Monday, March 22, 2021

ഫീല്‍ഗുഡ് മാജികുമായി വീണ്ടും ജിസ് ജോയ് | മോഹന്‍കുമാര്‍ ഫാന്‍സ് റിവ്യൂ

തിയേറ്ററിലെത്തുന്ന പ്രേക്ഷകർക്ക് സന്തോഷത്തിന്റെ, നോവിന്റെ വേറിട്ട അനുഭവം പകർന്നുകൊടുക്കുന്ന സംവിധായകനാണ് ജിസ് ജോയ്. അതുകൊണ്ടുതന്നെ ഫീൽഗുഡ് സിനിമകളുടെ തലതൊട്ടപ്പനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. പതിവുതെറ്റിക്കാതെ ഇത്തവണയും ഒരു മികച്ച ഫീൽഗുഡ് സിനിമ അദ്ദേഹം മലയാളിപ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്, മോഹൻകുമാർ ഫാൻസിലൂടെ. സാധാരണമായ ജീവിതപരിസരങ്ങളാണ് അദ്ദേഹത്തിന്റെ മുൻസിനിമകൾക്ക് വിഷയമായതെങ്കിൽ ഇത്തവണ സിനിമയെത്തന്നെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ, പോസിറ്റീവായ ചിന്തകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചുയർത്തുന്നു ചിത്രം. ചിരിയും ചിന്തയും വൈകാരികനിമിഷങ്ങളും ഒട്ടും വിരസമാക്കാതെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വീണ്ടും വിജയിച്ചിരിക്കുന്നു. ഒരു നടന്റെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. ഒരുകാലത്ത് മുൻനിര നടന്മാരുടെ കൂട്ടത്തിൽ തിളങ്ങിനിൽക്കുകയും മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ വരവോടെ പിൻതള്ളപ്പെടുകയുമുണ്ടായ മോഹൻകുമാർ എന്ന നടന്റെ ജീവിതവും സിനിമയിലേക്കുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. സിദ്ധിഖ് ആണ് മോഹൻകുമാറായി വേഷമിട്ടിരിക്കുന്നത്. മുപ്പതുവർഷങ്ങൾക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ അയാൾക്ക് മികച്ച ഒരു വേഷം ലഭിക്കുകയും അത് വലിയരീതിയിൽ ശ്രദ്ധനേടുകയും തുടർന്ന് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. താൻ ചെയ്ത കഥാപാത്രം വലിയ പ്രേക്ഷകസ്വീകാര്യത നേടുകയും അവാർഡിന് സാധ്യതയുള്ളതാണെന്നും അയാൾ മനസിലാക്കുന്നു. അയാളുടെ ആഗ്രഹത്തിന് ഒപ്പം നിൽക്കാൻ ചിലർ കൂടി എത്തുന്നു. ചിത്രത്തിലെ എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് കൃഷ്ണനുണ്ണി. സിനിമയിൽ പാടണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന അയാൾ അവിചാരിതമായി മോഹൻകുമാറിന്റെ ജീവിതത്തിന്റെ ഭാഗമാകുകയും കഥയുടെ മുന്നോട്ടുപോക്കിൽ നിർണായകപങ്ക് വഹിക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബനാണ് കൃഷ്ണനുണ്ണിയായി വേഷമിട്ടിരിക്കുന്നത്. ഒപ്പം മുകേഷ് അവതരിപ്പിച്ച പ്രകാശ് മാത്യു എന്ന കഥാപാത്രവും ഏറെ മികച്ചുനിന്നു. വിനയ് ഫോർട്ടിന്റെ ആഘോഷ് മോനോൻ ചിത്രത്തിലുടനീളം ചിരിപടർത്തി നിന്നു. ജോയ് മാത്യു, കെ.പി.എ.സി ലളിത, അലൻസിയർ, സൈജു കുറുപ്പ്, ശ്രീനിവാസൻ, രമേഷ് പിഷാരടി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പുതുമുഖമായി വേഷമിട്ട അനാർക്കലി നാസറും തന്റെ റോൾ മികച്ചതാക്കി. സിദ്ധിഖിന്റെയും കുഞ്ചാക്കോ ബോബന്റെയും കഥാപാത്രങ്ങൾ കഥാഗതിയെ സജീവമാക്കി നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ജിസ് ജോയിയുടെ ലാളിത്യം നിറഞ്ഞ വരികൾക്ക് പ്രിൻസ് ജോയ് ഈണം പകർന്നപ്പോൾ കഥയുടെ ഒഴുക്കിന് യോജിച്ച ഗാനങ്ങൾ പിറന്നു. രതീഷ് രാജിന്റെ എഡിറ്റിംഗും ബാഹുൽ രമേശിന്റെ ഛായാഗ്രഹണവും ചിത്രത്തിനെ കൂടുതൽ മിഴിവുറ്റതാക്കി നിർത്തി. സൺഡേ ഹോളിഡേ, വിജയ്സൂപ്പറും പൗർണമിയും പോലെ മോഹൻകുമാർ ഫാൻസും ഫീൽഗുഡ് അനുഭവം സമ്മാനിച്ച് കൈയ്യടി നേടുന്നു. ആവശ്യമില്ലാത്ത മാനസികഭാരങ്ങളെല്ലാം ഇറക്കിവെച്ച് ഫ്രെഷ് ആയ മനസ്സോടെ കണ്ടിറങ്ങാം ഈ സിനിമയും. Content highlights :malayalam movie mohankumar fans review starring kunchacko boban

from movies and music rss https://ift.tt/3tGbYRC
via IFTTT

No comments:

Post a Comment