Tuesday, February 8, 2022

സ്വയം കൈമുറിച്ചുമാറ്റി രക്ഷപ്പെട്ട ആരോണ്‍ റാല്‍സ്റ്റണ്‍; 127 വീണ്ടും ചര്‍ച്ചയാകുമ്പോള്‍

ചുട്ടുപൊള്ളുന്ന പകൽ, ശക്തമായ കാറ്റ്, തണുത്തുറഞ്ഞ രാത്രി... തുള്ളിവെള്ളമില്ല, ഭക്ഷണമില്ല. ആരോടും ഒന്നുമിണ്ടാനോ കരയാനോപോലുമാകാതെ ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങിയ പാറക്കെട്ടിൽ യുവാവിനെ രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷം ദൗത്യസംഘം രക്ഷപ്പെടുത്തിയിരിക്കുകയാണ്. ചേറാട് സ്വദേശി ആർ. ബാബുവാണ് കാൽ വഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയത്. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങൾ മലയുടെ മുകളിലെത്തി വടംകെട്ടിയാണ് ബാബുവിനെ മുകളിലേക്കെത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂർമ്പാച്ചിമല കയറാൻ പോയത്. പകുതിവഴി കയറിയപ്പോൾ കൂട്ടുകാർ മടങ്ങിയെങ്കിലും ബാബു കയറ്റം തുടർന്നു. മലയുടെ മുകൾത്തട്ടിൽനിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. മുകളിൽനിന്നും താഴെനിന്നും നോക്കിയാൽ കാണാനാവാത്ത സ്ഥലത്ത് രണ്ട് ദിവസമാണ് ബാബു കഴിച്ചു കൂട്ടിയത്. ബാബുവിന്റെ അനുഭവത്തിന് സമാനമായ വിഷയം ചർച്ച ചെയ്യുന്ന ചിത്രമാണ് 2010 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 127 അവേഴ്സ്. അമേരിക്കൻ മെക്കാനിക്കൽ എഞ്ചിനീയറും മോട്ടിവേഷണൽ സ്പീക്കറുമായ ആരോൺ റാൽസ്റ്റണിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. 1975 ൽ ഒഹിയോയിൽ ജനിച്ച ആരോൺ എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ് പർവതാരോഹണത്തിൽ ആകൃഷ്ടനാകുന്നത്. യൂറ്റായിലെ ബ്ലൂജോൺ മലയിടുക്കിലേക്ക് 2003ഏപ്രിൽ 26 ന് ആരോൺ ആരുമറിയാതെ യാത്രപോകുന്നു. മലയിടുക്കുകളിലേക്ക് കയറുമ്പോൾ, 360 കിലോയോളം ഭാരമുള്ള ഒരു പാറക്കല്ല് ആരോണിന്റെ വലതു കൈയിൽ വീഴുന്നു. അതോടെ ആരോൺ അവിടെ കുടുങ്ങിപ്പോവുകയാണ്. മണിക്കൂറുകൾ പരിശ്രമിച്ചിട്ടും അയാൾ കൈകൾ ചെറുതായി അനക്കാൻ പോലും സാധിക്കുന്നില്ല. ഒരു ലിറ്റർ വെള്ളവും അൽപ്പം ചോക്കളേറ്റും ഭക്ഷിച്ചാണ് ആരോൺ ജീവൻ നിലനിർത്തിയത്. തന്റെ പക്കലുണ്ടായിരുന്ന ക്യാമറ ഉപയോഗിച്ച് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ആരോടും പറയാതെ യാത്രപോയതിന് കുറ്റബോധവും അയാൾ വീഡിയോയിൽ പങ്കുവയ്ക്കുകയും മാപ്പ് പറയുകയും ചെയ്തു. നാലാംദിവസമെത്തിയപ്പോഴേക്കും ഭക്ഷണവും വെള്ളവുമില്ലാതെ ആരോൺ പട്ടിണിയായി. അഞ്ചാം ദിവസമെത്തിയപ്പോഴേക്കും പാറയിൽ കുടുങ്ങിയ കൈകൾ, രക്തയോട്ടമില്ലാതെ നിർജീവമായ അവസ്ഥയിലെത്തിയെന്ന് ആരോൺ മനസ്സിലാക്കുന്നു. രക്ഷപ്പെടാൻ യാതൊരു ഗത്യന്തരവുമില്ലാതെ വന്നപ്പോൾ തന്റെ പക്കലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് കുടുങ്ങിയ കൈ അറത്തുമാറ്റിയാണ് ആരോൺ രക്ഷപ്പെടുന്നത്. ഈ സംഭവങ്ങളെല്ലാം വിവരിച്ച് ആരോൺ എഴുതിയ ബിറ്റ്വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസിനെ ആസ്പദമാക്കിയാണ് 127 സിനിമ ഒരുങ്ങിയത്. സ്ലംഗോഡ് മില്ല്യണയർ ഒരുക്കിയ ഡാനി ബോയിലാണ് ചിത്രത്തിന്റെ സംവിധായകൻ. ജെയിംസ് ഫ്രാങ്കോയാണ് ചിത്രത്തിൽ ആരോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. കേറ്റ് മരാ, ആമ്പർ ടിബ്ലിൻ, ലിസി കാപ്ലൻ, കേറ്റ് ബർട്ടൻ, ട്രീറ്റ് വില്ല്യംസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ആരോൺ അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ ഓസ്കാറിൽ ആറ് വിഭാഗത്തിൽ ചിത്രം മത്സരിക്കുകയും ചെയ്തു. Content Highlights:The Hollywood film 127 Hours, released in 2010, discusses a subject similar to Malampuzha youth rescue

from movies and music rss https://ift.tt/XguqbmC
via IFTTT

No comments:

Post a Comment