പശ്ചാത്തലത്തിൽ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. soorajt1993@gmail.com Content Highlights :rajisha vijayan interview finals movie
from movies and music rss https://ift.tt/2Lp4bTU
via
IFTTT
No comments:
Post a Comment