Sunday, February 6, 2022

മദൻ മോഹൻ കണ്ടെത്തി, ലതയുടെ ശബ്ദത്തിലെ നി​ഗൂഢസൗന്ദര്യം

ലതയ്ക്കുവേണ്ടി സൃഷ്ടിച്ച ഒരൊറ്റ ഗാനത്തിനായി സ്വന്തം സൃഷ്ടികൾ മുഴുവൻ കൈമാറാൻ ഒരുക്കമാണെന്ന് തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട് സംഗീത സംവിധായകൻ നൗഷാദ്. അൻപട് എന്ന ചിത്രത്തിൽ മദൻമോഹൻ ചിട്ടപ്പെടുത്തിയ ആപ് കി നസരോം നേ സംജാ ആണ് ഹിന്ദി സിനിമാ സംഗീതത്തിലെ കുലപതിയെ വിസ്മയിപ്പിച്ച ആ അമൂല്യഗാനം. ഞാൻ ഉൾപ്പെടെയുള്ള മറ്റ് സംഗീതസംവിധായകർക്കൊന്നും കാണാൻ കഴിയാതെ പോയ എന്തോ ഒരു നിഗൂഢ സൗന്ദര്യമാണ് ലതയുടെ ശബ്ദത്തിൽ മദൻ മോഹൻ കണ്ടെത്തിയത് -1980-കളിൽ ഇന്ത്യൻ എക്സ്പ്ര സിന് നൽകിയ ഒരഭിമുഖത്തിൽ നൗഷാദ് പറഞ്ഞു. നൗഷാദിന്റെ സമകാലീനർക്കും ഉണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം. ''ലത മദൻമോഹന് വേണ്ടിയോ മദൻ മോഹൻ ലതയ്ക്കുവേണ്ടിയോ സൃഷ്ടിക്കപ്പെട്ടത്'' എന്ന് ആശ്ചര്യംപൂണ്ടത് മറ്റൊരു വിഖ്യാത സംഗീതശില്പിയാണ് ഇന്ത്യയുടെ വാനമ്പാടിയെ സ്വന്തം സംഗീതഭൂമികയിൽ നിന്നേ അകറ്റിനിർത്തിയ ഓംകാർ പ്രസാദ് നയ്യാർ. ''എനിക്കുവേണ്ടി പാടിയില്ല എന്നതുകൊണ്ട് ലതയുടെ മഹത്ത്വം ഒരിക്കലും കുറയുന്നില്ല. മദൻമോഹനുവേണ്ടി ലത പാടിയ പാട്ടുകളുടെ വലിയൊരു ആരാധകനാണ് ഞാൻ.'' -ലതയോടുള്ള അനിഷ്ടം മരണംവരെ കൊണ്ടുനടന്ന നയ്യാർ ഒരിക്കൽ പറഞ്ഞു. ലതയുടെ ശബ്ദത്തിലെ പ്രണയവും പ്രണയഭംഗവും വിഷാദമാധുര്യവും മദൻ മോഹനെപ്പോലെ സ്വന്തം ഗാനങ്ങളിലേക്ക് ഔചിത്യപൂർവം ആവാഹിച്ച മറ്റൊരു സംഗീതസംവിധായകൻ ഉണ്ടോ എന്ന് സംശയം. സുദൃഢവും സുന്ദരവുമായ ആ സംഗീതബന്ധത്തിൽ പിറന്ന അനശ്വര കാവ്യഗീതികൾ ഓരോന്നും അതീവഹൃദ്യം: ലഗ് ജാ ഗലേ കി ഫിർ യേ ഹസീ രാത് ഹോ ന ഹോ, നൈനാ ബർസെ രിംജിം രിംജിം (വോ കോൻ ഥി), സരാസി ആഹട് ഹോതി ഹേ തോ ദിൽ സോച്താ ഹേ (ഹഖീഖത്), യൂ ഹസ്രതോം കേ ദാഗ് (അദാലത്), നൈനോം മേ ബദ്രാ ഛായെ (മേരെ സനം), ന തും ബേവഫാ (ഏക് കലി മുസ്കയീ), രുകേ രുകേ സെ കദം (മൗസം) ഇന്ത്യൻ സിനിമയിൽ കേട്ട ഏറ്റവും ഉദാത്തമായ ഗസലുകളായി വാഴ്ത്തപ്പെടുന്നു ഈ പാട്ടുകളെല്ലാം. മദൻ മോഹനിലെ സംഗീത സംവിധായകനെയല്ല ലത ആദ്യം പരിചയപ്പെട്ടത്. ഗായകനെയാണ്. ശഹീദ്(1949) എന്ന സിനിമയിൽ ഗുലാം ഹൈദറിന്റെ ഈണത്തിൽ ഒരു യുഗ്മഗാനം പാടാൻ എത്തിയതായിരുന്നു മദൻ. ''കാഴ്ചയിൽ പട്ടാളക്കാരനെപ്പോലെ തോന്നും. പക്ഷേ, അതീവ വിനയത്തോടെയാണ് സംസാരം.''-ആദ്യ കൂടിക്കാഴ്ച പിന്നീട് ലത ഓർത്തെടുത്തത് ഇങ്ങനെ. ''ചെറിയൊരു പരിഭ്രമമുണ്ടായിരുന്നോ മുഖത്ത് എന്ന് സംശയം. പക്ഷേ, മനോഹരമായിത്തന്നെ പാട്ട് പാടിത്തീർത്തു അദ്ദേഹം. റെക്കോഡിങ് കഴിഞ്ഞയുടൻ ആദ്യം എന്നെ വന്ന് അഭിനന്ദിച്ചതും അദ്ദേഹം തന്നെ. ഒപ്പം ഒരു അപേക്ഷയും സമർപ്പിച്ചു മദൻ ഭയ്യ: അടുത്തുതന്നെ ഞാൻ ഒരു സിനിമയ്ക്ക് സംഗീതസംവിധാനം നിർവഹിക്കും. അതിൽ ഗായികയായി ലതയും ഉണ്ടാകണം'' എന്ന്. ശഹീദിൽ ലതയും മദൻ മോഹനും പാടി റെക്കോഡ് ചെയ്ത പാട്ടിന്റെ തുടക്കം ഇതാണ്: പിൻജരെ മേ ബുൽബുൽ ബോലേ മേരാ ഛോട്ടാ സാ ദിൽ ഡോലെ. സഹോദരീ സഹോദരന്മാർ തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചായിരുന്നു ഖമർ ജലാലാബാദിയുടെ വരികൾ. വിധിനിയോഗം പോലെ പിൽക്കാല ജീവിതത്തിലും ആ രക്തബന്ധം കാത്തുസൂക്ഷിച്ചു ഗായികയും സംഗീതസംവിധായകനും. മദൻ മോഹനെപ്പോലെ ലതയെ മനസ്സിൽക്കണ്ട് ഈണങ്ങൾ സൃഷ്ടിച്ച സംഗീതശില്പിയാണ് ചിതൽക്കർ രാമചന്ദ്രയും. അനാർക്കലിയിലെ യെ സിന്ദഗി ഉസീ കി ഹേ എന്ന ഒരൊറ്റ ഗാനം മതി ഈ കൂട്ടുകെട്ടിന്റെ മാറ്ററിയാൻ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും തികവാർന്ന ഗാനശില്പങ്ങളിൽ ഒന്നായി ഈ പാട്ടിനെ വിശേഷിപ്പിച്ചിട്ടുണ്ട് അമീൻ സയാനിയെ പോലുള്ളവർ. അബ്ദുൾ ഹലീം ജാഫർ ഖാന്റെ സിത്താറും ലതാജിയുടെ ഭാവതീവ്രമായ ആലാപനവും ചേർന്ന് സൃഷ്ടിച്ച അലൗകിക നാദപ്രപഞ്ചത്തിൽ അറിയാതെ മുഴുകിപ്പോകാത്ത ആരുണ്ട്? ഒരു ഘട്ടത്തിൽ ലതയുടെ പ്രണയകഥയിലെ നായകനായിപ്പോലും രാമചന്ദ്രയെ ചിത്രീകരിച്ചു സിനിമാ വാരികകൾ. അത് സത്യമായാലും അല്ലെങ്കിലും ഇരുവരും ചേർന്ന് സൃഷ്ടിച്ച ഗാനങ്ങളിൽ എല്ലാമുണ്ട് പ്രണയത്തിന്റെ മോഹിപ്പിക്കുന്ന സുഗന്ധം: മൊഹബ്ബത് ഐസി ധഡ്കൻ ഹേ, കിത്നാ ഹസീ ഹേ മൗസം (രാമചന്ദ്രയോടൊപ്പം), നാ ബോലേ നാ ബോലേ... ലതാജിയുടെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രേതര ഗാനം പണ്ഡിറ്റ്ജിയെപ്പോലും കരയിച്ച ഏ മേരേ വദൻ കേ ലോഗോം ചിട്ടപ്പെടുത്തിയതും രാമചന്ദ്ര തന്നെ. Content Highlights: Lata Mangeshkar passed away,Madan Mohan music director, lata mangeshkars songs of madan mohan

from movies and music rss https://ift.tt/rMNbFq5
via IFTTT

No comments:

Post a Comment