ലതാജി ഇനി ഉറങ്ങട്ടെ... ലോകം മുഴുവനും സാന്ത്വനവും ആശ്വാസവും നൽകി 36 ഭാഷകളിൽ 36,000 ഗാനങ്ങൾക്ക് ആത്മാനുരാഗം പകർന്ന് ഉത്തരധ്രുവവും ദക്ഷിണധ്രുവവും പുൽകിനിൽക്കുന്ന ലോകത്തിന്റെ ഓർമകളിലേക്ക് അമരഗാനങ്ങൾ സമ്മാനിച്ച് ആ വാനമ്പാടി ഭൂമി വിട്ടുപോകുമ്പോൾ വിടപറയാൻ ലതാജി ഹൃദയത്തിൽ കൊണ്ടുനടന്ന ഒരു ഗാനത്തിന്റെ ഈരടികൾ കടമെടുക്കുന്നു... സോജാ രാജകുമാരി... സോജാ... പതിനൊന്നു വയസ്സുള്ളപ്പോൾ ലത കേട്ട വിഷാദഭരിതമായ ശബ്ദമാണ് കെ.എൽ. സൈഗാൾ 1940 ജീവിതം (സിന്തഗി) എന്ന ചിത്രത്തിനുവേണ്ടി പാടിയ ഗാനം. അച്ഛന്റെ നാടകക്കമ്പനിയിൽ പതിനൊന്നാം വയസ്സുമുതൽ പാടിത്തുടങ്ങി. തന്റെ ആലാപനത്തിന്റെ അൻപതാം വർഷം ലതാമങ്കേഷ്കർ ശ്രദ്ധാഞ്ജലി അർപ്പിച്ചത് സൈഗാളിനായിരുന്നു. 'സോജാ രാജകുമാരി' പാടി റെക്കോഡു ചെയ്തുകൊണ്ടുതന്നെ. സൈഗാളിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ലത ആഗ്രഹിച്ചു. എഴുതുകയും ചെയ്തു. ആ ചെറിയ വയസ്സിൽ ജീവിതംതന്നെയായിരുന്നു പ്രശ്നം. അച്ഛൻ ദീനാനാഥ് മങ്കേഷ്കർ സ്വപ്നങ്ങൾ ബാക്കിവെച്ച് വിടവാങ്ങിയപ്പോൾ ലതയ്ക്ക് 13 വയസ്സ്. അച്ഛന്റെ ബാക്കിപത്രം, ഒരു തംബുരു ഒരു നോട്ടുബുക്ക്. അച്ഛൻ നടത്തുന്ന സംഗീതക്ലാസിൽ പൂരിയ ധനാശ്രീരാഗം കുട്ടികൾ തെറ്റിച്ചുപാടിയപ്പോൾ തിരുത്തിയത് ലത. അതുകേട്ടുവന്ന അച്ഛൻ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു: ''നമുക്ക് ഇന്നുതന്നെ പഠനം തുടങ്ങണം.'' തംബുരു മീട്ടി അച്ഛൻ പഠിപ്പിച്ചു. പക്ഷേ, കലങ്ങിമറിഞ്ഞ നദിപോലെയായിരുന്നു ദിനാനാഥിന്റെ ജീവിതം. ഭാര്യയും അഞ്ചുമക്കളുമടങ്ങുന്ന കുടുംബം. ദീനാനാഥിന്റെ നാടകക്കമ്പനിയോടൊപ്പം പലദേശങ്ങളിൽ കഴിഞ്ഞു. ഗോവയിലെ മങ്കേഷിയിൽനിന്നു തുടങ്ങിയ ജീവിതം ഇന്ദോറിൽനിന്ന് പുണെയിലേക്ക് പോയി. പക്ഷേ, നാടകക്കമ്പനി പൊളിഞ്ഞപ്പോൾ കുടുംബം നിലയില്ലാക്കയത്തിലായി. മദ്യത്തിൽ അഭയംതേടിയ അച്ഛൻ ഹൃദയംതകർന്ന് മരിച്ചപ്പോൾ സാംഗളിയിലെ വീട് കടക്കാർ ലേലംചെയ്തെടുത്തു. ആദ്യ ചിത്രത്തിലെ ഗാനവും കയ്പു നിറഞ്ഞതായി. അതിലെ പാട്ട് പുറത്തുവന്നതുപോലുമില്ല. ആദ്യം കോലാപ്പുരിലേക്ക് പോയ കുടുംബം വീണ്ടും വാടകവീടുകൾമാറി. ദീനാനാഥിന്റെ സുഹൃത്തായ സംഗീതജ്ഞൻ വിനായക് റാവു മുംബൈയിലേക്കു പോയപ്പോൾ മങ്കേഷ്കർ കുടുംബത്തെ ഒപ്പംകൂട്ടി. കലാകാരന്മാരുടെ ഒരു താമസസ്ഥലത്ത് ഒറ്റമുറിയിൽ അവർ ജീവിച്ചു. വിനായക് റാവുവിന്റെ കമ്പനി പൊളിഞ്ഞപ്പോൾ ലതയും കുടുംബവും നാനാചൗക്കിലെ ഒറ്റമുറിവീട്ടിൽ കഴിഞ്ഞു. മറാത്തി സിനിമകളിലും നാടകങ്ങളിലും പാടി അഭിനയിച്ച് കിട്ടിയ പണം ഒരു ബാങ്ക് പൊളിഞ്ഞപ്പോൾ പൂർണമായും നഷ്ടപ്പെട്ടു. എല്ലാവഴികളും അടഞ്ഞുപോയ ലതയെ മനുഷ്യസ്നേഹിയായ സംഗീതസംവിധായകൻ ഗുലാം ഹൈദർ പിടിച്ചുനിർത്തി. മജ്ബൂറിൽ (1944) പാട്ടുകൾ നൽകി ഹൈദർ, ആ ഗായികയുടെ ജീവിതത്തിന് തെല്ലെങ്കിലും തെളിച്ചംനൽകി. മജ്ബൂറിലെ ഗാനം ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ ഇരുന്നാണ് ലത മൂളിനോക്കിയത്. തീവണ്ടിയാത്രയ്ക്കിടയിൽ ഒരു സിഗരറ്റ് ടിന്നിൽ താളംപിടിച്ച് ഹൈദർ പാട്ട് ചിട്ടപ്പെടുത്തി. അവർ നേരെ വണ്ടിയിറങ്ങിയത് ബോംബെ ടാക്കീസിന്റെ റെക്കോഡിങ് സ്റ്റുഡിയോയിലേക്കായിരുന്നു. അതായിരുന്നു ലതയുടെ ആദ്യത്തെ അതിജീവനം. ഹൈദർ, ലതയുടെ ജീവിതത്തെ കൈപിടിച്ചുയർത്തിയ ഘട്ടത്തിൽ വിഭജനത്തിന്റെ തെരുവുകളായിരുന്നു ഇന്ത്യ. ഗുലാം ഹൈദർ പാകിസ്താനിലേക്ക് പോയപ്പോൾ മറാത്തി ചിത്രങ്ങളിൽ പാടി ലത പിടിച്ചുനിന്നു. ലതയുടെ ഒരു ജീവചരിത്രകാരൻ എഴുതുന്നു; 'ഈ ഘട്ടത്തിൽ ലത എങ്ങനെ മുന്നോട്ടുപോയി?. സംഗീതത്തെ കൈവിടുകയില്ലെന്ന് ലത ഉറപ്പിച്ചു. നൂർജഹാന്റെ ആരാധികയായതോടെ അവരുടെ ഉറുദു ഉച്ചാരണം പഠിച്ചെടുത്തു. ഭേണ്ടിബസാർ ഘരാനയിലെ വിശ്രുത ഗുരു ഉസ്താദ് അമാനലിഖാന്റെ ശിഷ്യയായി. മഹായാത്രികനായ ഗുരു പുറപ്പെട്ടുപോയപ്പോൾ അമാനത്ത് ഖാൻ ദേശ്വാലയുടെ ശിഷ്യയായി. ആ ഗുരുവിനെ മരണം കൊണ്ടുപോയി. ബഡേഗുലാം അലിഖാന്റെ ശിഷ്യൻ തുളസീദാസ് ശർമയുടെ സവിധത്തിലേക്ക് ലത ചെന്നു. സംഗീതത്തിന്റെ കല്ലുകൾ ഉയർത്തിക്കെട്ടിയ അടിത്തറ ശക്തമാകണമെന്നായിരുന്നു ലതയുടെ വിശ്വാസം. ഈ അടിത്തറയിൽനിന്നാണ് ലത അനായാസം മന്ദ്രസ്ഥായിയിലേക്കും താരസ്ഥായിയിലേക്കും സഞ്ചരിച്ചത്. തന്റെ ശേഷികളെ തേച്ചുമിനുക്കി തിളക്കമുള്ളതാക്കി മാറ്റിയ ആ ഗായികയുടെ സംഗീതജ്ഞാനം അഗാധമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷമാണ് ലതയ്ക്ക് ഇന്ത്യയുടെ ഹൃദയത്തിലേക്ക് ഒരു എൻട്രി ലഭിച്ചത്. ഖേംചന്ദ് പ്രകാശ് 'മഹലി'ലെ ഗാനങ്ങൾ ഒരുക്കിയപ്പോൾ ലതയുടെ ഗാനം റേഡിയോയിലൂടെ ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലൂടെ ഗ്രാമ-നഗരങ്ങളിൽ മുഴങ്ങി. ആയേഗാ, ആയേഗാ, ആയേഗാ ആനേ വാലാ... ആയേഗാ, ആയേഗ... അതു ഇന്ത്യൻ ഗാനപ്രണയികളുടെ ഹൃദയങ്ങളിലേക്കുള്ള ലതയുടെ വിളിയായിരുന്നു. എല്ലാ പ്രതിരോധങ്ങളും തോറ്റ നിമിഷങ്ങളിൽ ലത സ്മൃതിയുടെ നേർത്ത സിരകളിലേക്ക് പടർന്നുകയറി. ഭാഷയുടെ മതിലുകളെ മറികടന്ന് ആ ഗാനം ദക്ഷിണദേശങ്ങളിലും ഡെക്കാനിലും സിന്ധുഗംഗാ തടങ്ങളിലുമെത്തി. ഇന്ത്യൻ സിനിമയിലെ പ്രതിഭാശാലിയായ നൗഷാദ് സാഹബ് ആ സ്വരം കേട്ടു. 'ബൈജു ബാവ്റ'യിൽ ഭൈരവിയിൽ ആർദ്രവിഷാദവുമായി ലത ഇന്ത്യയെ പിടിച്ചടക്കി. 'മൊഹെ ഭൂൽ ഗയേ സാവരിയാ...' പാരമ്പര്യത്തിന്റെ ചേരുവകൾ ലതയിൽ കൈവഴികളായി ഒഴുകിയെത്തി. അച്ഛന്റെ സംഗീതം അഞ്ചുമക്കളും പകർന്നെടുത്തു. അമ്മയുടെ അമ്മ വഴി പാവ്ഗഡിയിലെ ക്ഷേത്രസമുച്ചയത്തിലെ 'ഗർഭാ' നൃത്തത്തിന്റെ നാടോടിശീലുകളും നിറഞ്ഞു. അങ്ങനെ ദേശങ്ങളുടെ ശൈലികളുടെ ചെറുപ്രവാഹങ്ങൾ ചേർന്ന് ലതാജി പിൽക്കാലത്ത് ഒരു മഹാനദിയായി ഒഴുകി. Content Highlights:lata mangeshkar passed away, songs of lata mangeshkar, soja rajakumari song
from movies and music rss https://ift.tt/xcjUYnh
via IFTTT
No comments:
Post a Comment