Monday, February 7, 2022

വിജയ്, സിനിമയല്ല രാഷ്ട്രീയം 

സിനിമയും രാഷ്ട്രീയവും ഇഴചേർന്നതാണ് തമിഴ്നാട് രാഷ്ട്രീയം. എം.ജി.ആറും കരുണാനിധിയും ജയലളിതയും വിജയകാന്തും കമൽഹാസനുമൊക്കെ ഇതിനുദാഹരണം. രജനീകാന്ത് രാഷ്ട്രീയത്തിലെത്തുമെന്ന് മുറവിളികൂട്ടി ഒടുവിൽ തന്ത്രപരമായി തലയൂരി. വിജയകാന്തിന്റെ പാർട്ടി പുലിയെപ്പോലെവന്ന് എലിയെപ്പോലെ പതുങ്ങിയ മട്ടാണ്. കമൽഹാസൻ രാഷ്ട്രീയ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുന്നു. അടുത്തതായി തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു താരമാണ് വിജയ്. ഇളയദളപതി എന്നു വിളിപ്പേരുള്ള വിജയ് രാഷ്ട്രീയത്തിൽ വരുമെന്ന അഭ്യൂഹത്തിന് ഏതാനും വർഷത്തെ പഴക്കമുണ്ട്. പലപ്പോഴായി അതിനുള്ള സൂചനകൾ അദ്ദേഹം നൽകിയതുമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ വിജയ് സൈക്കിളിൽ ബൂത്തിൽ എത്തിയപ്പോഴുണ്ടായ വ്യാഖ്യാനങ്ങൾ ചെറുതായിരുന്നില്ല. ഇന്ധനവില വർധനയിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധമായി വരെ അതു വിലയിരുത്തപ്പെട്ടു. അതിനുള്ള വിജയിന്റെ ഉത്തരം മൗനമായിരുന്നുവെങ്കിലും അദ്ദേഹമത് നിഷേധിച്ചില്ല എന്നതും ശ്രദ്ധേയം. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണ് വിജയ് എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. അദ്ദേഹത്തിന്റെ സമീപകാല സിനിമകളിൽ അതു പ്രകടമാണ്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലൂന്നിയുള്ള സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെയാണ് വിജയ്ക്കും രാഷ്ട്രീയ നിറം ലഭിക്കുന്നത്. ഏതാനും വർഷങ്ങൾക്കിടയിൽ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം പരിശോധിച്ചാൽ അവയിലടങ്ങിയിരിക്കുന്ന വിവാദ ഭാഗങ്ങൾ വിലയിരുത്താനാവും. സർക്കാർ ഓഡിയോ റിലീസിങിനിടെ താൻ മുഖ്യമന്ത്രിയായാൽ അഭിനയം വിടുമെന്നും ആത്മാർഥസേവനം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത് അഭിനയവും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോകുന്ന കമൽഹാസനെ വിമർശിക്കാനായിരുന്നു. അഴിമതിക്കെതിരെയും ആഞ്ഞടിച്ചു. സർക്കാരിനെ നിശിതമായി വിമർശിച്ചു. മറീനയിൽ ജെല്ലിക്കെട്ടു സമരമുണ്ടായപ്പോൾ പിന്തുണച്ചു. തൂത്തുക്കുടി സ്റ്റെർലൈറ്റ് സമരത്തിനിടെ പോലീസ് വെടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്കു മുന്നിൽ ആശ്വാസദൂതനായെത്തി. ജനാധിപത്യ വ്യവസ്ഥിതി, രാഷ്ട്രീയ അരാജകത്വം, ജാതിയ വേർതിരിവ്, അഴിമതി, ഭരണകൂട നിസ്സംഗത തുടങ്ങിയവയായിരുന്നു അടുത്തകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെ പ്രമേയങ്ങൾ. മെർസൽ കേന്ദ്രസർക്കാരിന്റെ ചരക്കു-സേവന നികുതിയെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെും നിശിതമായി വിമർശിച്ചു. ബി.ജെ.പി. പാളയത്തിൽ നിന്നും എതിർപ്പുകൾ തലപൊക്കി. വിവാദ ഭാഗങ്ങൾ നീക്കിയാണ് പിന്നീട് ചിത്രം പ്രദർശിപ്പിച്ചത്. മാസ്റ്റർ ചിത്രീകരണത്തിനിടെ വിജയിന്റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡു നടന്നതും ചർച്ച ചെയ്യപ്പെട്ട സംഭവമായി. ഫെബ്രുവരിയിൽ നടക്കുന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം കളത്തിലിറങ്ങുന്നുണ്ട്. ഓട്ടോ പൊതുചിഹ്നമാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും രജിസ്റ്റർ ചെയ്ത പാർട്ടിയല്ലെന്ന കാരണത്താൽ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഒക്ടോബറിൽ പഞ്ചായത്ത് തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയ് ഫാൻസ് അസോസിയേഷൻ മികച്ച വിജയം നേടിയത് മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജം പകരുമെന്നുറപ്പാണ്. പല സ്ഥലങ്ങളിലും വിജയ് മക്കൾ ഇയക്കം സ്ഥാനാർഥികൾ എതിരില്ലാതെയാണ് വിജയിച്ചത്. ഇപ്പോൾ പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി വിജയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. വിജയിന്റെ പാർട്ടിയെ പുതുച്ചേരിയിലെത്തിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നു പറയപ്പെടുന്നുണ്ട്. എന്നാൽ ഇതു സംഭവിക്കുമോ എന്നു സംശയമാണ്. വിജയ് ഹിന്ദുവല്ലെന്നും ക്രിസ്ത്യാനിയാണെന്നും പേര് ജോസഫ് ചന്ദ്രശേഖർ വിജയ് എന്നാണ് തുടങ്ങിയ പ്രചാരണങ്ങൾ ചില കക്ഷികൾ നടത്തുന്നുണ്ട്. മതത്തിലേക്കു തളച്ചിട്ട് വിജയിന്റെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമായി ഇതിനെ വിലയിരുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വിജയ് രാഷ്ട്രീയത്തിൽ അതിശക്തനാകുമോയെന്ന് പറയാനാവില്ല. കാരണം സിനിമയല്ല രാഷ്ട്രീയം. രണ്ടിലും രണ്ടു തരത്തിലുള്ള കളികളാണ്. അപാര തൊലിക്കട്ടി കൂടി രാഷ്ട്രീയത്തിൽ ആവശ്യമാണെന്നു കൂടി വിജയ് തിരിച്ചറിയേണ്ട സമയം കൂടിയാണിത്. Content Highlights:Actor Vijay, Tamil Nadu politics, Vijay Cinema, Political statement, Election, party, fans association

from movies and music rss https://ift.tt/Dde8QkL
via IFTTT

No comments:

Post a Comment