Tuesday, February 1, 2022

കുറുക്കൻമൂല, ദേശം, കണ്ണാടിക്കൽ...എൻജിനീയറിങ് പരീക്ഷയിലും മിന്നൽ മുരളി തരം​ഗം

കോതമംഗലം: മിന്നൽ മുരളി സിനിമയിലെ കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേര് സിലബസുമായി ബന്ധപ്പെടുത്തി എൻജിനീയറിങ് വിദ്യാർഥികൾക്ക് പരീക്ഷാ ചോദ്യങ്ങൾ. പാഠ്യഭാഗങ്ങളിൽനിന്നുള്ള കാര്യങ്ങളെ സിനിമയിലെ കാര്യങ്ങളുമായി ചേർത്ത് ഫിസിക്സും ഗണിതശാസ്ത്രവും മറ്റും ചോദ്യവിഷയമാക്കിയിരിക്കുകയാണ്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള മെക്കാനിക്കൽ ഓഫ് ഫ്ളൂയ്ഡ്സ് ചോദ്യപേപ്പറാണ് മിന്നലായത്. സിനിമയിലെ കുറുക്കൻമൂലയും ദേശവും കണ്ണാടിക്കല്ലും പരാമർശിച്ച് പാഠ്യഭാഗങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചാണ് ചോദ്യങ്ങൾ. സിനിമയിലെ മിന്നൽ മുരളി എന്ന കഥാപാത്രം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ രൂപത്തിൽ എൻജിനീയറിങ് പാഠ്യഭാഗങ്ങളെ വിശദീകരിച്ച് ഉത്തരം നൽകാവുന്ന തരത്തിലാണ് ചോദ്യങ്ങൾ. സമുദ്രനിരപ്പിലും മലയോരത്തും വെള്ളം തിളയ്ക്കാനുള്ള ഊഷ്മാവിന്റെ വ്യത്യാസവുമായി ബന്ധപ്പെട്ടതാണ് ആദ്യ ചോദ്യം. സമുദ്രനിരപ്പിലുള്ള കുറുക്കൻമൂലയിൽ 100 ഡിഗ്രി ചൂടിൽ താഴെ വെള്ളം തിളയ്ക്കുമെന്ന് മരുമകൻ ജോസ്മോൻ ഉന്നയിക്കുന്നത് മനസ്സിലാകാതെ മുരളി എതിർക്കുന്ന വിധത്തിലാണ് ചോദ്യം തയ്യാറാക്കിയിട്ടുള്ളത്. 100 ഡിഗ്രിക്കു മുകളിലും താഴേയും വെള്ളം തിളയ്ക്കുമെന്ന പ്രതിഭാസത്തെ വിദ്യാർഥികൾ എങ്ങനെ ഉത്തരത്തിലൂടെ മിന്നൽ മുരളിക്ക് മനസ്സിലാക്കി കൊടുക്കാമെന്നതാണ് ചോദ്യ രൂപം. മിന്നൽ അമേരിക്കയിൽ എത്തിയപ്പോൾ അയേൺ മാൻ, നോൺ ന്യൂട്ടോണിയൻ ഫ്ളൂയ്ഡിനെ കുറിച്ച് ചർച്ച നടത്തുന്നതും രസകരമായി ചോദ്യത്തിലുണ്ട്. മെക്കാനിക്കൽ വിഭാഗത്തിലെ പ്രൊഫസർ ഡോ. കുര്യൻ ജോണാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ ചോദ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുെവച്ചതോടെയാണ് മുരളി വീണ്ടും മിന്നലായത്. ചോദ്യകർത്താവിനെ സിനിമാ സംവിധായകൻ ബേസിൽ ജോസഫ് വിളിച്ച് അഭിനന്ദിച്ചു. എൻജിനീയറിങ് ബിരുദധാരി കൂടിയായ ബേസിലിന് എൻജിനീയറിങ് പരീക്ഷയ്ക്ക് തന്റെ സിനിമയെ ബന്ധിപ്പിച്ച ചോദ്യം വന്നതിലുള്ള സന്തോഷവും കുര്യൻ ജോണിനെ അറിയിച്ചു. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലായിരുന്നു ബേസിലിൻറെ മാമോദീസ. പാഠ്യഭാഗങ്ങളെ മറ്റു വിഷയങ്ങളുമായി ബന്ധിപ്പിച്ച് രസകരമായ ചോദ്യക്കടലാസുകൾ ഡോ. കുര്യൻ ജോൺ മുമ്പും തയ്യാറാക്കിയിട്ടുണ്ട്. Content Highlights : Minnal Murali On Engineering Question Paper

from movies and music rss https://ift.tt/4fYA8tF7u
via IFTTT

No comments:

Post a Comment