സംഗീതത്തിന്റെ ഒരു തലമുറമാറ്റം നടക്കുകയായിരുന്നു. ഇന്ത്യൻ സംഗീതത്തിന്റെ വിസ്തൃതമായ ആകാശത്തേക്ക് പുതിയ പ്രതിഭകൾ പറന്നുവന്നു. ലത വരുംമുമ്പേ മുകേഷ് വന്നു. മുഹമ്മദ് റഫി, കിഷോർ, ഹേമന്ത്കുമാർ, മന്നാഡെ എന്നിവരുടെ വരവ് ഹൃദ്യമായിരുന്നു. ആദ്യം കടന്നുവന്നത് ഹേമന്ത് ദാ ആയിരുന്നു. ലതയോടൊപ്പമാണ് ഗീതാദത്ത് വന്നത്. രാജകുമാരിയും ഷംസദ് ബീഗവും സൊഹ്റാഭായിയും പതുക്കെ പിന്നിലാവുകയായിരുന്നു. നൂർജഹാൻ, പാകിസ്താനിലേക്കുപോയി. നടിയും ഗായികയുമായ സുരയ്യ തിരക്കുകാരണം, ലതയെ പിന്നണി പാടാൻ ക്ഷണിച്ചു. മികച്ച ഗായികയായിരുന്നിട്ടും ഗീതാദത്ത് ജീവിതത്തിലെ തിരിച്ചടികളാൽ തന്റെ സിദ്ധിയെ ഉപേക്ഷിച്ചു. സംഗീതത്തിന്റെ ശില്പങ്ങൾ നിർമിച്ചവർക്ക് വരമായിരുന്നു ലതയുടെ നാദം. നൗഷാദ്, സജ്ജദ് ഹുസൈൻ, ഹേമന്ത് കുമാർ, റോഷൻ, സി. രാമചന്ദ്ര, ഖയാം, എസ്.ഡി. ബർമൻ, മദൻമോഹൻ, ആർ.ഡി. ബർമൻ മുതൽ എ.ആർ. റഹ്മാൻ വരെ ആ സ്വരത്തിന്റെ മഹത്ത്വത്തിൽ ശില്പങ്ങൾ നിർമിച്ചു. ശങ്കർ ജയ്കിഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്ജി എന്നീ ഇരട്ടകളുടെ സംഗീതജീവിതം ലതയുടെയും റഫിയുടെയും നാദത്തിന്റെ കൂടെയായിരുന്നു. നാല്പതുകളിൽ 230 ഗാനങ്ങൾ മാത്രം പാടിയ ലത അമ്പതുകളിൽ 1875 ഗാനങ്ങൾക്കാണ് ജീവൻ നൽകിയത്. അടുത്ത 20 കൊല്ലം അത് 2365 ഗാനങ്ങളായി ഉയർന്നു. ഇത് ഹിന്ദിയിലെ മാത്രം കണക്കാണ്. അമ്പതുകൾ മുതൽ '70-കൾ വരെ ലതാജി ദിവസവും റെക്കോഡ് ചെയ്തു. ഒരു ദിവസം ഏഴ് റെക്കോഡിങ്ങുകൾവരെ നടത്തി. 204 നായികമാർ അവരുടെ പാട്ടുകൾക്കൊപ്പം വേഷമണിഞ്ഞു. ചലച്ചിത്രങ്ങളുടെ വിജയഘടകം ലതയുടെ ശബ്ദമായി. പണ്ഡിറ്റ് രവിശങ്കർ അനുരാധയിലെ എല്ലാ ഗാനങ്ങളും പാടിച്ചത് സംഗീതലോകം അദ്ഭുതാദരങ്ങളോടെയാണ് വീക്ഷിച്ചത്. ലതാജി, ഇന്ത്യൻ സംഗീതത്തിന്റെ ഒരു പ്രതീകമായി മാറുകയായിരുന്നു. മെലഡി, റേഞ്ച്, നൈസർഗികത, മികച്ച ശാസ്ത്രീയാടിസ്ഥാനം, എല്ലാറ്റിനുമുപരി നാദത്തിന്റെ സാർവജനീനത ആർക്കും നിഷേധിക്കാനാവുമായിരുന്നില്ല. സൗമ്യഗാനങ്ങളിൽ അവർ യുവത്വം നിറച്ചു. ആഹ്ലാദാവസ്ഥകൾ കണ്ണാടിപോലെ തിളങ്ങി. വിഷാദത്തിന്റെ ഗരിമകൾ രുചികരമായിരുന്നു. ഗസലും ശാസ്ത്രീയാലാപനവും വേണ്ട സന്ദർഭങ്ങളിൽ ലതയെ അല്ലാതെ മറ്റൊരു ഗായികയെ ചിന്തിക്കാനാവുമായിരുന്നില്ല. ഇന്ത്യ മാത്രമല്ല, പുറംലോകവും ലതാജിയിലൂടെ പാട്ടിന്റെ മല്ലീശ്വരൻ മുടികൾ കണ്ടു. ജയ്ദേവിന്റെ സംഗീതത്തിൽ ലതയ്ക്കുവേണ്ടി 'അല്ലാഹ് തേരേ നാം, ഈശ്വർ തേരേ നാം...' എന്നെഴുതിയ സഹീർ ലുധിയാൻവിയോട് ഒരഭിമുഖകാരൻ ചോദിക്കുന്നു: ''ഇതുവരെ കേട്ടതിൽ ലതയുടെ ഏതു പാട്ടിനോടാണ് പ്രിയം.'' ഈ ചോദ്യം ലതയുടെ ഗാനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ലുധിയാൻവിയുടെ മറുപടി. നൗഷാദ് ഭായിക്ക് മാത്രമുണ്ടാവും ലതയുടെ നൂറുകണക്കിന് ഹിറ്റ്ഗാനങ്ങൾ. മദൻമോഹൻജി... ഓ...ഹോ...ഓഹോ..., ഒരോ പാട്ടും അനശ്വരസ്മാരകമാണ്. രാമചന്ദ്ര, ഹേമന്ത്, ബർമൻദാ, സജ്ജാദ്ഭായി, റോഷൻ എന്നിവരുടെ ഗാനശേഖരത്തിൽ നിന്നുപോലും നിങ്ങൾക്ക് പത്തെണ്ണം തിരഞ്ഞെടുക്കാനാവില്ല. ഞങ്ങൾ ലതാജിക്കും റഫിസാഹിബിനുമൊക്കെ വേണ്ടി എഴുതുകയാണ്. അവർ അതുകൊണ്ട് ശില്പമുണ്ടാക്കുന്നു. ഇതുകേൾക്കുമ്പോൾ നമ്മുടെ ഉള്ളിലും ഒരു ഗാലറിയിൽ നില്പുണ്ടാകും -ഷക്കീൽ ബദായ്നി, ശൈലേന്ദ്ര, ആനന്ദ് ബായി, മജ്റൂഫ് സുൽത്താർപുരി, ഹസ്രത്ത്ജയ്പുരി, രാജേന്ദ്രകിഷൻ, ഗുൽസാർ... ഭാവനാലോകത്തിലെ യക്ഷകിന്നരന്മാർ. ലതാജി അവരുടെ വാക്കുകൾക്ക് ആത്മശുശ്രൂഷ ചെയ്തു. ലതാജിയുടെപാട്ടിലെത്തുമ്പോഴാണ് വഴി പിന്നെയും നീളുകയാണെന്ന് നാമറിയുന്നത്. അവരുടെ പാട്ടിന്റെ ഒഴുക്കിനൊപ്പം തലമുറകൾ മാറിമാറി വളർന്നു. റഫി, മുകേഷ്, കിഷോർ എന്നീ ട്രിനിറ്റികളോടൊപ്പം നമ്മുടെ സംഗീതലോകത്തെ വിസ്തൃതമാക്കിയ ലതാജി അവരുടെ മക്കളായ നിതിൻ മുകേഷിനും അമിത് കുമാറിനുമൊപ്പം പാടി. നൂതനും തനൂജയ്ക്കും മകൾ കജോളിനുംവേണ്ടി പാടി. ഇന്ത്യയുടെ അതിരുകൾക്കപ്പുറം എം.എസ്. സുബ്ബലക്ഷ്മിയാണ് ആദ്യം എത്തിയതെങ്കിലും ലതാജിയാണ് ആകാശങ്ങൾ വിസ്തൃതമാക്കിയത്. 1963-ലെ റിപ്പബ്ലിക്ദിനം രാംലീലാ മൈതാനത്ത് സി. രാമചന്ദ്രയുടെ നേതൃത്വത്തിൽ സംഗീതപരിപാടി കവി പ്രദീപിന്റെ ദേശാഭിമാനത്തിൽ ചാലിച്ചെടുത്ത പ്രിയപ്പെട്ട കവിത ലതാ മങ്കേഷ്കർ പാടുന്നു. 'അയ്മേരെ വതൻ കി ലോഗോം...' ആ ഗാനം കന്യാകുമാരിയിലെ കടലാഴങ്ങളിൽ ചേരുന്നു. ലഡാക്കിലെ ബാരക്കുകളിലും അരുണാചലിലെ ട്രഞ്ചുകളിലും അതിന്റെ ഹൃദയം പ്രകമ്പനം കൊള്ളുന്നു. അന്ന് പണ്ഡിറ്റ് നെഹ്രു പറഞ്ഞു: ''ലതാ നീ യെന്നെ കരയിച്ചുവല്ലോ.'' നനവുണ്ടായിരുന്നോ ആ കണ്ണുകളിൽ?.... ഇപ്പോൾ ലതാജി എല്ലാവരെയും കരയിച്ചിരിക്കുന്നു... ''രഹനാ രഹേഹം മെഹ്കാ കരേംഗെ ബൻകെകലി ബൻകാസബാ ബാഗെ വഫാമെം' (മമത) ''ജീവിച്ചിരുന്നാലും ഇല്ലെങ്കിലും സുഗന്ധം പരത്തിക്കൊണ്ടേയിരിക്കും. ഒരു പൂമൊട്ടായി, പൂവായി, ഓർമകളുടെ പൂവനത്തിൽ...'' Content Highilights : Lata Mangeshkar and her music directors, Songs of Lata Mangeshkar
from movies and music rss https://ift.tt/CZ0A6Gl
via IFTTT
No comments:
Post a Comment