ലതാ മങ്കേഷ്കറുടെ സ്വർഗീയ സ്വരമാധുരിയുടെ തണലിൽ ജീവിതം വീണ്ടെടുത്തവരുണ്ട്; മരണത്തെ പുൽകിയവരും. 'ഇൻ സെർച്ച് ഓഫ് ലത' എന്ന പുസ്തകത്തിൽ ലതാജിയുടെ പഴയ പ്രോഗ്രാം മാനേജർ ഹരീഷ് ബിമാനി പങ്കുവെച്ച ഹൃദയസ്പർശിയായ ഓർമ: ഹിന്ദി സിനിമാലോകത്തെ തലമുതിർന്ന നിർമാതാവും സംവിധായകനുമായ മെഹബൂബ് ഖാൻ ഗുരുതരമായ അസുഖം ബാധിച്ച് ലോസ് ആഞ്ജലിസിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. രോഗവിവരം ആരായാൻ മുംബൈയിൽനിന്ന് ഫോൺ വിളിച്ച ലതയോട് ഖാൻസാബ് ക്ഷീണിതമായ ശബ്ദത്തിൽ പറഞ്ഞു: ''ചോരി ചോരിയിലെ 'രസിക് ബൽമാ' എന്ന പാട്ട് പാടിത്തരണം എനിക്ക്. ഞാൻ അതുകേട്ട് എല്ലാം മറന്നൊന്ന് മയങ്ങട്ടെ.'' സസന്തോഷം ലതാജി പാടി; തുടർച്ചയായി ഏഴു ദിവസം. വൻകരകൾ താണ്ടി എത്തിയ ആ നാദസൗഭഗത്തിൽ സ്വയം മറന്നലിഞ്ഞ് മെഹബൂബ് ഖാൻ രോഗവിമുക്തി നേടിയതും പൂർവാധികം ആരോഗ്യവാനായി നാട്ടിൽ തിരിച്ചെത്തിയതും പിൽക്കാല കഥ. ''ദൈവം ലതാജിയുടെ ശബ്ദത്തിൽ പാടുന്നു'' -പിന്നീടൊരിക്കൽ ഖാൻസാബ് പറഞ്ഞു. നേരെ മറിച്ചായിരുന്നു ഗുലാം മുഹമ്മദിന്റെ അനുഭവം. പ്രതിഭയുണ്ടായിട്ടും ഹിന്ദി സിനിമയുടെ പുറമ്പോക്കിൽ ചെന്നൊടുങ്ങാൻ വിധിക്കപ്പെട്ട നിർഭാഗ്യവാനായ ഈ സംഗീതസംവിധായകൻ ആഗ്രഹിച്ചത് ലതയുടെ പാട്ടുകൾ കേട്ടു മരിക്കാനാണ്. കാലം അദ്ദേഹത്തിനായി കരുതിവെച്ചതും അതേ നിയോഗം തന്നെ. 1960-കളുടെ തുടക്കത്തിൽ ലതയുടെ യൗവനദീപ്തമായ ശബ്ദത്തിന്റെ പിന്തുണയോടെ പക്കീസ എന്ന ചിത്രത്തിനുവേണ്ടി ഒരു പിടി അപൂർവസുന്ദരഗാനങ്ങൾ സൃഷ്ടിക്കുന്നു അദ്ദേഹം. പല കാരണങ്ങളാലും പക്കീസയുടെ ചിത്രീകരണം നീണ്ടുപോയതോടെ ഗുലാം മുഹമ്മദിന്റെ ജീവിതവും വഴിമുട്ടി. ഗതികേടുകൊണ്ടാവാം, കടം വാങ്ങിയ പഴയൊരു ടേപ്പ് റെക്കോഡറിൽ സ്വന്തം പാട്ടുകൾ പകർത്തി അവസരം യാചിച്ചുകൊണ്ട് നിർമാതാക്കളുടെയും സംവിധായകരുടെയും വീടുകൾ കയറിയിറങ്ങേണ്ടി വന്നു അദ്ദേഹത്തിന്. ആർക്കുമുണ്ടായിരുന്നില്ല ഗുലാമിന്റെ കഴിവിൽ വിശ്വാസം. പഴഞ്ചൻ പാട്ടുകൾ എന്നു പറഞ്ഞു അദ്ദേഹത്തെ അപഹസിക്കുകവരെ ചെയ്തു പലരും. ശാരീരികമായും മാനസികമായും ആകെ തളർന്ന ഗുലാം 1968-ഓടെ പൂർണമായും ശയ്യാവലംബിയാകുന്നു. പ്രിയ ഗായിക ലതയ്ക്കുവേണ്ടി താൻ ഹൃദയം നൽകി സൃഷ്ടിച്ച ഗാനങ്ങൾ കണ്ണീരോടെ കേട്ടുകൊണ്ട് അധികം വൈകാതെ മരണത്തിന് കീഴടങ്ങുന്നു അദ്ദേഹം. നാലുവർഷം കഴിഞ്ഞു പടം പുറത്തുവന്നതും അതിലെ ഗാനങ്ങൾ ക്ളാസിക്കുകളായി ഉദ്ഘോഷിക്കപ്പെട്ടതും പിന്നീടുള്ള കഥ. ഇൻഹി ലോഗോം നേ, ചൽത്തേ ചൽത്തേ, മൗസം ഹേ ആശിഖാന, താരേ രഹിയോ, ചലോ ദിൽദാർ ചലോ (റഫിയോടൊപ്പം).... മീനാകുമാരിക്ക് വേണ്ടി ലത പാടിയ പക്കീസയിലെ ഏതു പാട്ടാണ് മറക്കാനാകുക? ലതയ്ക്ക് തന്റെ സിനിമാ ജീവിതത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ഗാനം സമ്മാനിച്ച ഖേംചന്ദ് പ്രകാശ് എന്ന സംഗീതസംവിധായകനെ കാത്തിരുന്നതും ഇതേ വിധിതന്നെ. മഹൽ(1949) എന്ന സിനിമയിലെ ആയേഗാ ആനേവാലാ എന്ന ഗാനം ലതയ്ക്കെന്നപോലെ ഖേംചന്ദിനും വലിയൊരു ബ്രേക്ക് ആകേണ്ടതായിരുന്നു. പക്ഷേ, പടം പുറത്തിറങ്ങുന്നതിന് രണ്ടുമാസം മുമ്പ്, 1949 ഓഗസ്റ്റ് 10-ന് അദ്ദേഹം കരൾ രോഗത്തിന് കീഴടങ്ങി. ദുരിതമയമായിരുന്നു ഖേംചന്ദിന്റെയും അവസാനനാളുകൾ. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ അതിന്റെ പൂർണതയ്ക്കുവേണ്ടി ഖേംചന്ദ്ജി സഹിച്ച ത്യാഗങ്ങളാണ് ഓർമവരുക. ലതയുടെ വാക്കുകൾ: ''വിദൂരതയിൽനിന്ന് പാട്ട് ഒഴുകിവരുന്ന എഫക്ട് കിട്ടാൻ വേണ്ടി, പാടിക്കൊണ്ട് മൈക്രോഫോണിനു മുന്നിലേക്ക് മെല്ലെ നടന്നുവരാൻ എന്നോട് ആവശ്യപ്പെട്ടു അദ്ദേഹം. ആദ്യം മടിയായിരുന്നു എനിക്ക്. പക്ഷേ, പാട്ട് റെക്കോഡ് ചെയ്തു കേട്ടപ്പോൾ ആ പ്രതിഭാവിലാസത്തിനു മുന്നിൽ നമിച്ചുപോയി. ഏതു നവീന സാങ്കേതികതയോടും കിടപിടിക്കുന്ന ശ്രവ്യാനുഭവം.'' ഏഴുപതിറ്റാണ്ടിനിടെ, അങ്ങനെ എത്രയെത്ര നിത്യസുന്ദരഗാനങ്ങൾ. ആ പാട്ടുകൾക്ക് പിന്നിലെ കണ്ണീരും കിനാവും ഇന്ന് ചരിത്രത്തിന്റെ ഭാഗം. ലതയുടെ ശബ്ദം ഒരിക്കലെങ്കിലും കാതിൽ വന്നുവീഴാത്ത ദിനങ്ങൾ അപൂർവമാണ് ഇന്ത്യക്കാരന്റെ ജീവിതത്തിൽ. ടെലിവിഷനിലൂടെ, റേഡിയോയിലൂടെ, ഇന്റർനെറ്റിലൂടെ, മൊബൈൽ ഫോണുകളിലൂടെ, മൾട്ടിവാട്സ് സ്പീക്കറുകളിലൂടെ അത് പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. ''ലോകം നിനക്കുവേണ്ടി കാതോർക്കുന്ന കാലം വരും'' -1949-ൽ ചാന്ദ്നി രാത് എന്ന ചിത്രത്തിൽ തനിക്കുവേണ്ടി ആദ്യമായി പാടാനെത്തിയ 20-കാരിയോട് നൗഷാദ് പറഞ്ഞു. എത്ര പ്രവചനാത്മകമായിരുന്നു ആ വാക്കുകൾ! ചാന്ദ്നി രാത്തി(1949) -ൽ ശബ്ദപരിശോധനയ്ക്ക് നൗഷാദ് ക്ഷണിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയതാണ് ലത. ആത്മവിശ്വാസക്കുറവ് തന്നെ കാരണം. ഒടുവിൽ മുകേഷിന്റെ ശുപാർശ വേണ്ടിവന്നു ലതയെ റെക്കോഡിങ് സ്റ്റുഡിയോയിൽ എത്തിക്കാൻ. തൊട്ടുമുമ്പ് പുറത്തിറങ്ങിയ ലാഹോർ എന്ന ചിത്രത്തിൽ ശ്യാംസുന്ദർ തനിക്കുവേണ്ടി ചിട്ടപ്പെടുത്തിയ ഒരു ഗസൽ ആണ് അന്ന് ലത നൗഷാദിനെ പാടിക്കേൾപ്പിച്ചത്. പാട്ട് ആസ്വദിച്ചുകേട്ട നൗഷാദ് പുതിയചിത്രത്തിൽ ജി.എം. ദുറാനിക്കൊപ്പം ഒരു യുഗ്മഗാനം പാടാൻ അവസരം നൽകി പുതുഗായികയ്ക്ക്; ഒപ്പം വിലപ്പെട്ട രണ്ടുപദേശങ്ങളും ഉറുദു ഉച്ചാരണം മെച്ചപ്പെടുത്തുക; നൂർജഹാനെ അനുകരിക്കാതിരിക്കുക. ഉപദേശങ്ങൾ രണ്ടും ശിരസ്സാവഹിച്ചു ലത. മൊഹെ ഭൂൽ ഗയേ സാവരിയാ (ബൈജു ബാവരാ), നാ മിൽത്താ ഗം തോ ബർബാദി(അമർ), നഗരി നഗരി ദ്വാരേ ദ്വാരേ (മദർ ഇന്ത്യ), പ്യാർ കിയാ തോ ഡർനാ ക്യാ, മോഹെ പൻഘട്ട് പേ, മൊഹബ്ബത് കി ജൂട്ടി (മുഗൾ എ അസം), ഡൂംഡോ ഡൂംഡോ രേ സാജ്നാ (ഗംഗാ ജംനാ), ഉഡായേജാ ഉൻകേ സിതം (അന്ദാസ്). എല്ലാം നൗഷാദിന്റെ ഈണത്തിൽ ലത പാടിയ നിത്യസുന്ദര ഗാനങ്ങൾ. ബഹുമതികൾ 1. ഭാരത രത്ന (2001 ) 2. പദ്മഭൂഷൺ (1969) 3. പദ്മവിഭൂഷൺ ( 1999 ) 4. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം (1990 ) 5. ഫ്രാൻസ് പരമോന്നത സിവിലിയൻ ബഹുമതിയായ ഓഫീസർ ഓഫ് ലീജിയൻ ഓഫ് ഓണർ ( 2007 ) Content Highlights: Lata Mageshkar passed away,beautiful songs of lata mangeshkar, music director noushad
from movies and music rss https://ift.tt/4uWVBC8
via IFTTT
No comments:
Post a Comment