Saturday, March 27, 2021

കഥ കേട്ടപ്പോള്‍ സയാനി ഓര്‍ത്തു; അന്ന് അമിതാഭിന് ഓഡിഷന്‍ നിഷേധിച്ച ക്രൂരന്‍ ഞാനായിരുന്നല്ലേ?

കാതുകളാണ് അമീൻ സയാനിക്ക് എല്ലാം. പതിറ്റാണ്ടുകളോളം സംഗീതാസ്വാദകർക്കുവേണ്ടി മലർക്കെ തുറന്നുവെച്ച ജാലകങ്ങൾ. സൈഗളും റഫിയും ലതയുംമുതൽ ശ്രേയാ ഘോഷാലും സോനു നിഗമുംവരെ സയാനിയുടെ ഹൃദയത്തിലേക്കിറങ്ങിവന്നത് അവയിലൂടെയാണല്ലോ. അതേ കാതുകൾ ഇന്ന് പഴയപോലെ ശബ്ദവീചികൾ പിടിച്ചെടുക്കുന്നില്ല എന്നത് സയാനിയുടെ സ്വകാര്യദുഃഖം. പ്രായം അദ്ദേഹത്തിന്റെ കേൾവിയെ സാരമായി ബാധിച്ചിരിക്കുന്നു -മകൻ രാജിൽ പറയുന്നു. ഇപ്പോൾ കാഴ്ചകളിലാണ് അദ്ദേഹത്തിന് കമ്പം. ടെലിവിഷനിൽ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങൾ കാണും; അവയിലെ ഗാനരംഗങ്ങൾ ആസ്വദിക്കും. എൺപത്തെട്ടാം വയസ്സിൽ, മുംബൈ ചർച്ച്ഗേറ്റിനടുത്ത വീട്ടിൽ മകനും മരുമകൾക്കുമൊപ്പം താമസിക്കുമ്പോഴും സയാനി ഏകാന്തതയുടെ തുരുത്തിൽത്തന്നെ. സംസാരം അധികമില്ല. ഫോൺപോലും തൊട്ടിട്ട് കാലമേറെയായി. എങ്കിലും, ബിനാക്ക ഗീത് മാല എന്ന വിഖ്യാത ചലച്ചിത്രഗാന കൗണ്ട് ഡൗൺ പരിപാടിയിലൂടെ ആഴ്ചതോറും ലോകമെങ്ങുമുള്ള ഇരുപതുകോടിയോളം റേഡിയോ ശ്രോതാക്കളുടെ കാതുകളിൽ ഒഴുകിയെത്തിയിരുന്ന ആ മാസ്മരശബ്ദത്തിന് പോറൽപോലുമേറ്റിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു മകൻ. അപൂർവമായാണെങ്കിലും പരസ്യങ്ങൾക്കും സ്റ്റേജ് പരിപാടികൾക്കും ശബ്ദംനൽകാറുണ്ട് അദ്ദേഹം. വീട്ടിൽ ഇരുന്നുതന്നെയാണ് റെക്കോഡിങ്. ഇഷ്ടവിഷയങ്ങൾ സംസാരിക്കാൻ ആരുമില്ല എന്നതാണ് ലോക്ഡൗൺ ഏല്പിച്ച പ്രഹരം. പതിവായി വീട്ടിൽ വരുന്നവർപോലും വരാതായി. ഈയിടെ മധുബാലയുടെ സഹോദരി അദ്ദേഹത്തെ കാണാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തുചെയ്യാം ഇപ്പോഴത്തെ അവസ്ഥയിൽ അത് പറ്റില്ലല്ലോ? സൗഹൃദങ്ങളുടെ ആ പഴയകാലം ഇനി എന്ന് തിരിച്ചുവരും ആവോ... -രാജിലിന്റെ ശബ്ദത്തിൽ ആശങ്കയുടെ നിഴൽ. അവസാനമായി വിളിച്ച് സംസാരിച്ചപ്പോൾ ക്ഷമാപണത്തോടെ സയാനിജി പറഞ്ഞ വാക്കുകൾ ഓർമയുണ്ട്: ഓർമ പഴയപോലെ ചൊൽപ്പടിക്ക് നിൽക്കുന്നില്ല സുഹൃത്തേ. അതുകൊണ്ട് നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മുമ്പത്തെപ്പോലെ ശരിയായി മറുപടി പറയാൻ കഴിയണമെന്നില്ല. തെറ്റിപ്പോയാൽ വായനക്കാരോട് ചെയ്യുന്ന അപരാധമാകുമത്. അതുകൊണ്ട് എന്റെതന്നെ പഴയ ചില അഭിമുഖങ്ങളുടെ ലിങ്ക് അയച്ചുതരാം. അവയൊന്ന് കേട്ടുനോക്കൂ... ശരിക്കും സങ്കടംവന്നു അപ്പോൾ. ഹിന്ദി സിനിമാസംഗീതത്തെക്കുറിച്ചുള്ള ഒടുങ്ങാത്ത സംശയങ്ങൾക്ക് ഇനി ആര് ഉത്തരംതരും? റഫിയും ലതയും തമ്മിൽ ഇടയാൻ എന്തായിരുന്നു കാരണം, മദ്യപിച്ചാണോ സൈഗൾ പാട്ട് റെക്കോഡ് ചെയ്തിരുന്നത്, നല്ല ഗായകനായിരുന്ന ദിലീപ് കുമാർ എന്തുകൊണ്ട് സിനിമയിൽ കൂടുതൽ പാടിയില്ല, ഒ.പി. നയ്യാർ എന്തുകൊണ്ടാവണം പ്രിയഗായികയായ ആശാ ഭോസ്ലെയിൽ നിന്നകന്നത്, യേശുദാസിനെതിരേ ബോളിവുഡിൽ ഒരു ലോബി പ്രവർത്തിച്ചിരുന്നോ...? ഒടുങ്ങാത്ത ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും തന്റേതായ ശൈലിയിൽ മറുപടിതന്നിരുന്നു സയാനി; ഹിന്ദി സിനിമാസംഗീതത്തിന്റെ വളർച്ചയും തളർച്ചയുമെല്ലാം അടുത്തുനിന്നുകണ്ട, ചരിത്രത്തിന്റെ സാക്ഷിയായിരുന്ന ഒരാൾക്കുമാത്രം കഴിയുന്നത്ര വ്യക്തതയോടെ. ബിനാക്കാ ഗീത് മാലയിലെ വെറുമൊരു പരാമർശംപോലും മഹാഭാഗ്യമായി കരുതിയിരുന്ന സിനിമാനടന്മാരും സംഗീതസംവിധായകരും ഗായകരും ഉണ്ടായിരുന്നു ഒരു കാലത്ത്. ഗീത് മാലയുടെ പ്രക്ഷേപണവേളയിൽ ഇന്ത്യയിലെ വൻനഗരങ്ങളിൽ ട്രാഫിക് ബ്ലോക്കുകൾപോലും അസാധാരണമായിരുന്നില്ല എന്ന് പറയുന്നു രാജിൽ. വെള്ളിത്തിരയിലെ സൂപ്പർതാരങ്ങളെക്കാൾ അമീൻ സയാനിക്ക് താരമൂല്യമുണ്ടായിരുന്ന നാളുകൾ. 1960-കളുടെ അവസാനമാണ്. ആഴ്ചയിൽ ഇടതടവില്ലാതെ ഇരുപതോളം റേഡിയോ ഷോകൾ പ്രൊഡ്യൂസ് ചെയ്ത് അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സയാനി. ശ്വാസംവിടാൻപോലും സമയംകിട്ടാത്ത കാലം. ആയിടയ്ക്കൊരിക്കൽ മെലിഞ്ഞുനീണ്ട ഒരു ചെറുപ്പക്കാരൻ മുൻകൂട്ടി അനുമതിവാങ്ങാതെ സ്റ്റുഡിയോയിൽ സയാനിയെ കാണാൻ വന്നു. ശബ്ദപരിശോധന നടത്തണം-അതാണ് ആവശ്യം. ഓഡിഷൻ ടെസ്റ്റ് പാസായാൽ ആകാശവാണിയിൽ പാർട്ട് ടൈം അനൗൺസറായി കയറാം. അയാൾക്കുവേണ്ടി നീക്കിവെക്കാൻ എന്റെ പക്കൽ സമയമുണ്ടായിരുന്നില്ല അന്ന്. പിന്നീടൊരിക്കൽ അപ്പോയിൻമെന്റ് വാങ്ങി കാണാൻ വരാൻ നിർദേശിച്ചു അയാളെ പറഞ്ഞുവിട്ടു ഞാൻ. പിറ്റേന്നും അതിന്റെ പിറ്റേന്നും അയാൾ എന്നെ കാണാൻ വന്നതായി റിസപ്ഷനിസ്റ്റിൽനിന്നറിഞ്ഞു. അപ്പോയ്ൻമെന്റ് ഇല്ലാതെ കാണാൻപറ്റില്ല എന്നായിരുന്നു എന്റെ മറുപടി. പിന്നീടയാൾ വരാതായി. സയാനി അക്കഥ മറക്കുകയും ചെയ്തു. റേഡിയോ സ്വപ്നങ്ങൾ ഉപേക്ഷിച്ച് അന്നത്തെ ചെറുപ്പക്കാരൻ സിനിമയിൽ ചേക്കേറിയതും സഹനടനായി തുടങ്ങി നായകനും സൂപ്പർസ്റ്റാറും മെഗാസ്റ്റാറുമൊക്കെയായി വളർന്നതും പിന്നീടുള്ള കഥ. ഇന്ത്യൻ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചനായിരുന്നു ആ ചെറുപ്പക്കാരൻ. വർഷങ്ങൾക്കുശേഷം അമിതാഭ് ഒരു അവാർഡ്നിശയിൽ ഈ അനുഭവം ഓർത്തുപറഞ്ഞപ്പോഴാണ് അമ്പരന്നുപോയത്. അന്ന് അമിതാഭിന് ഓഡിഷൻ നിഷേധിച്ച ക്രൂരൻ ഞാനായിരുന്നല്ലോ. പക്ഷേ, അമിതാഭിന് അന്നത്തെ എന്റെ തിരക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നു. പിൽക്കാലത്ത് ഇക്കാര്യം പറഞ്ഞ് ഏറെ ചിരിച്ചിട്ടുണ്ട് ഞങ്ങൾ... -സയാനി. ഏഴാംവയസ്സിൽ തുടക്കം എന്നായിരിക്കണം അമീൻ സയാനി ഒപ്പംകൂടിയത്? ഓർമവെച്ചനാൾ എന്നാണ് മറുപടി. കുട്ടിക്കാലത്ത്, കുടുംബത്തിലെ ഒരംഗംപോലെ സ്വീകരണമുറിയെ അലങ്കരിച്ചിരുന്ന ഗ്രണ്ടിഗിന്റെ കൂറ്റൻ വാൽവ് റേഡിയോയിൽനിന്ന് മുഹമ്മദ് റഫി, ലതാ മങ്കേഷ്കർ, മന്നാഡേ, തലത്ത് മഹമൂദ് തുടങ്ങിയ ഗായകപ്രതിഭകൾക്കൊപ്പം കാതിലും മനസ്സിലും കയറിവന്നതാണ് സയാനിയുടെ മാന്ത്രികശബ്ദം. ഇടതടവില്ലാതെ പാടിക്കൊണ്ടിരുന്ന ആ വാൽവ് റേഡിയോയുടെ സ്ഥാനത്ത് ജി.ഇ.സി.യുടെ ട്രാൻസിസ്റ്ററും പിന്നെ ഫിലിപ്സിന്റെ ആറുബാൻഡ് റേഡിയോയും വന്നു; ഏറ്റവുമൊടുവിൽ നാഷണൽ പാനസോണിക്കിന്റെ ടു ഇൻ വണ്ണും. ടെക്നോളജിയുടെ ഈ കുതിച്ചുചാട്ടങ്ങളുടെയെല്ലാം പിന്നണിയിൽ മനോഹരമായ ഒരു സംഗീതശകലംപോലെ സയാനിയുടെ നിത്യഹരിതശബ്ദവും ഉണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കൽ ആ ശബ്ദത്തിന്റെ ഉടമയുമായി സംസാരിക്കാൻ കഴിയുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല അന്നത്തെ സ്കൂൾ കുട്ടി. ഏഴാം വയസ്സിൽ പ്രക്ഷേപകനായി അരങ്ങേറിയതാണ് അമീൻ സയാനി. മുംബൈ എ.ഐ.ആർ. ആയിരുന്നു ആദ്യതട്ടകം. ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് (തുടക്കം 1923 ജൂണിൽ) ഓൾ ഇന്ത്യ റേഡിയോയായി വേഷംമാറിയിട്ട് കഷ്ടിച്ച് മൂന്നുവർഷമേ ആയിരുന്നുള്ളൂ അപ്പോൾ. പ്രക്ഷേപണരംഗത്ത് അതിനകം പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങിയിരുന്ന ജ്യേഷ്ഠൻ ഹമീദ് സയാനിയുടെ പ്രോത്സാഹനത്തോടെ കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളുടെ അവതാരകനായി അമീൻ തുടക്കംകുറിക്കുന്നു. സുൽത്താൻ പദംസി, ആദി മർസബാൻ, ഡെറിക് ജെഫ്രീസ് തുടങ്ങിയ വിഖ്യാതപ്രക്ഷേപകരാണ് അന്നത്തെ മുഖ്യ പ്രചോദനങ്ങൾ. ഹിന്ദിയിൽ അത്ര ഗ്രാഹ്യമില്ല അക്കാലത്ത് അമീന്. ഇംഗ്ളീഷിലാണ് പരിപാടികൾ അവതരിപ്പിക്കുക. ഹിന്ദിയും ഉറുദുവും പഠിച്ചെടുക്കുന്നത് പിന്നീടാണ്. അമ്മ കുൽസും സയാനിയും അച്ഛൻ ജാൻ മുഹമ്മദും സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ സജീവമായിരുന്നു. ഗാന്ധിജിയുടെയും മൗലാനാ അബുൽ കലാം ആസാദിന്റെയും പേഴ്സണൽ ഫിസിഷ്യൻ ആയിരുന്ന ഡോ. രാജബല്ലി പട്ടേലാണ് കുൽസുമിന്റെ പിതാവ്. സ്വാഭാവികമായും കുട്ടിക്കാലംമുതലേ മഹാത്മജിയുമായി വലിയ അടുപ്പമുണ്ട്. ഗാന്ധിജിയുടെ നിർദേശപ്രകാരമാണ് പാവപ്പെട്ടവർക്കിടയിൽ സാക്ഷരതാ പ്രവർത്തനത്തിന് കുൽസും മുന്നിട്ടിറങ്ങിയതും. ഹിന്ദുസ്ഥാനി എന്ന് ഗാന്ധിജി പേരിട്ടുവിളിച്ച ഹിന്ദി-ഉറുദു സങ്കരഭാഷയുടെ പ്രചാരണത്തിനായി രാഷ്ട്രപിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ രാഹ്ബർ എന്നൊരു പത്രവും പുറത്തിറക്കിയിരുന്നു അവർ. പത്രം സമയത്തിന് പുറത്തിറക്കാൻ അമ്മയെ സഹായിച്ചത് മക്കളെല്ലാവരും ചേർന്നാണ്. ഹിന്ദിയോടും ഉറുദുവിനോടും അമീൻ സയാനിക്ക് അന്നുതുടങ്ങിയ സ്നേഹത്തിന് ഇന്നുമില്ല കുറവ്. എ.ഐ.ആറിൽനിന്ന് റേഡിയോ സിലോണിൽ എത്തിയത് തികച്ചും ആകസ്മികമായി. 1950-ൽ റേഡിയോ സിലോൺ മുംബൈയിൽനിന്ന് അവരുടെ ഹിന്ദി സ്പോൺസേഡ് സർവീസിന് തുടക്കമിടുന്നു. പരിപാടി മുംബൈയിൽ റെക്കോഡ്ചെയ്ത് ടേപ്പ് വിമാനമാർഗം കൊളംബോയിൽ എത്തിക്കുകയായിരുന്നു പതിവ്. പ്രൊഡക്ഷന്റെ മുഴുവൻ ചുമതലവഹിച്ചത് ഹമീദ് സയാനി. സെയ്ന്റ് സേവ്യേഴ്സ് കോളേജിന്റെ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽവെച്ചായിരുന്നു റെക്കോഡിങ്. അന്നവിടെ വിദ്യാർഥിയായിരുന്ന അമീന് പ്രൊഡക്ഷനുമായി ബന്ധപ്പെടാൻ ആഗ്രഹംതോന്നിയത് സ്വാഭാവികം. അതിനുള്ള അവസരം ഒത്തുവന്നതിനുപിന്നിലുമുണ്ട് വിധിയുടെ കളി. ഓവൽടിൻ ഫുൽവാരി എന്ന പ്രതിവാര സ്പോൺസേഡ് പരിപാടിയുടെ സ്ഥിരം അവതാരകൻ മൻമോഹൻ കൃഷ്ണ (പിൽക്കാലത്ത് ബോളിവുഡ് നടനായി പേരെടുത്ത അതേ മൻമോഹൻ കൃഷ്ണതന്നെ) ഒരു നാൾ അറിയിപ്പൊന്നും കൂടാതെ അവധിയെടുക്കുന്നു. സ്ഥലത്തുണ്ടായിരുന്ന അനുജനെ ആ ചുമതല ഏൽപ്പിക്കുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല ഹമീദിന്. അന്നാണ് റേഡിയോ സിലോണിലെ ഹിന്ദി അനൗൺസറായി അമീന്റെ അരങ്ങേറ്റം. ആദ്യപ്രതിഫലം ഈ ജന്മം മറക്കില്ല അമീൻ-ഓവൽടിൻ ഹെൽത്ത് ഫുഡിന്റെ ഒരു ടിൻ. രണ്ടുവർഷംകൂടി കഴിഞ്ഞു ബിനാക്ക ഗീത് മാല തുടങ്ങുമ്പോഴേക്കും പ്രതിഫലം കാശായി മാറിയിരുന്നു; എപ്പിസോഡ് ഒന്നിന് 25 രൂപ. പ്രശസ്തിയുടെ സുവർണസോപാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അമീൻ സയാനിക്ക് ബിനാക്ക ഗീത് മാല. അതിനദ്ദേഹം നന്ദിപറയേണ്ടത് ബാലകൃഷ്ണ വിശ്വനാഥ് കേസ്കറിനോട്. പത്തുവർഷം (1952-62) കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്ന കേസ്കറിന്റെ തലതിരിഞ്ഞ ഒരു തീരുമാനത്തിന്റെ സന്തതിയായിരുന്നു ഗീത് മാല. കറകളഞ്ഞ സംഗീതപ്രേമിയാണ് കേസ്കർ. ആരാധന ശാസ്ത്രീയസംഗീതത്തോടാണെന്നുമാത്രം. ലളിത സംഗീതം, പ്രത്യേകിച്ച് സിനിമാപ്പാട്ട്, ശുദ്ധസംഗീതത്തെ നശിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇന്ത്യയുടെ മഹത്തായ സംഗീതസംസ്കാരത്തിന് പോറലേൽക്കാതിരിക്കണമെങ്കിൽ സാമാന്യജനങ്ങളെ എന്തുവിലകൊടുത്തും ചലച്ചിത്രസംഗീതത്തിൽനിന്ന് അകറ്റിയേപറ്റൂ. ആ ദൗത്യത്തിന്റെ ആദ്യപടിയായി ആകാശവാണിയിൽ ചലച്ചിത്രസംഗീത പ്രക്ഷേപണസമയം പത്തുശതമാനമായി കുറച്ചുകൊണ്ട് ഉത്തരവിറക്കി അദ്ദേഹം. തൊട്ടുപിന്നാലെ പൂർണ നിരോധനവും വന്നു. സിനിമാപ്പാട്ടിനെ മാത്രമല്ല ഹാർമോണിയത്തെയും ക്രിക്കറ്റ് കമന്ററിയെയുമെല്ലാം ആകാശവാണിയുടെ പടിക്കുപുറത്താക്കി വാതിലടച്ചു കേസ്കർ. ഇവയെല്ലാം ആർഷഭാരതസംസ്കാരത്തിന് വിരുദ്ധമാണെന്നായിരുന്നു മന്ത്രിയുടെ വീക്ഷണം. അതോടൊപ്പം ഒരു നല്ല കാര്യംകൂടിചെയ്തു അദ്ദേഹം. ദേശീയ സംഗീതപരിപാടി എന്ന പേരിൽ ശാസ്ത്രീയസംഗീതം രാജ്യമൊട്ടുക്കും പ്രക്ഷേപണംചെയ്യുന്ന ഒരു പ്രതിവാരപരിപാടിക്ക് തുടക്കമിട്ടു. യുവ ശാസ്ത്രീയസംഗീത പ്രതിഭകളെ കണ്ടെത്താൻ ആകാശവാണിയുടെ വാർഷിക സംഗീതസമ്മേളനം ആരംഭിച്ചതും കേസ്കർതന്നെ. അമീൻ സയാനി റെക്കോഡിങ്ങിനിടെ | ഫോട്ടോ: ഗെറ്റി ഇമേജസ് ഗുരുദത്തിന്റെയും രാജ് കപൂറിന്റെയും ശാന്താറാമിന്റെയുമൊക്കെ സിനിമകളിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ നാടെങ്ങും അലയടിക്കുന്ന കാലം. മുഹമ്മദ് റഫിയും ലതാ മങ്കേഷ്കറും തലത്ത് മഹ്മൂദും മുകേഷുമുൾപ്പെടെയുള്ള ഗന്ധർവഗായകർക്കെല്ലാം എ.ഐ.ആർ. അയിത്തം കൽപ്പിച്ചതോടെ പാട്ടുകേൾക്കാൻ മറ്റ് ഉപാധികൾ തേടിപ്പോകേണ്ട അവസ്ഥയിലായി ആസ്വാദകർ. ഗ്രാമഫോണും ലോങ്പ്ലേ റെക്കോഡുകളുമൊന്നും സാധാരണക്കാരന് കൈയെത്തുന്ന അകലത്തായിരുന്നില്ല അക്കാലത്ത് എന്നോർക്കണം. ഇന്ത്യയിലെ ശരാശരി ശ്രോതാവിന്റെ ഈ സന്ദിഗ്ധാവസ്ഥ ആദ്യം തിരിച്ചറിഞ്ഞത് റേഡിയോ സിലോണാണ്. ഇംഗ്ലീഷ് പോപ്പ് ഗാനങ്ങൾ ഉൾപ്പെടുത്തി ബിനാക്ക ഹിറ്റ് പരേഡ് എന്ന പേരിൽ ഒരു ജനപ്രിയപരിപാടി പ്രക്ഷേപണംചെയ്യുന്നുണ്ട് അക്കാലത്ത് റേഡിയോ സിലോൺ. ഹാപ്പി ഗോ ലക്കി ഗ്രെഗ് എന്ന പേരിൽ പ്രശസ്തനായ ഗ്രെഗ് റോസ്കോവ്സ്കി അവതരിപ്പിച്ചുവന്ന ആ പരിപാടിയുടെ മാതൃകയിൽ ഒരു ഹിന്ദി ചലച്ചിത്ര ഗീത് മാല തുടങ്ങിയാലെന്ത് എന്നൊരു ആശയം പൊട്ടിമുളക്കുന്നു റേഡിയോ സിലോൺ അധികൃതരുടെ ചിന്തയിൽ. അരമണിക്കൂർനീളുന്ന ഒരു പ്രതിവാരപരിപാടി. അതിൽ പുതിയ ഏഴ് ഹിറ്റ്ഗാനങ്ങൾ. ഈ ഗാനങ്ങൾ പ്രത്യേകിച്ചൊരു മുൻഗണനക്രമവും കൂടാതെയാവും പ്രക്ഷേപണംചെയ്യുക. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ അവ നമ്പർ വൺ, ടു എന്നമട്ടിൽ ക്രമീകരിക്കേണ്ടത് ശ്രോതാക്കളാണ്. ഔദ്യോഗികപട്ടികയുമായി ഈ ലിസ്റ്റ് പൊരുത്തപ്പെടുകയാണെങ്കിൽ ഒരു പാരിതോഷികം പ്രതീക്ഷിക്കാം. 65,000 കത്തുകൾ അല്ലറചില്ലറ പ്രക്ഷേപണപരിപാടികളുമായി ഒതുങ്ങിക്കൂടുകയായിരുന്ന അമീൻ സയാനിയെ ഗീത് മാലയുടെ അവതാരകനായി റേഡിയോ സിലോൺ കണ്ടെത്തിയതിനുപിന്നിൽ ഒരൊറ്റ കാരണംമാത്രം. ചുരുങ്ങിയ ശമ്പളത്തിൽ കഠിനാധ്വാനംചെയ്യാനുള്ള മനസ്സ്. പ്രൊഡക്ഷൻ, റെക്കോഡിങ്, അവതരണം, കത്തുകൾ പരിശോധിക്കൽ, സമ്മാനം നിശ്ചയിക്കൽ... ഇതെല്ലാം ഒരാൾതന്നെ ചെയ്യണം. പ്രതിഫലമാകട്ടെ തുച്ഛവും - സയാനി ഓർക്കുന്നു. പക്ഷേ, ആ വെല്ലുവിളിയേറ്റെടുക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ അന്നത്തെ ഇരുപതുകാരന്. എന്തുസാഹസത്തിനും ഇറങ്ങിപ്പുറപ്പെടുന്ന പ്രായമല്ലേ? ബിനാക്ക ഹിറ്റ് പരേഡ് എന്ന ഇംഗ്ലീഷ് പരിപാടിക്ക് അന്ന് ആഴ്ചതോറും അഞ്ഞൂറോളം കത്തുകളാണ് വരിക. ഗ്രെഗിനോടുള്ള ആരാധനയാണ് പ്രധാനമായും അതിനുപിന്നിൽ. ഹിന്ദിഗാനങ്ങൾക്ക് അത്രയും സ്വീകാര്യത ലഭിക്കണമെന്നില്ല. പുതിയ പരിപാടിയായതിനാൽ ബിനാക്ക ഗീത് മാലയ്ക്ക് അമ്പതുകത്തുകൾവരെ പ്രതീക്ഷിക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ. പക്ഷേ, ആദ്യ എപ്പിസോഡിന് പ്രതികരണമായി ലഭിച്ചത് 9000-ത്തോളം കത്തുകൾ. അടുത്തയാഴ്ച അത് 16,000 ആയി ഉയരുന്നു. കത്തുകളുടെ പ്രവാഹം ഒരുഘട്ടത്തിൽ നിയന്ത്രണാതീതമായി മാറിയെന്ന് സയാനി. എല്ലാ പ്രതീക്ഷകളും ഭേദിച്ച് ഒരാഴ്ച അത് 65000 ആയി ഉയർന്നതോടെ അരമണിക്കൂർ ഗീത് മാല ഒരു മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ ഷോയാക്കിമാറ്റാൻ നിർബന്ധിതരാകുന്നു റേഡിയോ സിലോൺ അധികൃതർ. എനിക്ക് അതുകൊണ്ട് രണ്ടുഗുണമുണ്ടായി. ഒന്ന്, പതിനായിരക്കണക്കിന് കത്തുകൾ വായിച്ചുതളരേണ്ട; രണ്ട്, പ്രതിഫലം 25 രൂപയിൽനിന്ന് 100 രൂപയായി ഉയർന്നു... ഗ്രാമഫോൺ റെക്കോഡ് വിൽപ്പനയുടെ കണക്കുകൾ അടിസ്ഥാനമാക്കിയായിരുന്നു ആദ്യനാളുകളിൽ ഗാനങ്ങളുടെ ജനപ്രീതി നിശ്ചയിച്ചിരുന്നതെന്ന് ഓർക്കുന്നു സയാനി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 40 റെക്കോഡ് വിൽപ്പനകേന്ദ്രങ്ങൾ നൽകുന്ന രേഖകളാണ് ഈ റേറ്റിങ്ങിന് ആധാരം. ഒപ്പം ശ്രോതാക്കളുടെ ആവശ്യവും പരിഗണിക്കും. കാലക്രമേണ ശ്രോതാക്കളുടെ......ഫർമയിശ്.... ഒരു മാനദണ്ഡമല്ലാതായി. നിർമാതാക്കളും സംവിധായകരും സംഗീതസംവിധായകരുംതൊട്ട് പാട്ടുകാർവരെ (അവരവരുടെ ഏജന്റുമാർവഴി) പാട്ടുകൾ ആവശ്യപ്പെട്ട് കെട്ടുകണക്കിന് വ്യാജസന്ദേശങ്ങൾ അയച്ചുതുടങ്ങിയതാണ് കാരണം. പകരം ഗാനങ്ങളുടെ ജനസമ്മതി നിർണയിക്കാൻ റേഡിയോ സിലോൺതന്നെ മുൻകൈയെടുത്ത് ലിസണേഴ്സ് ക്ളബ്ബുകൾക്ക് തുടക്കമിട്ടു. ഗാനങ്ങളുടെ റേറ്റിങ് വിമർശനങ്ങൾക്ക് അതീതമായിരിക്കണം എന്ന കാര്യത്തിൽ ഗീത് മാലയുടെ സ്പോൺസർമാർക്ക് നിർബന്ധമുണ്ടായിരുന്നു. 1988-ലാണ് ബിനാക്ക ഗീത് മാല റേഡിയോ സിലോണിൽ (പിൽക്കാലത്ത് ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ)നിന്ന് പടിയിറങ്ങിയത്. തുടർന്ന് ഏഴുവർഷം വിവിധ്ഭാരതിയിൽ, സിബാക്ക ഗീത് മാല എന്ന പേരിൽ. 1995-ൽ സ്വാഭാവിക മരണമെത്തുമ്പോഴേക്കും റേഡിയോയിൽനിന്ന് ടെലിവിഷനിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു പുതിയ തലമുറ. ചലച്ചിത്രഗാനങ്ങൾ കേൾക്കാനല്ല കാണാനുള്ളതാണെന്ന വിശ്വാസം രൂഢമൂലമായിക്കഴിഞ്ഞിരുന്നു അതിനകം -സയാനി പറയുന്നു. എങ്കിലും നിരാശയൊന്നുമില്ല അദ്ദേഹത്തിന്. ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു ഗീത് മാല. സ്വാതന്ത്ര്യത്തിലേക്ക് കൺതുറന്ന തലമുറയ്ക്കുമുന്നിൽ ആസ്വാദനത്തിന്റെ വാതിലുകൾ തുറന്നിട്ട പരിപാടി. അത് അതിന്റെ ധർമം ഭംഗിയായി നിർവഹിച്ചു എന്നേ പറയാനാകൂ. ആ കാലഘട്ടത്തിൽനിന്നുകൊണ്ട് ചിന്തിക്കണം ഗീത് മാലയുടെ പ്രാധാന്യം മനസ്സിലാക്കാൻ. സാധാരണക്കാരന്റെ സംഗീതാസ്വാദനഗ്രാഫിന്റെ ഉയർച്ചതാഴ്ചകൾ സയാനിയോളം മനസ്സിലാക്കിയവർ വേറെയുണ്ടാവില്ല. 1953 മുതൽ 93 വരെയുള്ള ഗീത് മാലയുടെ വാർഷികകണക്കെടുപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തിയ പാട്ടുകളുടെ പട്ടിക ഹിന്ദിയിലെ ജനപ്രിയ സംഗീതത്തിന്റെ വളർച്ചയുടെയും തളർച്ചയുടെയും ചരിത്രംകൂടിയാണ്. യെ സിന്ദഗി ഉസി കി ഹേ (അനാർക്കലി-1953), ജായേ തോ ജായെ കഹാം (ടാക്സി ഡ്രൈവർ-54), മേരാ ജൂട്ടാ ഹേ ജാപ്പാനി (ശ്രീ 420-55), ഏ ദിൽ ഹേ മുഷ്കിൽ (സി.ഐ.ഡി.-56), സരാ സാംനെ തോ ആവോ ചലിയെ (ജനം ജനം കേ ഫേരെ-57), ഹേ അപ്നാ ദിൽ തോ ആവാരാ (സോൾവാ സാൽ-58), ഹാൽ കൈസാ ഹേ ജനാബ് കാ (ചൽതി കാ നാം ഗാഡി-59), സിന്ദഗി ഭർ നഹി (ബർസാത് കി രാത്-60), തേരി പ്യാരി പ്യാരി സൂരത് (സസുരാൽ-61), എഹ്സാൻ തേരാ ഹോഗാ (ജംഗ്ളീ-62), ജോ വാദാ കിയാ വോ (താജ്മഹൽ-63), ബോൽ രാധാ ബോൽ സംഗം (സംഗം-64), ജിസ് ദിൽ മേ ബസാ ഥാ (സഹേലി-65), ബഹാരോം ഫൂൽ ബർസാവോ (സൂരജ് - 66) മുതൽ 1993-ൽ ഇറങ്ങിയ ഖൽനായകിലെ ചോളി കെ പീച്ഛെ ക്യാഹെ വരെ എത്ര എത്ര ഗാനങ്ങൾ കേട്ട പതിനായിരക്കണക്കിന് പാട്ടുകളിൽനിന്ന് മനസ്സിനെ ആഴത്തിൽ സ്പർശിച്ച വരികൾ ഓർത്തെടുക്കാമോ എന്ന അപേക്ഷയ്ക്കുമുന്നിൽ ഒരു നിമിഷം മൗനിയാകുന്നു സയാനി. ഓർമക്കുറവുകൊണ്ടല്ല; ഓർമകളുടെ ആധിക്യംകൊണ്ട്. എത്രയെത്ര ഗാനശില്പങ്ങളാവണം ആ നിമിഷം അമീൻ സയാനിയുടെ മനസ്സിലേക്ക് ഘോഷയാത്രപോലെ കടന്നുവന്നിരിക്കുക! മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും വികാരങ്ങളും പ്രതിഫലിക്കുന്ന ഗാനങ്ങൾ. മധുരസ്മരണകളുടെ ആ മഹാപ്രവാഹത്തിൽനിന്ന് ഒരു പാട്ടിന്റെ ഈരടികൾ ഓർത്തെടുക്കുന്നു സയാനി: ഉത്നാ ഹി ഉപ്കാർ സമജ് കോയി ജിത്നാ സാഥ് നിഭാ ദേ, ജനം മരൺ കാ മേൽ ഹേ സപ്നാ, യേ സപ്നാ ബിസ്രാ ദേ, കോയി നാ സംഗ് മരെ... ചിത്രലേഖയിൽ മുഹമ്മദ് റഫിയുടെ സ്വർഗീയനാദം അമരത്വമേകിയ മൻ രേ തു കാഹേ ന ധീർ ധരേ എന്ന ഗാനത്തിന്റെ ചരണം. രചന: സാഹിർ ലുധിയാൻവി. സംഗീതം: രോഷൻ. ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ച് ഏതുസാധാരണക്കാരനും ഉൾക്കാഴ്ചനൽകാൻപോന്ന രചന. ഒരേസമയം ലളിതവും അഗാധവുമാണ് സാഹിറിന്റെ വരികളുടെ ആശയം. ഇത്രദൂരം നിങ്ങൾക്കൊപ്പം നടന്നവരോട് നന്ദിപറയുക. അതവരുടെ മഹാമനസ്കതയായിരുന്നു എന്ന് തിരിച്ചറിയുക. ജനനമരണചക്രം എന്ന വിശ്വാസം വെറുമൊരു സ്വപ്നംമാത്രം. മരണത്തിനപ്പുറമൊരു ജനനമില്ല. ഏകനായി മരണത്തെ നേരിടാൻ തയ്യാറായിക്കൊള്ളുക. പ്രത്യക്ഷത്തിലുള്ള അർഥമല്ല സാഹിറിന്റെ രചനകളിൽനിന്ന് വായിച്ചെടുക്കേണ്ടതെന്ന് ഓർമിപ്പിക്കുന്നു സയാനി. ചുരുക്കംചില വരികളിലൂടെ മഹത്തായ ഒരു സത്യം നമ്മുടെ കാതിൽ മന്ത്രിക്കുകയാണ് കവി: ആത്യന്തികമായി മനുഷ്യൻ ഏകനാണ് എന്ന തത്ത്വം. ഈ പ്രായത്തിൽനിന്നുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ അത് കൂടുതൽ പ്രസക്തമായിത്തോന്നുന്നു എനിക്ക്... Content Highlights:Ameen Sayani Binaca Geeth Maala Bollywood Songs Amitabh Bachchan Ravi Menon

from movies and music rss https://ift.tt/2P546L1
via IFTTT

No comments:

Post a Comment